ഗുജറാത്തും പ്രധാനമന്ത്രിയുടെ പരിഭ്രാന്തികളും

പ്രധാനമന്ത്രി പാക് ഗൂഢാലോചന സിദ്ധാന്തം പോലുള്ള ആരോപണം ഉന്നയിക്കുമ്പോള്‍ അദ്ദേഹം ഭരണ പ്രാപ്തിയില്ലായ്മയാണ് സ്വയം വെളിപ്പെടുത്തുന്നത്. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷക്ക് വെല്ലുവിളിയാകുംവിധം ഒരു അയല്‍രാജ്യം ഇടപെടുന്നുവെന്നതു പോലുള്ള വിലകുറഞ്ഞ ഒരു രാഷ്ട്രീയ പ്രചാരണതന്ത്രം പയറ്റുന്ന മോദി സ്വയം പരിഹാസ്യനാകുന്നുവെന്നത് മാത്രമല്ല, ഒരു രാജ്യം തന്നെ ലോകത്തിനുമുമ്പില്‍ അപഹാസ്യമാകുകയാണ്. ഹിന്ദുത്വരാഷ്ട്രവാദികളുടെ വിദേ്വഷരാഷ്ട്രീയ പ്രചാരണതന്ത്രങ്ങള്‍ എക്കാലവും സ്വീകരിച്ചിട്ടുള്ള ഇന്ത്യയുടെ അപരത്വനിര്‍മിതിയാണ് 'പാക്കിസ്ഥാന്‍' എന്നത്.
Posted on: December 15, 2017 6:11 am | Last updated: December 14, 2017 at 11:14 pm

ഗുജറാത്ത് തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാന്‍ പാക്കിസ്ഥാന്‍ ഇടപെട്ടെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരോപണം നിന്ദാകരമായ രാഷ്ട്രീയ വിടുവായത്തമാണ്. രാജ്യം ഭരിക്കുന്നവരുടെ വിവേകരാഹിത്യവും വര്‍ഗീയഭ്രാന്തും നയതന്ത്രപരമായ പക്വതയില്ലായ്മയുമാണ് ഇത്തരം പ്രസ്താവനകള്‍ സൂചിപ്പിക്കുന്നത്. നരേന്ദ്രമോദിയുടെ ഈ ആരോപണം അന്താരാഷ്ട്ര സമൂഹത്തിനു മുമ്പില്‍ നയതന്ത്രപരമായ കനത്ത തിരിച്ചടിയും നാണക്കേടുമാണ് ഇന്ത്യക്ക് വരുത്തിവെച്ചിട്ടുള്ളത്. ഗുജറാത്തിലെ തിരഞ്ഞെടുപ്പ് രംഗത്തെ പരാജയഭീതിയാണ് ഇത്തരമൊരു പ്രസ്താവനക്കുപിറകിലെന്ന് കാര്യവിവരമുള്ള എല്ലാവര്‍ക്കും മനസ്സിലാക്കാവുന്നതാണ്.

മോദിയുടെയും ബി ജെ പിയുടെയും കൊട്ടിഘോഷിക്കപ്പെട്ട ഗുജറാത്ത് വികസനം വെറും ഒതളങ്ങ വര്‍ത്തമാനമായിരുന്നുവെന്ന കാര്യം അവിടുത്തെ ജനങ്ങള്‍ തന്നെ അനുഭവങ്ങളിലൂടെ തിരിച്ചറിയുന്നുവെന്നാണ് തിരഞ്ഞെടുപ്പ് രംഗത്തുനിന്നുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വികസനത്തെക്കുറിച്ചുള്ള വാചകമടികളല്ലാതെ ജനങ്ങളുടെ പ്രാഥമിക ആവശ്യങ്ങള്‍കൂടി പരിഹരിക്കാനാവാത്ത ദുരിതാവസ്ഥയാണ് ആ സംസ്ഥാനത്തെങ്ങും നിലനില്‍ക്കുന്നത്. എക്കാലത്തും ബി ജെ പിയെ പിന്തുണച്ചിരുന്ന പട്ടേല്‍ സമുദായം ഉള്‍പ്പെടെ കൃഷിയും മാനുഫാക്ചറിംഗ് വ്യവസായവുമായി ബന്ധപ്പെട്ട് ഉപജീവനം കഴിച്ചുപോകുന്ന ജനവിഭാഗങ്ങള്‍ ജീവിതം മുന്നോട്ടുകൊണ്ടുപോകാനാവാത്ത അവസ്ഥയിലാണ്.

