കല്‍ക്കരി അഴിമതിക്കേസ്: ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി മധു കോഡക്ക് ഇന്ന് ശിക്ഷ വിധിക്കും

Posted on: December 14, 2017 9:37 am | Last updated: December 14, 2017 at 9:39 am

ന്യൂഡല്‍ഹി: കല്‍ക്കരി അഴിമതി കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി മധു കോഡ ഉള്‍പ്പടെയുള്ളവര്‍ക്ക് ഇന്ന് ശിക്ഷ വിധിക്കും. മധു കോഡയെ കൂടാതെ കല്‍ക്കരി വകുപ്പ് മുന്‍ സെക്രട്ടറി എച്ച് സി ഗുപ്ത, അഴിമതി നടക്കുമ്പോള്‍ ഝാര്‍ഖണ്ഡ് ചീഫ് സെക്രട്ടറിയായിരുന്ന എ കെ ബസു തുടങ്ങി കേസിലെ പ്രതിപ്പട്ടികയിലെ മുഴുവന്‍ പേരും കുറ്റക്കാരാണെന്ന് ഡല്‍ഹി സി ബി ഐ പ്രത്യേക കോടതി ജഡ്ജി ഭരത് പരാശരുടെ ബഞ്ച് കണ്ടെത്തിയിരുന്നു.

അഴിമതി നിരോധന വകുപ്പുകള്‍ പ്രകാരം പ്രതികള്‍ക്കെതിരെയുള്ള വിവിധ കുറ്റങ്ങള്‍ നിലനില്‍ക്കുമെന്നാണ് ബഞ്ച് കണ്ടെത്തിയിരിക്കുന്നത്. വിനി അയണ്‍ ആന്‍ഡ് സ്റ്റീല്‍ ഉദ്യോഗ് ലിമിറ്റഡിന് (വിസുല്‍) ഝാര്‍ഖണ്ഡിലെ രാജാറാം നോര്‍ത്ത് കല്‍ക്കരിപ്പാടം ബ്ലോക്ക് അനുവദിച്ചതില്‍ വന്‍ അഴിമതി നടന്നെന്ന ആരോപണത്തെ തുടര്‍ന്നാണ് കേസില്‍ സി ബി ഐ അന്വേഷണം നടത്തിയതും മുന്‍ മുഖ്യമന്ത്രി മധു കോഡയുള്‍പ്പടെയുള്ളവരെ പ്രതികളാക്കി 2015ല്‍ കുറ്റപത്രം സമര്‍പ്പിച്ചതും.

2006 -2008 കാലഘട്ടത്തിലാണ് മധു കോഡ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയായിരുന്നത്. ഇക്കാലത്ത് നിരവധി അഴിമതി ആരോപണങ്ങള്‍ ഇദ്ദേഹത്തിനെതിരെ ഉയര്‍ന്നിരുന്നു. ബി ജെ പി. എംഎല്‍ എയായിരുന്ന മധു കോഡ പിന്നീട് സ്വതന്ത്രനായി മത്സരിച്ചു ജയിച്ചു. ഝാര്‍ഖണ്ഡിലെ അധികാരക്കളിയുടെ ഭാഗമായി പിന്നീട് ബി ജെ പിയുടെ അര്‍ജുന്‍ മുണ്ഡ സര്‍ക്കാര്‍ വീണതിനെ തുടര്‍ന്നാണ് 2006ല്‍ കോണ്‍ഗ്രസിന്റെയും ജെ എം എമ്മിന്റെയും പിന്തുണയോടെ മുഖ്യമന്ത്രിയായത്. ഇന്ത്യന്‍ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ സ്വതന്ത്ര എം എല്‍ എയായ മൂന്നാമത്തെ മുഖ്യമന്ത്രിയായിരുന്നു മധു കോഡ.

തുടര്‍ന്ന് രണ്ട് വര്‍ഷം സംസ്ഥാനത്ത് അധികാരത്തിലിരുന്ന കാലഘട്ടത്തിലാണ് മധു കോഡക്കെതിരെ അഴിമതി ആരോപണങ്ങള്‍ ഒന്നിനു പിറകെ ഒന്നായി ഉയര്‍ന്നുവന്നത്. കല്‍ക്കരിപ്പാടം അഴിമതി കേസില്‍ 2009ല്‍ അറസ്റ്റിലായ കോഡ 2013 വരെ ജയിലിലായിരുന്നു. കേസില്‍ പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങിയെങ്കിലും അനധികൃത സ്വത്ത് സമ്പാദനമടക്കം നിരവധി കേസുകളില്‍ കോഡക്കെതിരെ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.