Connect with us

Kerala

ജനിതകവൈകല്യങ്ങളുള്ള കുഞ്ഞുങ്ങളെയും ചുമലിലേന്തി അമ്മമാരുടെ പ്രതിഷേധാഗ്നി; എന്‍ഡോസള്‍ഫാന്‍ വിരുദ്ധസമരം വീണ്ടും

Published

|

Last Updated

എന്‍ഡോസള്‍ഫാന്‍ പീഡിതമുന്നണി നേതൃത്വത്തില്‍ കലക്ടറേറ്റിനുമുന്നില്‍ നടത്തിയ കൂട്ട ഉപവാസ സമരം എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ അമ്മമാര്‍ പന്തംകൊളുത്തി ഉദ്ഘാടനം ചെയ്യുന്നു

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ഇരകളോട് അധികാരികള്‍ കാണിക്കുന്ന അവഗണനക്കും നീതിനിഷേധത്തിനുമെതിരെ പ്രതിഷേധാഗ്നിയുമായി ഇരകളുടെ അമ്മമാര്‍ കലക്ടറേറ്റിന് മുന്നിലെത്തി.
1905 പേരടങ്ങുന്ന ദുരിതബാധിതരുടെ എണ്ണം 257 ആയി വെട്ടിച്ചുരുക്കിയ നടപടിയില്‍ പ്രതിഷേധിച്ച് പട്ടികയില്‍ പെടാത്ത കുട്ടികളെയും ചുമലിലേന്തിയാണ് അമ്മമാര്‍ സമരത്തിനെത്തിയത്.

കൈകാലുകള്‍ തളര്‍ന്നും ജനിതകവൈകല്യം ബാധിച്ചും അതിദയനീയാവസ്ഥയിലുള്ള കുരുന്നുകളെ ഉയര്‍ത്തിക്കാട്ടി ഇതില്‍പരം എന്ത് തെളിവുവേണമെന്ന് അധികാരി വര്‍ഗത്തോട് ഒരേ സ്വരത്തില്‍ ചോദിക്കുകയായിരുന്നു ആ അമ്മമാര്‍. എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തിലാണ് കലക്ടറേറ്റിന് മുന്നില്‍ കൂട്ട ഉപവാസ സമരം നടന്നത്. യു ഡി എഫ് ഭരിക്കുന്ന ഘട്ടത്തില്‍ പോലും താന്‍ സമരമുഖത്ത് മുന്നില്‍ നിന്നത് എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ രാഷ്ട്രീയം പാടില്ലെന്ന് കരുതിയത് കൊണ്ടാണെന്നും ഇപ്പോള്‍ ഭരണപക്ഷത്തുള്ളവരും അതേ രീതിയില്‍ സമരത്തെ കാണണമെന്നും സമരത്തെ അഭിസംബോധന ചെയ്ത എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു.

ദുരിത ബാധിതരുടെ പട്ടികയില്‍ മാറ്റം വരുത്തിയത് എന്‍ഡോസള്‍ഫാന്‍ വിഷഭീകരരുടെ സമ്മര്‍ദ്ദഫലമായാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ദുരിതബാധിതര്‍ അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി നിരന്തരം സമരരംഗത്തിറങ്ങണമെന്നത് ജനാധിപത്യ സമൂഹത്തിന് ഒട്ടും യോജിച്ചതല്ലെന്നും ഡോ. അംബികാസുതന്‍ മാങ്ങാട് പറഞ്ഞു.

ദുരിതബാധിതരുടെ അമ്മമാരായ കെ ചന്ദ്രാവതി, എംപി ജമീല, സി.വി നളിനി, ടി അഖില കുമാരി, വിമല ഫ്രാന്‍സിസ്, കെ അനിത, ഗീതാജോണി തുടങ്ങിയവര്‍ പന്തം കൊളുത്തിയാണ് സമരം ഉദ്ഘാടനം ചെയ്തത്. നാരായണന്‍ പേരിയ അധ്യക്ഷത വഹിച്ചു. അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ സ്വാഗതം പറഞ്ഞു.

Latest