Connect with us

International

നേപ്പാളില്‍ ഇടത് സഖ്യത്തിന് ഭൂരിപക്ഷം; കെ പി ഒലി പ്രധാനമന്ത്രിയായേക്കും

Published

|

Last Updated

കാഠ്മണ്ഡു: നേപ്പാള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഇടത് സഖ്യം വ്യക്തമായ ഭൂരിപക്ഷം നേടി. 89 സീറ്റില്‍ 72ലും വിജയിച്ച സഖ്യം രാജ്യത്ത് രാജ്യത്ത് രാഷ്ട്രീയ സ്ഥിരതയെന്ന വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. മുന്‍ പ്രധാനമന്ത്രി കെ പി ഒലി നയിക്കുന്ന സി പി എന്‍-യു എം എലും മറ്റൊരു മുന്‍ പ്രധാനമന്ത്രിയായ പ്രചണ്ഢയുടെ സി പി എന്‍ -മാവോയിസ്റ്റും ചേര്‍ന്ന ഇടത് സഖ്യമാണ് പാര്‍ലമെന്റിലേക്കും പ്രവിശ്യകളിലേക്കും നടന്ന തിരഞ്ഞെടുപ്പില്‍ ആധികാരിക വിജയം നേടിയത്. സി പി എന്‍- യു എം എല്‍ 51 സീറ്റില്‍ വിജയിച്ചപ്പോള്‍ സഖ്യ പങ്കാളിയായ സി പി എന്‍- മാവോയിസ്റ്റ് 21 സീറ്റില്‍ വിജയം കൊയ്തുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട ഫലപ്രഖ്യാപനത്തില്‍ പറയുന്നു. കെ പി ഒലി പ്രധാനമന്ത്രിയാകുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രാജ്യത്തെ ഏറ്റവും വലിയ പാര്‍ട്ടിയായിരുന്ന ഭരണകക്ഷിയായ നേപ്പാളി കോണ്‍ഗ്രസിന് പത്ത് സീറ്റില്‍ മാത്രമെ വിജയിക്കാനായുള്ളു. രണ്ട് മധേഷി പാര്‍ട്ടികള്‍ രണ്ട് സീറ്റില്‍ വിജയിച്ചു. ഉപേന്ദ്ര യാദവിന്റെ ഫെഡറല്‍ സോഷ്യലിസ്റ്റ് ഫോറം നേപ്പാളിന് രണ്ട് സീറ്റിലും മഹന്ദാ താക്കൂറിന്റെ രാഷ്ട്രീയ ജനത പാര്‍ട്ടിക്ക് മൂന്ന് സീറ്റിലും വിജയിക്കാനായി. മുന്‍ പ്രധാനമന്ത്രി ബാബുറാം ഭട്ടാരേയ് നയിക്കുന്ന നയാ ശക്തി പാര്‍ട്ടി ഒരു സീറ്റില്‍ വിജയിച്ചു. ഒരു സ്വതന്ത്രനും വിജയിച്ചു. 76 സീറ്റുകളിലെ ഫലംകൂടി പുറത്തുവരാനുണ്ട്. 275 അംഗ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ 165 സീറ്റുകളിലേക്ക് നേരിട്ട് തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ബാക്കിയുള്ള 110 സീറ്റില്‍ പ്രാതിനിധ്യ രീതിയിലാണ് തിരഞ്ഞെടുപ്പ്.

 

 

Latest