അമേരിക്കയില്‍ അറ്റോര്‍ണി ജനറലായി പ്രഥമ സിഖ് വംശജന്‍

Posted on: December 13, 2017 10:06 pm | Last updated: December 14, 2017 at 12:09 am

വാഷിംഗ്ടണ്‍: അമേരിക്കയിലെ ന്യൂ ജേഴ്‌സി സംസ്ഥാനത്തെ അടുത്ത അറ്റോര്‍ണി ജനറലായി ഗുര്‍ബിര്‍ എസ് ഗ്രവാലിനെ ന്യൂ ജേഴ്‌സിയിലെ നിയുക്ത ഗവര്‍ണറായ ഫില്‍ മര്‍ഫി നാമനിര്‍ദേശം ചെയ്തു. ഇതോടെ രാജ്യത്തെ ആദ്യ സിഖ്-അമേരിക്കന്‍ അറ്റോര്‍ണി ജനറലാകും ഗ്രിവാല്‍.
നാമനിര്‍ദേശത്തെ സൗത്ത് ഏഷ്യന്‍ ബാര്‍ അസോസിയേഷന്‍( എസ് എ ബി എ) സ്വാഗതം ചെയ്തു. പൊതുസേവന രംഗത്താണ് ഗ്രവാല്‍ തന്റെ ഭൂരിഭാഗം നിയമ സേവന സമയവും ചെലവഴിച്ചത്. നിലവില്‍ ഇദ്ദേഹം ബെര്‍ഗന്‍ കൗണ്ടി പ്രോസിക്യൂട്ടറാണ്.

ന്യൂജേഴ്‌സിയിലെ ഒരു ദശലക്ഷത്തോളം ജനവിഭാഗത്തിനായി തന്റെ 265 ഓളം ജീവനക്കാരുമായി ചേര്‍ന്ന് ഗ്രവാല്‍ പ്രവര്‍ത്തിച്ചു. ന്യൂയോര്‍ക്കിലും ന്യൂ ജേഴ്‌സിയിലും അസിസ്റ്റന്റ് യു എസ് അറ്റോര്‍ണിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
കോളജ് ഓഫ് വില്യം ആന്‍ഡ് മാരി, മാര്‍ഷല്‍ വെയ്ത്ത് സ്‌കൂള്‍ ഓഫ് ലോ എന്നിവിടങ്ങളില്‍നിന്നാണ് നിയമപഠനം പൂര്‍ത്തിയാക്കിയത്. എസ് എ ബി എയുടെ മുന്‍ പ്രസിഡന്റും ന്യൂ ജേഴ്‌സി ഏഷ്യന്‍ പസഫിക് അമേരിക്കന്‍ ലോയേഴ്‌സ് അസോസിയേഷന്‍ അംഗവുമാണ് ഗ്രവാല്‍.