അഹമ്മദാബാദില്‍ പ്രധാനമന്ത്രി പ്രചാരണത്തിന് എത്തിയത് ജലവിമാനത്തില്‍

Posted on: December 12, 2017 2:27 pm | Last updated: December 13, 2017 at 8:54 am

ഗാന്ധിനഗര്‍: ഗുജറാത്ത് രണ്ടാം ഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് തീരാനിരിക്കെ അഹമ്മദാബാദില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചാരണത്തിന് എത്തിയത് ജലവിമാനത്തില്‍. ഗുജറാത്തിലെ സബര്‍മതി നദിയില്‍ നിന്ന് ജലവിമാനത്തില്‍ യാത്ര തിരിച്ച അദ്ദേഹം മെഹ്‌സാന ജില്ലയിലെ ദാറോയ് ഡാം വരെ അതില്‍ യാത്ര ചെയ്തു. അംബോജിയില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത ശേഷം ജലവിമാനത്തില്‍ തന്നെ മോദി അഹമ്മദാബാദിലേക്ക് മടങ്ങും.

രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായി സബര്‍മതി നദിയില്‍ ചൊവ്വാഴ്ച ജലവിമാനം ഇറങ്ങുമെന്ന് മോദി നേരത്തെ പ്രഖ്യാപിച്ചിരുന്നു. വിമാനത്താവളങ്ങള്‍ എല്ലായിടത്തും നിര്‍മിക്കാന്‍ സാധിക്കാത്തതിനാല്‍ സര്‍ക്കാര്‍ ഇത്തരം ജലവിമാനങ്ങള്‍ ഒരുക്കിയിരിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

അഹമ്മദാബാദില്‍ മോദിയുടെ റോഡ്‌ഷോക്ക് പോലീസ് അനുമതി നിഷേധിച്ചിരുന്നു. പങ്കെടുക്കുന്ന നേതാവ് ആരെന്ന് അപേക്ഷയില്‍ പറഞ്ഞില്ലെന്ന് കാണിച്ചാണ് പോലീസ് അനുമതി നിഷേധിച്ചത്. സുരക്ഷാ കാരണങ്ങളാല്‍ നിയുക്ത കോണ്‍ഗ്രസ് അധ്യക്ഷ രാഹുല്‍ ഗാന്ധിയുടെ റോഡ്‌ഷോക്കും അനുമതി ലഭിച്ചിരുന്നില്ല.