ആര്‍ കെ നഗര്‍: സ്ഥാനാര്‍ഥികളെ അയോഗ്യരാക്കണമെന്ന ഹരജി തള്ളി

Posted on: December 15, 2017 6:50 am | Last updated: December 14, 2017 at 10:51 pm

ചെന്നൈ: തമിഴ്‌നാട് ആര്‍ കെ നഗര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ എ ഐ എ ഡി എം കെ, ഡി എം കെ, സ്വതന്ത്ര സ്ഥാനാര്‍ഥി ടി ടി വി ദിനകരന്‍ എന്നിവരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി. ബി എസ് പി സ്ഥാനാര്‍ഥി എ സി സത്യമൂര്‍ത്തി സമര്‍പ്പിച്ച ഹരജി ജസ്റ്റിസുമാരായ ശിവജ്ഞാനം, കെ രവിചന്ദ്ര ബാബു എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ചാണ് തള്ളിയത്.
കഴിഞ്ഞ ഏപ്രിലില്‍ പ്രഖ്യാപിച്ച ആര്‍ കെ നഗര്‍ ഉപതിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥികളുടെ തെറ്റായ ഇടപെടലുകളെ തുടര്‍ന്ന് കമ്മീഷന്‍ റദ്ദാക്കിയിരുന്നു.

ഈ സാഹചര്യത്തില്‍ ഇവരുടെ സ്ഥാനാര്‍ഥിത്വം റദ്ദാക്കണമെന്നായിരുന്നു സത്യമൂര്‍ത്തിയുടെ ആവശ്യം. ഈ കുറ്റകൃത്യങ്ങളില്‍ എ ഐ എ ഡി എം കെ സ്ഥാനാര്‍ഥി മധുസൂദനന്‍, ഡി എം കെ സ്ഥാനാര്‍ഥി ഗണേഷ്, സ്വതന്ത്ര സ്ഥാനാര്‍ഥിയും എ ഐ എ ഡി എം കെയില്‍ നിന്ന് പുറത്താക്കപ്പെട്ട നേതാവുമായ ദിനകരന്‍ എന്നിവര്‍ക്ക് പങ്കുണ്ടെന്നാണ് സത്യമൂര്‍ത്തി ചൂണ്ടിക്കാട്ടിയത്.
മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെ തുടര്‍ന്നാണ്് കഴിഞ്ഞ ഏപ്രിലില്‍ ആര്‍ കെ നഗര്‍ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. എന്നാല്‍, തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പണവും സാധനസാമഗ്രികളും വ്യാപകമായി വിതരണം ചെയ്‌തെന്ന് ആരോപണം ഉയര്‍ന്നു. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡില്‍ ആരോഗ്യമന്ത്രി സി വിജയഭാസ്‌കര്‍, സമത്വ മക്കള്‍ കച്ചി സ്ഥാപകന്‍ ആര്‍ ശരത് കുമാര്‍ എന്നിവരുടെ വസതികളില്‍ നിന്ന് വിതരണത്തിന് ഉദ്ദേശിച്ചുള്ള സാധനങ്ങള്‍ പിടിച്ചെടുത്തിരുന്നു.

ആദായ നികുതി വകുപ്പിന്റെ കൂടി ആവശ്യത്തെ തുടര്‍ന്നാണ് ഏപ്രില്‍ ഒമ്പതിന് നടക്കേണ്ടിയിരുന്ന ഉപതിരഞ്ഞെടുപ്പ് റദ്ദാക്കിയത്. ഈ മാസം 21നാണ് ആര്‍ കെ നഗറില്‍ വീണ്ടും ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്.