ദളിതുകള്‍ ഉള്‍പ്പെടെ സാമൂഹികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ ദാരിദ്ര്യത്തിലും സംഘപരിവാറിന്റെ അസഹിഷ്ണുതയിലും ഞെരിപിരി കൊള്ളുന്ന അവസ്ഥയാണ്.
ഈയൊരു രോഷജനകമായ സാഹചര്യമാണ് ഹര്‍ദ്ദിക്പട്ടേലിലൂടെയും ജിഗ്നേഷ് മേവാനിയിലൂടെയും ബി ജെ പി വിരുദ്ധ തരംഗമായി ഗുജറാത്തിലെങ്ങും അലയടിക്കുന്നത്. ഇത് മുഖ്യപ്രതിപക്ഷ പാര്‍ടിയായ കോണ്‍ഗ്രസിനനുകൂലമായ സഹചര്യം സൃഷ്ടിച്ചിരിക്കുന്നുവെന്ന പരിഭ്രാന്തിയാണ് അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ വിളിച്ചുപറയുന്നതിലേക്ക് പ്രധാനമന്ത്രിയെ എത്തിച്ചത്. കോണ്‍ഗ്രസ് നേതാക്കള്‍, മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ഉള്‍പ്പെടെയുള്ളവര്‍ പാക്കിസ്ഥാന്‍ ഉദ്യോഗസ്ഥരെയും മറ്റും കണ്ടുവെന്ന നിരുത്തരവാദപരമായ ആരോപണം ഉന്നയിക്കുകയാണ് പ്രധാനമന്ത്രിപദത്തിന്റെ ഗൗരവം മറന്ന് മോദി ചെയ്തത്.
രാജ്യത്തിന്റെ പ്രധാനമന്ത്രി പാക്ക് ഗൂഢാലോചന സിദ്ധാന്തം പോലുള്ള ആരോപണം ഉന്നയിക്കുമ്പോള്‍ അദ്ദേഹം സ്വന്തം ഭരണ പ്രാപ്തിയില്ലായ്മയാണ് സ്വയം വെളിപ്പെടുത്തുന്നത്. സി പി എം ജനറല്‍ സെക്രട്ടറി സീതാറാംയെച്ചൂരി ചോദിച്ചതുപോലെ ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ അങ്ങനെയൊരു പാക്ക് ഇടപെടല്‍ ഉണ്ടായെങ്കില്‍ പ്രധാനമന്ത്രി എന്ന നിലയില്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് രാജ്യത്തോട് വിശദീകരിക്കാന്‍ മോദി ബാധ്യസ്ഥനല്ലേ? രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷക്ക് വെല്ലുവിളിയാകുന്നവിധം ഒരു അയല്‍രാജ്യം ഇടപെടുന്നുവെന്നതു പോലുള്ള വിലകുറഞ്ഞ ഒരു രാഷ്ട്രീയ പ്രചരണതന്ത്രം പയറ്റുന്ന മോദി സ്വയം പരിഹാസ്യനാകുന്നുവെന്നത് മാത്രമല്ല, ഒരു രാജ്യം തന്നെ ലോകത്തിനുമുമ്പില്‍ അപഹാസ്യമാകുകയാണ്. അടിസ്ഥാനരഹിതവും നിരുത്തരവാദപരവുമായ പ്രസ്താവനയാണ് മോദിയുടെ ഭാഗത്തുനിന്നുണ്ടായതെന്നാണ് പാക്കിസ്ഥാന്‍ ഈ സംഭവത്തോട് പ്രതികരിച്ചുകൊണ്ട് പറഞ്ഞത്. ഇന്ത്യയുടെ ആഭ്യന്തര രാഷ്ട്രീയത്തിലേക്ക് പാക്കിസ്ഥാനെ വലിച്ചിഴക്കരുതെന്നും സ്വന്തം കരുത്തില്‍ തിരഞ്ഞെടുപ്പില്‍ ജയിക്കാനാണ് പ്രധാനമന്ത്രിയും പാര്‍ട്ടിയും ശ്രമിക്കേണ്ടതെന്നുമാണ് പാക് വിദേശമന്ത്രാലയ വക്താവ് മുഹമ്മദ് ഫൈസല്‍ പറഞ്ഞത്.

ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ പരാജയഭീതിപൂണ്ട ബി ജെ പി അങ്ങേയറ്റം വര്‍ഗീയധ്രുവീകരണം ഉണ്ടാക്കാനുള്ള ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമാണ് പാക് ഇടപെടലെന്ന നിരുത്തരവാദപരമായ പ്രസ്താവന പ്രധാനമന്ത്രിതന്നെ നടത്തിയതെന്നകാര്യത്തില്‍ ഒരു സംശയവുമില്ല. മോദിക്കെതിരായി മണിശങ്കര്‍അയ്യര്‍ നടത്തിയ പ്രസ്താവനയെ സ്പര്‍ശിച്ചുകൊണ്ട് പാക് ഗൂഢാലോചന ഉണ്ടെന്ന ആരോപണം പ്രചാരണയോഗത്തിലാണ് മോദി ഉന്നയിച്ചത്. മോദി വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാനും ക്ഷുദ്രവികാരങ്ങള്‍ ഇളക്കിവിടാനുമാണ് പാക് ഗൂഢാലോചന എന്ന കഥ മെനഞ്ഞെടുത്ത് പറഞ്ഞത്.
മണിശങ്കര്‍അയ്യര്‍ തന്നെ നീച മനുഷ്യനെന്ന് വിളിക്കുന്നതിന് തലേദിവസം അദ്ദേഹത്തിന്റെ വീട്ടില്‍ മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും ഇന്ത്യയിലെ പാക്കിസ്ഥാന്‍ സ്ഥാനപതിയും പാക്കിസ്ഥാന്റെ മുന്‍ വിദേശകാര്യമന്ത്രിയും രഹസ്യയോഗം നടത്തിയെന്ന് ആരോപിക്കുകയാണ് മോദി ചെയ്തത്. കേട്ടുകേള്‍വിയുടെയും നുണകളുടെയും അടിസ്ഥാനത്തില്‍ രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്‌നം, തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ നിരുത്തരവാദപരമായി ഉന്നയിക്കുന്ന പ്രധാനമന്ത്രി തന്നില്‍ അര്‍പ്പിതമായ ഭരണഘടനാ ഉത്തരവാദിത്വത്തെ കുറ്റകരമായി കൈയൊഴിയുകയാണ് ചെയ്തത്. അദ്ദേഹം വിലകുറഞ്ഞ മൂന്നാംകിട തിരഞ്ഞെടുപ്പ് പ്രചാരകനായി അധഃപ്പതിക്കുകയാണ് ഇത്തരം വാലും തുമ്പുമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്നതിലൂടെ.
