ഗാസയില്‍ ഇസ്‌റാഈല്‍ വ്യോമാക്രമണം

Posted on: December 13, 2017 7:30 am | Last updated: December 12, 2017 at 11:32 pm

ഗാസ സിറ്റി: ജറുസലമിലേക്ക് ഇസ്‌റാഈല്‍ തലസ്ഥാനം മാറ്റിയതുമായി ബന്ധപ്പെട്ട വിവാദം രൂക്ഷമായിക്കൊണ്ടിരിക്കെ ഗാസയില്‍ ഇസ്‌റാഈല്‍ അതിക്രമം. ജനവാസ കേന്ദ്രത്തില്‍ ഇസ്‌റാഈല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ രണ്ട് ഫലസ്തീന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നും വ്യോമാക്രമണങ്ങള്‍ ഇനിയും നടത്താനുള്ള ഒരുക്കമാണ് ഇസ്‌റാഈല്‍ നടത്തുന്നതെന്നും ഫലസ്തീന്‍ അതോറിറ്റി വൃത്തങ്ങള്‍ ആരോപിച്ചു. വ്യോമാക്രമണത്തില്‍ വാഹനങ്ങളും കെട്ടിടങ്ങളും തകര്‍ന്നിട്ടുണ്ട്. ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയമാണ് വാര്‍ത്ത പുറത്തുവിട്ടത്. എന്നാല്‍, ഇസ്‌റാഈല്‍ സൈന്യം വാര്‍ത്ത നിഷേധിച്ചു.

ഇസ്‌റാഈലിനെതിരെ പോരാട്ടം നടത്തുന്ന അല്‍ ഖുദ്‌സ് ബ്രിഗേഡ്‌സിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബൈത്ത് ലഹിയ നഗരത്തിലാണ് ആക്രമണം നടന്നത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാക്കളെ ലക്ഷ്യംവെച്ചാണ് ആക്രമണം നടന്നതെന്നും ആക്രമണത്തില്‍ ബൈക്കില്‍ സഞ്ചരിച്ച രണ്ട് പേരും കൊല്ലപ്പെട്ടതായും ഫലസ്തീന്‍ വാര്‍ത്താ ഏജന്‍സിയായ വഫ റിപ്പോര്‍ട്ട് ചെയ്തു. സമീപത്തുണ്ടായിരുന്ന ഇരുപതോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
ഇസ്‌റാഈല്‍ തലസ്ഥാനമാറ്റം അംഗീകരിച്ച് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപനം നടത്തിയതിന് തൊട്ടുപിന്നാലെ ക്രൂരമായ സൈനിക ആക്രമണമാണ് ഇസ്‌റാഈലിന്റെ ഭാഗത്ത് നിന്നുണ്ടായത്. ഫലസ്തീന്‍ നഗരങ്ങളില്‍ നടക്കുന്ന ഇസ്‌റാഈല്‍വിരുദ്ധ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായാണ് ഇസ്‌റാഈല്‍ സൈന്യം വ്യോമാക്രമണം നടത്തുന്നത്. വെള്ളിയാഴ്ചയുണ്ടായ ആക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടിരുന്നു.
തലസ്ഥാനമാറ്റവുമായി ബന്ധപ്പെട്ട വിഷയത്തില്‍ വെസ്റ്റ് ബാങ്ക്, ഗാസ, ജറുസലം തുടങ്ങിയ നഗരങ്ങളില്‍ വ്യാപകമായ ജനകീയ പ്രക്ഷോഭം നടക്കുകയാണ്. സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിനാളുകള്‍ തെരുവിലിറങ്ങിയിട്ടുണ്ട്. ഫലസ്തീന്‍ – ഇസ്‌റാഈല്‍ തര്‍ക്ക വിഷയത്തിലെ ദ്വിരാഷ്ട്ര പരിഹാരം അട്ടിമറിക്കുന്ന തലസ്ഥാനമാറ്റ നടപടി ഫലസ്തീന്‍ ജനതയുടെ സ്വപ്‌നങ്ങളെയാണ് തകര്‍ത്തത്. പുതിയ രാജ്യമുണ്ടാകുകയാണെങ്കില്‍ തങ്ങളുടെ തലസ്ഥാനം ജറുസലം ആണെന്ന് ഫലസ്തീന്‍ ജനത കാലങ്ങളായി ആവകാശപ്പെടുന്നതാണ്.