ജിഷാ കേസിലെ ശിക്ഷാ വിധി

Posted on: December 15, 2017 6:17 am | Last updated: December 14, 2017 at 11:18 pm
SHARE

നിയമവിദ്യാര്‍ഥിനിയായിരുന്ന പെരുമ്പാവൂരിലെ ജിഷ വധക്കേസിലെ ഏക പ്രതി അമീറുല്‍ ഇസ്‌ലാമിന് കടുത്ത ശിക്ഷയാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിച്ചത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്ന് നിരീക്ഷിച്ച കോടതി ഓരോ കുറ്റത്തിനും പ്രത്യേകം ശിക്ഷയാണ് നിര്‍ദേശിച്ചത്. ഒറ്റമുറി വീട്ടിലേക്ക് അതിക്രമിച്ചു കയറിയ പ്രതി ജിഷയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയെന്ന ചാര്‍ജ് ഷീറ്റില്‍ കൊലപാതകത്തിന് ഐ പി സി 302 വകുപ്പ് പ്രകാരം വധശിക്ഷയും ബലാത്സംഗത്തിന് ജീവപര്യന്തം കഠിന തടവും 25,000 രൂപ പിഴയുമാണ് വിധി. നിര്‍ഭയകേസിന് സമാനമായ സംഭവമായതിനാല്‍ പ്രതിക്ക് വധശിക്ഷ നല്‍കണമെന്നുള്ള പ്രോസിക്യൂഷന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. 2016 ഏപ്രില്‍ 12-നാണ് ജിഷ കൊല്ലപ്പെട്ടത്.
സ്ത്രീകളുടെ അന്തസുയര്‍ത്താന്‍ ഉദ്ദേശിച്ചാണ് വധശിക്ഷ തന്നെ വിധിച്ചതെന്നാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി എന്‍ അനില്‍കുമാര്‍ പറയുന്നത്.

പ്രതിയുടെ സാഹചര്യങ്ങളേക്കാള്‍ നീതിക്കായുള്ള സമൂഹത്തിന്റെ നിലവിളിയാണ് പരിഗണിച്ചത്. സ്ത്രീ പീഡനത്തിനെതിരെ പൊതുവികാരമുയര്‍ത്താന്‍ വിധി ഉപകരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. സംസ്ഥാന രാഷ്ട്രീയത്തെയും ആഭ്യന്തര വകുപ്പിനെയും പിടിച്ചുലച്ച കേസാണിത്. കുറ്റവാളിയെ കണ്ടെത്താനാകാതെ ആഴ്ചകളോളം പഴി കേള്‍ക്കേണ്ടിവന്ന പോലീസ് ഏറെ ആശയക്കുഴപ്പങ്ങള്‍ക്കൊടുവിലാണ് അമീറിനെ പ്രതിയായി കണ്ടെത്തുന്നത്. സാഹചര്യത്തെളിവുകളും ഡി എന്‍ എ ഫലങ്ങളുമാണ് അമീറിനെ കുരുക്കാന്‍ പൊലീസിന് സഹായകരമായത്.

കെട്ടിച്ചമച്ച കേസാണിതെന്നും മലയാളമറിയാത്ത അമീറിനെ കൊണ്ട് തങ്ങളെഴുതിയുണ്ടാക്കിയ കുറ്റപത്രത്തില്‍ ഒപ്പിടുവിച്ചാണ് പോലീസ് തെളിവുണ്ടക്കിയതെന്നുമാണ് പ്രതിക്ക് വേണ്ടി ഹാജറായ അഡ്വ. ബി എ ആളൂര്‍ കോടതിയില്‍ പറഞ്ഞത്. പ്രതിക്ക് ജിഷയെ പരിചയമില്ലെന്ന് ജിഷയുടെ അമ്മയടക്കം വ്യക്തമാക്കിയിട്ടുണ്ട്. കൃത്യത്തിന് ദൃക്‌സാക്ഷികളില്ല. സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവും മാത്രം വെച്ചു വധശിക്ഷ വിധിക്കാനാകില്ല. കൊല നടത്തേണ്ട സാഹചര്യമെന്തെന്ന് വ്യക്തമാക്കാന്‍ പ്രൊസിക്യൂഷന് കഴിഞ്ഞിട്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ നടന്ന കൊലയില്‍ രാഷ്ട്രീയ താത്പര്യമനുസരിച്ചാണ് അന്വേഷണവും അറസ്റ്റുമുണ്ടായതെന്ന് ചൂണ്ടിക്കാട്ടിയ ആളൂര്‍ സൗമ്യ വധക്കേസില്‍ പോലും സുപ്രീം കോടതി വധശിക്ഷ ഒഴിവാക്കിയ കാര്യം സെഷന്‍സ് കോടതി പരിഗണിക്കേണ്ടിയിരുന്നുവെന്നും പറയുന്നു. ശിക്ഷാ വിധിയുടെ വാദത്തിനിടെ പുനഃരന്വേഷണം ആവശ്യപ്പെട്ട് പ്രതി കോടതിക്ക് ഹരജിനല്‍കിയിരുന്നു. അമീറിന് അസമീസ് മാത്രമേ അറിയുകയുള്ളുവെന്നതിനാല്‍ ആ ഭാഷ അറിയുന്നവര്‍ കേസന്വേഷിക്കണമെന്നും അഭിഭാഷകന്‍ ബി എ ആളൂര്‍ ആവശ്യപ്പെട്ടു. ശിക്ഷ വിധിച്ചപ്പോള്‍ പ്രതിഭാഗത്തിന്റെ ഒരു വാദവും കോടതി പരിഗണിച്ചില്ല. പ്രോസിക്യൂഷന്റെ നാക്കായാണ് കോടതി പ്രവര്‍ത്തിച്ചതെന്നായിരുന്നു ശിക്ഷാവിധിയോടുള്ള അഡ്വ. ആളൂരിന്റെ പ്രതികരണം. സര്‍ക്കാറിനെയും പ്രോസിക്യൂഷനെയും പേടിച്ചാണ് കോടതി തീരുമാനമെടുത്തത്. കോടതികള്‍ക്ക് നട്ടെല്ലില്ലെന്നാണ് വിധിപ്രസ്താവം വ്യക്തമാക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.