അമിത്ഷായും മോദിയും പരാജയബോധം ഏല്‍പിക്കുന്ന വിഭ്രാന്തിയില്‍ നിന്നും അബദ്ധങ്ങള്‍ വിളിച്ചുപറയുകയാണെന്നാണ് കോണ്‍ഗ്രസ് നേതാക്കളും രാഷ്ട്രീയ നിരീക്ഷകരും ഈ സംഭവഗതികളെ വിശകലനം ചെയ്തുകൊണ്ട് പറയുന്നത്. ബിജെ പി. എം പിയായ ശത്രുഘ്‌നന്‍ സിന്‍ഹ മോദിയുടെ വാചാടോപത്തെ പരസ്യമായി വിമര്‍ശിച്ച് രംഗത്തുവരികയുണ്ടായി. തിരഞ്ഞെടുപ്പ് ജയിക്കാന്‍ എന്ത് പരാമര്‍ശവും നടത്താമെന്നാണോയെന്നാണ് ട്വീറ്ററിലൂടെ സിന്‍ഹ ചോദിച്ചത്. അമിത് ഷാ ഒരുപടികൂടി കടന്ന് കോണ്‍ഗ്രസ് നേതാക്കളും പാക് ഉദേ്യാഗസ്ഥരും നടത്തിയ ചര്‍ച്ചയില്‍ മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയും പങ്കെടുത്തുവെന്ന് തട്ടിവിട്ടു. ഗാന്ധിനഗറില്‍ മാധ്യമങ്ങളേട് സംസാരിക്കവെയാണ് വസ്തുതാവിരുദ്ധമായ ആരോപണങ്ങള്‍ അമിത്ഷായും ആവര്‍ത്തിച്ചത്.
കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെയും പ്രധാനമന്ത്രിയുടെയും രാഷ്ട്രീയഗതികേടിന്റെയും വിവേകരാഹിത്യത്തിന്റെയും പ്രതിഫലനമായിട്ടാണ് ഇത്തരം പ്രസ്താവനകളെ വിലയിരുത്തപ്പെടുന്നത്. ഹിന്ദുത്വരാഷ്ട്രവാദികളുടെ വിദേ്വഷരാഷ്ട്രീയ പ്രചാരണതന്ത്രങ്ങള്‍ എക്കാലവും സ്വീകരിച്ചിട്ടുള്ള ഇന്ത്യയുടെ അപരത്വനിര്‍മിതിയാണ് ‘പാക്കിസ്ഥാന്‍’ എന്നത്. പാക്കിസ്ഥാന്‍ എന്നാല്‍ ഹിന്ദുവിരുദ്ധവും ഇന്ത്യാവിരുദ്ധവുമാണെന്നാണ് ആര്‍ എസ് എസ് എക്കാലത്തും പ്രചരിപ്പിച്ചുപോന്നിട്ടുള്ളത്. ഹിന്ദുത്വത്തെ രാഷ്ട്രമായി കാണുന്നവര്‍ തങ്ങളുടെ മതരാഷ്ട്രസ്വത്വത്തിന്റെ എതിര്‍ദിശയില്‍ എക്കാലവും പ്രതിഷ്ഠിച്ചിട്ടുള്ളത് പാക്കിസ്ഥാനെയാണ്. അപരമത വിരോധത്തിലധിഷ്ഠിതമായ ഭൂരിപക്ഷമത ദേശീയതയാണ് മോദിയുടെ ആചാര്യന്മാരായ സവര്‍ക്കറും ഗോള്‍വാള്‍ക്കറുമൊക്കെ മുന്നോട്ടുവെച്ചിട്ടുള്ളത്. ന്യൂനപക്ഷമതങ്ങള്‍ക്കും പാക്കിസ്ഥാനുമെതിരെ ഇന്ത്യന്‍ മനസ്സുകളില്‍ വിദേ്വഷത്തിന്റെ വേലിയേറ്റങ്ങള്‍ സൃഷ്ടിക്കുകയാണ് എക്കാലത്തും ആര്‍ എസ് എസ് ചെയ്തിട്ടുള്ളത്. ആര്‍ എസ് എസിന്റെ വിദ്യാഭാരതി സ്‌കൂളുകളില്‍ ഇന്ത്യയുടെ വിപരീതപദമായി പാക്കിസ്ഥാനെന്ന് പഠിപ്പിക്കുന്നുവെന്ന് അവരുടെ സിലബസ് പരിശോധിച്ച പലരും ചൂണ്ടിക്കാണിക്കുകയുണ്ടായി.

