അപകടം നടന്നാല്‍ 12 മിനിറ്റിനുള്ളില്‍ തടസങ്ങള്‍ നീക്കണമെന്ന് ആര്‍ ടി എ

Posted on: December 13, 2017 9:46 pm | Last updated: December 13, 2017 at 9:46 pm

ദുബൈ: ദുബൈ നിരത്തുകളില്‍ വാഹനാപകടങ്ങള്‍ നടന്നാല്‍ 12 മിനിറ്റുകള്‍ക്കുള്ളില്‍ റോഡുകളിലെ തടസങ്ങള്‍ നീക്കണമെന്ന് ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട് അതോറിറ്റി. പുതുതായി ഏര്‍പെടുത്തിയ അപകട നിവാരണ വ്യവസ്ഥകള്‍ അനുസരിച്ചാണ് വാഹനങ്ങള്‍ റോഡുകളില്‍ നിന്ന് നീക്കംചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചത്. ദുബൈ നഗരത്തില്‍ അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ ഗതാഗത സ്തംഭനം കുറക്കുന്നതിന് ദുബൈ പോലീസ് അധികൃതരുമായി സഹകരിച്ചാണ് അപകട ദുരന്ത നിവാരണ സംവിധാനം ഏര്‍പെടുത്തിയത്.

ആര്‍ ടി എയുടെ കണക്കനുസരിച്ച് ദുബൈയുടെ സമ്പദ് വ്യവസ്ഥയുടെ 180 കോടി ദിര്‍ഹമാണ് അപകടങ്ങള്‍ക്ക് ശേഷം ഏര്‍പെടുത്തുന്ന രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കുന്നത്. 50 ശതമാനം ഗതാഗത സ്തംഭനങ്ങളും അപകടങ്ങളെ തുറന്നാണ് ഉണ്ടാകുന്നതെന്നാണ് കണക്കുകള്‍ വെളിപ്പെടുത്തുന്നത്.

സ്തംഭനങ്ങള്‍ കുറച്ച് മികച്ച രീതിയില്‍ ദുബൈ നഗരത്തില്‍ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് കരുത്തുപകരുന്നതിനാണ് പുതിയ സംവിധാനമെന്ന് ആര്‍ ടി എ ചെയര്‍മാന്‍ മതര്‍ അല്‍ തായര്‍ പറഞ്ഞു.
യോഗത്തില്‍ ദുബൈ പോലീസ് മേധാവി“മേജര്‍ ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മര്‍റിയുടെ നേതൃത്വത്തിലുള്ള ഉന്നത ഉദ്യോഗസ്ഥ സംഘവും സംബന്ധിച്ചു.