Connect with us

Eranakulam

മേല്‍പ്പാലങ്ങള്‍ക്ക് ടോള്‍ ഏര്‍പ്പെടിത്തില്ല: മന്ത്രി സുധാകരന്‍

Published

|

Last Updated

കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ പണിയുന്ന മേല്‍പ്പാലങ്ങള്‍ക്കൊന്നും ടോള്‍ ഉണ്ടാകില്ലെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. വൈറ്റില മേല്‍പ്പാലത്തിന്റെ നിര്‍മാണോദ്ഘാടന സമ്മേളനത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

വൈറ്റില മേല്‍പ്പാലത്തിനും ടോള്‍ ഏര്‍പ്പെടുത്തില്ല. സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഒമ്പതിടത്ത് ടോളുകള്‍ ഇല്ലാതാക്കി. ഭാവിയില്‍ ഗതാഗതക്കുരുക്കുകള്‍ ഇല്ലാതാക്കാന്‍ ശാസ്ത്രീയമായ പഠനം നടത്തി നടപടികള്‍ എടുക്കും. പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് സംസ്ഥാനത്തെ റോഡുകള്‍ പണിയാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
റോഡ് പൊളിക്കുമ്പോള്‍ തന്നെ പുതുക്കി പണിയുന്ന തരം സാങ്കേതിക വിദ്യകള്‍ ലോകത്തുണ്ട്. സംസ്ഥാനത്തെ കോണ്‍ട്രാക്ടര്‍മാര്‍ ആധുനിക സാങ്കേതിക വിദ്യകളും യന്ത്രങ്ങളുമുപയോഗിച്ച് റോഡ് പണിയാനാരംഭിക്കണമെന്നും മന്ത്രി പറഞ്ഞു.

കുണ്ടന്നൂരില്‍ മേല്‍പ്പാലം നിര്‍മിക്കും. ഇതിനെച്ചൊല്ലിയുള്ള പ്രതിഷേധങ്ങള്‍ നിരര്‍ഥകമാണ്. പ്രിക്വാളിഫിക്കേഷന്‍ ടെന്‍ഡറില്‍ തള്ളിപ്പോയ ഒരാള്‍ നല്‍കിയ കേസ് ഹൈക്കോടതിയില്‍ നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ടുള്ള സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലമാണ് കുണ്ടന്നൂര്‍ പാലത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ തുടങ്ങാത്തതെന്നും മന്ത്രി അറിയിച്ചു.

Latest