1947-ല്‍ ഇന്ത്യയെയും പാക്കിസ്ഥാനെയും സൃഷ്ടിച്ച വിഭജനവാദത്തിന്റെ സൃഷ്ടിയാണ് ഹിന്ദു മുസ്‌ലിം വര്‍ഗീയതയും പാക്കിസ്ഥാന്‍ വിരോധവും. കൊളോണിയല്‍ ഭരണത്തിന്റെ ദുരന്തപൂര്‍ണമായ പരിണതി എന്ന നിലയിലാണ് ഇന്ത്യാ-പാക് വിഭജനവും നാട്ടുരാജ്യങ്ങളുടെ പ്രശ്‌നവും അവശേഷിപ്പിച്ചുകൊണ്ടുള്ള ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ അധികാരകൈമാറ്റം ഉണ്ടായത്. സ്വാതന്ത്ര്യാനന്തരം കാശ്മീര്‍ പ്രശ്‌നം ഉപയോഗപ്പെടുത്തി ഇന്ത്യാ-പാക്ക് ശത്രുത പടര്‍ത്തുകയാണ് ബ്രിട്ടീഷുകാരെ തുടര്‍ന്ന് ലോകാധിപത്യത്തിലേക്ക് വന്ന അമേരിക്കന്‍ സാമ്രാജ്യത്വം ചെയ്തത്. ഇരുരാജ്യങ്ങളിലെയും ഭരണവര്‍ഗങ്ങള്‍ അമേരിക്കയുടെയും ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ സാമ്രാജ്യത്വ താത്പര്യങ്ങളുടെയും കൈയില്‍കളിച്ചതിന്റെ ഫലം കൂടിയാണ് അതിര്‍ത്തി ഭീകരതയും കാശ്മീര്‍ പ്രശ്‌നവുമെല്ലാം സങ്കീര്‍ണമായി തുടരുന്നത്.
ഇന്ത്യയില്‍ ബി ജെ പിയും ഭരണവര്‍ഗങ്ങളും ചെയ്യുന്നതുപോലെതന്നെ പാക്കിസ്ഥാനില്‍ വര്‍ഗീയവാദികളും ഭരണവര്‍ഗങ്ങളും ഇന്ത്യാ വിരോധം നിരന്തരമായി വളര്‍ത്തി നിലനിര്‍ത്തുന്നുണ്ട്. ദാരിദ്ര്യവും തൊഴിലില്ലായ്മയും ജീവിതപ്രയാസങ്ങളും ഉന്നയിക്കുന്ന ബഹുജനമുന്നേറ്റങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ അവിടുത്തെ വര്‍ഗീയ പാര്‍ട്ടികള്‍ ഇന്ത്യാവിരുദ്ധമായ പാക്ക് ദേശീയവികാരങ്ങളെ സമര്‍ഥമായി ഉപയോഗിക്കുന്നുണ്ട്. പാക്കിസ്ഥാന്‍ ഗൂഢാലോചനയെക്കുറിച്ച് വാചകമടിക്കുന്ന നരേന്ദ്ര മോദി 2015-ല്‍ അഫ്ഗാന്‍ പര്യടനത്തിനിടയിലാണല്ലോ യാതൊരുവിധ മുന്‍തീരുമാനവുമില്ലാതെ നവാഷ്‌ഷെരീഫിന്റെ കൊച്ചുമകളുടെ വിവാഹത്തില്‍ പങ്കെടുത്ത് തിരിച്ചുവന്നത്. ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ മനസ്സിലേക്ക് സങ്കുചിത ദേശീയവികാരങ്ങളും വര്‍ഗീയവികാരങ്ങളും ഇളക്കിവിട്ട് ശത്രുത പടര്‍ത്തുന്നവര്‍ ആഗോള കോര്‍പ്പറേറ്റുകളുടെയും താന്താങ്ങളുടെ രാജ്യങ്ങളിലെ വ്യവസായ കുത്തകകളുടെയും താത്പര്യങ്ങള്‍ക്കു വേണ്ടി രഹസ്യവും പരസ്യവുമായി സംഗമിക്കുകയും കെട്ടിപ്പുണരുകയും ജന്മദിനാശംസകളും മംഗളാശംസകളുമെല്ലാം നേരുകയും ചെയ്യുന്നു.

