കീഴ്‌ക്കോടതികളില്‍ നട്ടെല്ലുള്ള ജഡ്ജിമാര്‍ ഇല്ലാതാകുന്നുവെന്ന് അഡ്വ.ആളൂര്‍

Posted on: December 15, 2017 6:50 am | Last updated: December 14, 2017 at 11:10 pm

കൊച്ചി: ജിഷ കേസിലെ വിധിയുമായി ബന്ധപ്പെട്ട് ജഡ്ജിക്കെതിരെ പ്രതിയുടെ അഭിഭാഷകന്‍ ബി എ ആളൂര്‍. രാജ്യത്തെ കീഴ്‌ക്കോടതികളില്‍ നട്ടെല്ലുള്ള ജഡ്ജിമാര്‍ ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്ന് കേസിലെ പ്രതി അമീറുല്‍ ഇസ്‌ലാമിന്റെ അഭിഭാഷകന്‍ ബി എ ആളൂര്‍ പ്രതികരിച്ചു. ജനങ്ങളെയും സര്‍ക്കാറിനെയും ഭയപ്പെടുന്നതുകൊണ്ടാണ് വേണ്ടത്ര തെളിവുകളില്ലാതിരുന്നിട്ടും അമീറുല്‍ ഇസ്‌ലാമിനെ വധശിക്ഷക്ക് വിധിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കീഴ്‌ക്കോടതികള്‍ക്ക് നട്ടെല്ല് നഷ്ടമായെങ്കിലും മേല്‍ക്കോടതികള്‍ക്ക് ആ അവസ്ഥ വന്നിട്ടില്ലെന്ന് സൗമ്യ വധക്കേസിന്റെ വിചാരണാ വേളയില്‍ വ്യക്തമായതാണ്. ഈ സാഹചര്യത്തില്‍ മേല്‍ക്കോടതിയില്‍ അപ്പീല്‍ പോകും. ഇതിന്റെ ഭാഗമായി വിധിയുടെ വിശദാംശങ്ങള്‍ ഹൈക്കോടതിയിലേക്ക് അയച്ചുകൊടുക്കുമെന്നും അമീറിന് നീതി നേടിക്കൊടുക്കാന്‍ ഏതറ്റം വരെയും പോകുമെന്നും വ്യക്തമാക്കിയ അദ്ദേഹം അമീറിന് വധശിക്ഷ വിധിച്ചത് ജനങ്ങള്‍ക്ക് ഇഷ്ടപ്പെടുമെങ്കിലും ഒരു നിരപരാധി ശിക്ഷിക്കപ്പെട്ടത് നീതിദേവതയുടെ മുമ്പില്‍ ചോദ്യചിഹ്നമായി അവശേഷിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.