വാക് പോരാട്ടങ്ങള്‍ക്കിടയില്‍ മോദിയും മന്‍മോഹന്‍ സിംഗും നേര്‍ക്കുനേര്‍

Posted on: December 14, 2017 12:50 am | Last updated: December 14, 2017 at 12:28 am

ന്യൂഡല്‍ഹി: ശക്തമായ വാക് പോരാട്ടങ്ങള്‍ക്കിടയില്‍ നേരില്‍ കണ്ട പ്രധാനമന്ത്രി നരേന്ദ്രമോദിയും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും പരസ്പരം കൈകൂപ്പി അഭിവാദ്യം ചെയ്യുകയും ഹസ്തദാനം നല്‍കി പിരിയുകയും ചെയ്തു. പാര്‍ലിമെന്റ് ആക്രമണത്തിന്റെ വാര്‍ഷികവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ചടങ്ങിലായിരുന്നു ഇരുവരും നേര്‍ക്കുനേര്‍ കണ്ടുമുട്ടിയത്.

മോദിയാണ് ആദ്യം മന്‍മോഹന്‍ സിംഗിന് നേരെ കൈകൂപ്പിയത്. ശേഷം മന്‍മോഹന്‍ സിംഗും തിരിച്ച് അഭിവാദ്യം ചെയ്തു. ഹസ്തദാനം ചെയ്ത ശേഷമാണ് ഇരുവരും പിരിഞ്ഞത്.

ഗുജറാത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ മണിശങ്കര്‍ അയ്യറുടെ വീട്ടില്‍ നടന്ന അത്താഴ വിരുന്നിനിടെ കോണ്‍ഗ്രസ് പാകിസ്ഥാനുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നും മന്‍മോഹന്‍സിംഗും മറ്റ് കോണ്‍ഗ്രസ് നേതാക്കളും കൂടിക്കാഴ്ചയില്‍ പങ്കെടുത്തെന്നും മോദി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഇരുനേതാക്കളും ഇന്നലെ നേരില്‍ കണ്ടത്.
നോട്ട് നിരോധനത്തിന്റെ വാര്‍ഷിക വേളയിലും തുടര്‍ന്ന് ഗുജറാത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും രൂക്ഷമായ ഭാഷയിലായിരുന്നു വിമര്‍ശനങ്ങള്‍.

മോദിയുടെ ചില പ്രസ്താവനകള്‍ക്കെതിരെ കള്ളം പറയുന്നതിനും കപടവാര്‍ത്ത പ്രചരിപ്പിക്കുന്നതിനും പ്രധാനമന്ത്രി രാജ്യത്തോട് മാപ്പ് പറയണമെന്നും മന്‍മോഹന്‍ സിംഗ് ആവശ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സോണിയാ ഗാന്ധി തുടങ്ങിയവരും അനുസ്മരണച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു.