പാഴ്‌സി ആരാധനാലയ പ്രവേശനത്തിന് മതം മാറിയുള്ള വിവാഹം തടസ്സമല്ല

Posted on: December 14, 2017 10:48 pm | Last updated: December 14, 2017 at 10:48 pm

ന്യൂഡല്‍ഹി: അന്യമതസ്ഥരെ വിവാഹം ചെയ്ത പാഴ്‌സി സ്ത്രീകള്‍ക്ക് സൊരാസ്ട്രിയന്‍ ആരാധനാലയത്തില്‍ പ്രവേശിക്കാമെന്ന് പാഴ്‌സി അഞ്ചുമന്‍ ട്രസ്റ്റ് സുപ്രീം കോടതിയില്‍ വ്യക്തമാക്കി. ട്രസ്റ്റിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ സുബ്രഹ്മണ്യമാണ് ഈ വിവരം കോടതിയെ ധരിപ്പിച്ചത്. ഹിന്ദു വിശ്വാസിയെ വിവാഹം ചെയ്ത ഗൂല്‍റോഖ് എം ഗുപ്ത ആരാധനാലയത്തില്‍ പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജിയിലാണ് തീരുമാനം.

ട്രസ്റ്റിന് കീഴിലുള്ള ആരാധനാലയങ്ങളില്‍ പ്രാര്‍ഥിക്കുന്നതില്‍ സ്ത്രീകളെ വിലക്കില്ലെന്നും ഗൂല്‍റോഖിന്റെ 80 കാരായ മാതാപിതാക്കള്‍ മരിക്കുമ്പോള്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ അനുവദിക്കാമെന്നും ട്രസ്റ്റ് കോടതിയെ അറിയിച്ചു. അതേസമയം, ശ്മശാനത്തില്‍ നടക്കുന്ന സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയം ജനുവരി 17ന് പരിഗണിക്കുമെന്നും കോടതി അറിയിച്ചു.
അന്യമതസ്ഥരെ വിവാഹം കഴിച്ച പാഴ്‌സി സ്ത്രീകള്‍ സൊരാസ്ട്രിയന്‍ ആരാധനാലയത്തില്‍ കയറരുതെന്ന ട്രസ്റ്റ് തീരുമാനം അംഗീകരിച്ച ഗുജറാത്ത് ഹൈക്കോടതിയുടെ വിധിക്കെതിരെയാണ് ഗൂല്‍റോഖ് സുപ്രീം കോടതിയെ സമീപിച്ചത്.