ഇന്ത്യയെ, പാക്കിസ്ഥാനും ഇന്ത്യയുമായി വെട്ടിമുറിക്കുന്നതിന്റെ ആസൂത്രണത്തില്‍ മുസ്‌ലിം ലീഗിനെന്നപോലെ ഹിന്ദുമഹാസഭക്കും ആര്‍ എസ് എസിനുമുള്ള പങ്ക് അനിഷേധ്യമായൊരു ചരിത്രവസ്തുതയാണ്. പാക് വിരോധത്തിന്റെ ചരിത്രപരമായ വേരുകള്‍ കൊളോണിയല്‍ ശക്തികളുടെ ‘ഭിന്നിപ്പിക്കുക ഭരിക്കുക’ എന്ന ഭരണവര്‍ഗതന്ത്രത്തിലും വിഭജനം ഉണ്ടാക്കിയ വര്‍ഗീയ കലാപങ്ങളിലുമാണ് ആഴ്ന്നുകിടക്കുന്നത്. പത്ത് ലക്ഷത്തിലേറെ മനുഷ്യരുടെ ജീവനാണ് വിഭജനകാലത്തെ വര്‍ഗീയകലാപങ്ങളില്‍ നഷ്ടപ്പെട്ടത്. ബംഗാളിലെ നവഖാലി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ശിരസ്സും ഉടലും വേര്‍പെട്ട മനുഷ്യശരീരങ്ങള്‍ കുമിഞ്ഞുകൂടുകയായിരുന്നു. 1947 മാര്‍ച്ചുമുതല്‍ ആഗസ്ത് വരെ നീണ്ടുനിന്ന കലാപമാണ് പഞ്ചാബിലെ ലാഹോറും അമൃത്‌സറും കേന്ദ്രീകരിച്ച് നടന്നത്.
അധികാര കൈമാറ്റത്തിന്റെയും വിഭജനത്തിന്റെയും നാളുകളില്‍ ആരംഭിച്ച കലാപം ഈ പ്രദേശങ്ങളില്‍ സ്വാതന്ത്ര്യത്തിനു ശേഷവും മാസങ്ങളോളം നീണ്ടുനിന്നു. കലാപത്തെക്കുറിച്ച് അനേ്വഷിച്ച എല്ലാ കമ്മീഷനുകളും ഹിന്ദുമഹാസഭക്കും ആര്‍ എസ് എസിനും ശക്തമായ വേരുകളുള്ള പ്രദേശങ്ങളിലാണ് കലാപങ്ങളും കൂട്ടക്കൊലകളും നടന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഹിന്ദുവര്‍ഗീയവാദികളും മുസ്‌ലിം വര്‍ഗീയവാദികളും ഇന്ത്യയും പാക്കിസ്ഥാനുമായി ചേരിതിരിഞ്ഞ് നടത്തിയ കൂട്ടക്കൊലകളില്‍ ഇരു രാജ്യങ്ങളിലെയും സാധാരണജനങ്ങള്‍ക്ക് ഒരു പങ്കും ഉണ്ടായിരുന്നില്ല. ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെ കൈകളില്‍ കളിച്ച ഹിന്ദുത്വവാദികള്‍ ഇന്ന് ആഗോള മൂലധനശക്തികളുടെയും ഇന്ത്യന്‍ കോര്‍പ്പറേറ്റുകളുടെയും കൈകളില്‍ കളിക്കുകയാണ്. നിരുത്തരവാദപരമായ പ്രസ്താവനകളിലൂടെ വര്‍ഗീയധ്രുവീകരണവും അയല്‍പക്ക രാജ്യങ്ങളുമായുള്ള ശത്രുതയും സൃഷ്ടിച്ച് രാജ്യത്തെ അസ്ഥിരീകരിക്കുകയാണവര്‍.