സ്ത്രീകള്‍ക്കെതിരായ കേസുകളില്‍ കോടതികള്‍ ഇപ്പോള്‍ കടുത്ത ശിക്ഷകള്‍ നല്‍കാന്‍ ശ്രദ്ധിക്കാറുണ്ട്. കോളിളക്കം സൃഷ്ടിച്ച കേസുകളാകുമ്പോള്‍ പ്രത്യേകിച്ചും. ചില ഘട്ടങ്ങളില്‍ നീതിയുടെ താത്പര്യങ്ങളേക്കാള്‍ സമൂഹത്തിന്റെ വികാരമാണോ പരിഗണിക്കുന്നതെന്നു പോലും തോന്നിപ്പോകാറുണ്ട്. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ക്കെതിരെ പൊതുവികാരമുയര്‍ത്താന്‍ ഇത് ഉപകരിക്കുമെന്നും കോടതി അഭിപ്രായപ്പെടുന്നുണ്ടെങ്കിലും ശിക്ഷകളുടെ കാഠിന്യം രാജ്യത്തെ കുറ്റകൃത്യങ്ങള്‍ കുറക്കാന്‍ സഹായിച്ചിട്ടില്ലെന്നാണ് ഔദ്യോഗിക കണക്കുകളും മാധ്യമ റിപ്പോര്‍ട്ടുകളും വ്യക്തമാക്കുന്നത്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുടെ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ അടിക്കടി വര്‍ധിച്ചുവരികയാണ്. ഓരോ 15 മിനിട്ടിലും രാജ്യത്ത് സ്ത്രീകള്‍ ലൈംഗികാതിക്രമത്തിന് ഇരയാകുന്നുണ്ടെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നത്. വീട്ടിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പൊതുവാഹനങ്ങളിലും തൊഴിലിടങ്ങളിലുമുള്‍പ്പെടെ സ്ത്രീകള്‍ പെരുമാറുന്ന എല്ലാ സ്ഥലങ്ങളിലും അവര്‍ അക്രമിക്കപ്പെടുന്നു. ഡല്‍ഹിയിലെ കൂട്ടബലത്സംഗത്തിന് ശേഷം സ്ത്രീകളുടെ സുരക്ഷക്കായി സര്‍ക്കര്‍ ‘നിര്‍ഭയ’ പദ്ധതി കൊണ്ടുവന്നെങ്കിലും ഫലപ്പെടുന്നില്ല. നിയമത്തിന്റെ കാര്‍ക്കശ്യക്കുറവല്ല, സ്ത്രീകളെ ഉപഭോഗ വസ്തുവായി കാണുന്ന പ്രവണതയും മോശമായ സാമൂഹികാന്തരീക്ഷവുമാണ് ഇതിന് കാരണം. മേനകാ ഗാന്ധി അഭിപ്രായപ്പെട്ടത് പോലെ സിനിമകളും സീരിയലുകളും സ്ത്രീകളെ മാന്യമായി ചിത്രീകരിക്കുന്നില്ലെങ്കില്‍ നിയമങ്ങള്‍ ഉദ്ദേശിച്ച ഫലം ചെയ്യില്ല. മഹരാഷ്ട്ര ആഭ്യന്തര മന്ത്രി ആര്‍ ആര്‍ പട്ടീല്‍ പറഞ്ഞത് പരസ്യങ്ങളില്‍ സ്ത്രീകളെ അശ്ലീഷമായി ചിത്രീകരിക്കുന്ന പ്രവണത തുടരുകയാണെങ്കില്‍ ഓരോ വീട്ടിലും ഓരോ പോലീസുകാരനെ നിയമിച്ചാല്‍ പോലും സ്ത്രീകള്‍ക്കെതിരായ അതിക്രമം അവസാനിപ്പിക്കാനാകില്ലെന്നാണ്. മൂല്യച്യൂതിയണ് അടിസ്ഥാന കാരണം. അതിന് പരിഹാരം കാണാതെ സമൂഹത്തിന്റെ താത്കാലിക വികാരത്തിന്റെ അടിസ്ഥനത്തില്‍ കോടതികള്‍ ശിക്ഷക്ക് കാഠിന്യം കൂട്ടുന്നത് നീതിവ്യവസ്ഥയോട് എത്രമാത്രം നീതിപുലര്‍ത്തുമെന്ന് ചിന്തിക്കേണ്ടതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here