ഒബാമയുടെ ടോയ്‌ലറ്റ് കഴുകാന്‍ പോലും ട്രംപിന് യോഗ്യതയില്ലെന്ന് യു എസ് എ ടുഡേ

Posted on: December 14, 2017 10:58 pm | Last updated: December 14, 2017 at 10:58 pm

വാഷിംഗ്ടണ്‍: യു എസ് മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ലൈബ്രറിയിലെ ടോയ്‌ലറ്റ് കഴുകാന്‍ പോലും യോഗ്യതയില്ലാത്തയാളാണ് ട്രംപ് എന്ന് അമേരിക്കയിലെ പ്രമുഖ ദിനപത്രമായ യു എസ് എ ടുഡേ. എഡിറ്റോറിയല്‍ പേജിലാണ് പ്രസിഡന്റിനെതിരെ കടുത്ത പരാമര്‍ശം. വനിതാ സെനറ്ററും ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവുമായ ഗില്ലി പ്രാന്‍ഡിനെതിരെ ട്രംപ് നടത്തിയ അസഭ്യ ട്വീറ്റിനെ കുറിച്ച് എഴുതിയ മുഖ പ്രസംഗത്തിലാണ് ട്രംപിനെ അടച്ചാക്ഷേപിക്കുന്ന പരാമര്‍ശം നടത്തിയത്.

‘ഒബാമയുടെ ലൈബ്രറിയിലെ ടോയ്‌ലറ്റ് വൃത്തിയാക്കാനോ ജോര്‍ജ് ബുഷിന്റെ ഷൂ പോളിഷ് ചെയ്യാനോ പോലും യോഗ്യതയില്ലാത്തയാളാണ് ട്രംപ്. ഗില്ലിക്കെതിരെ നടത്തിയ ട്വീറ്റിലൂടെ പ്രസിഡന്റ് പദവിയിലിരിക്കാന്‍ ട്രംപ് അര്‍ഹനല്ല.’ എന്നാണ് മുഖ പ്രസംഗത്തില്‍ പറയുന്നത്. വനിതാ സെനറ്റും ഡെമോക്രാറ്റിക് പാര്‍ട്ടി മെമ്പറുമായ ഗില്ലി പ്രാന്‍ഡിനെതിരെ അസഭ്യമായ ഭാഷയില്‍ ട്വീറ്റ് ചെയ്തതാണ് വിമര്‍ശനത്തിന് ഇടയാക്കിയിരിക്കുന്നത്. ‘ഒബാമയും ബുഷും പലനിലക്കും വാക്ക് പാലിക്കാതിരിക്കുകയും കള്ളം പറയുകയുമൊക്കെ ചെയ്തിട്ടുണ്ട്. എന്നാല്‍ അവരാരും ട്രംപിനെ പോലെ സഭ്യത വിട്ട് സംസാരിച്ചിട്ടില്ല’ മുഖ പ്രസംഗം കുറ്റപ്പെടുത്തുന്നു.
സംഭാവന കിട്ടാന്‍ എന്തും ചെയ്യാന്‍ മടിക്കാത്തയാളാണ് ഗില്ലിയെന്ന ട്രംപിന്റെ ട്വീറ്റാണ് വിവാദമായത്. സംഭാവന നല്‍കുന്നവരുമായി എന്തിനും ഗില്ലി തയ്യാറാണെന്നാണ് ട്രംപ് പറഞ്ഞത്. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് രാജ്യവ്യാപകമായി നടക്കുന്നത്. ട്രംപ് വെറും വഷളനാണെന്ന് അമേരിക്കന്‍ കോണ്‍ഗ്രസിലെ വനിതാ സെനറ്റര്‍മാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.