Connect with us

Gulf

24 ടൈഫൂണ്‍ യുദ്ധ വിമാനങ്ങള്‍ വാങ്ങാന്‍ ഖത്വര്‍ ബ്രിട്ടീഷ് കമ്പനിയുമായി കരാറില്‍

Published

|

Last Updated

ദോഹ: ബ്രിട്ടനിലെ ബി എ ഇ സിസ്റ്റംസ് കമ്പനിയില്‍നിന്ന് 24 ടൈഫൂണ്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ ഖത്വര്‍ കരാറിലെത്തി. അഞ്ചു ബില്യന്‍ പൗണ്ടിന്റെ കരാറിലാണ് കഴിഞ്ഞ ദിവസം ഒപ്പു വെച്ചതെന്ന് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം വെളിപ്പെടുത്തി. 2022ലാണ് യുദ്ധവിമാനങ്ങള്‍ ഖത്വറിലെത്തുകയെന്ന് അധികൃതരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

അടുത്ത വര്‍ഷത്തോടെ സാമ്പത്തിക കൈമാറ്റമുള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കും. ഇതനുസരിച്ചാണ് വിമാനങ്ങളുടെ നിര്‍മാണവും കൈമാറ്റവും നടക്കുക. ഖത്വര്‍ പ്രതിരോധ മന്ത്രി ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അത്വിയ്യയും ബ്രിട്ടീഷ് പ്രതിരോധ മന്ത്രി ഗാവിന്‍ വില്യംസും പങ്കെടുത്ത ചടങ്ങില്‍വെച്ചാണ് കരാര്‍ ഒപ്പുവെച്ചത്. ആയിരക്കണക്കിന് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതും രാജ്യത്തിന്റെ സാമ്പത്തിക മേഖലക്ക് ബലം നല്‍കുന്നതുമാണ് ഖത്വറുമായുള്ള കരാളെന്ന് ബ്രിട്ടീഷ് പ്രതിരോധ മന്ത്രി പറഞ്ഞു.
ഖത്വറുമായി ദീര്‍ഘകാലത്തേക്കുള്ള കരാറില്‍ ഒപ്പിടാനായതില്‍ സന്തോഷമുണ്ട്. ഇത് ഖത്വര്‍ സായുധസേനയുമായുള്ള ബന്ധംകൂടിയാണ്.

വ്യാപാര പങ്കാളികള്‍ക്ക് അവരുടെ സൈനികശേഷി വികസിപ്പിക്കുന്നതിനായി മികച്ച സേവനമാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. യു കെയില്‍നിന്നും 24 ടൈഫൂണ്‍ ജെറ്റ് വിമാനങ്ങള്‍ വാങ്ങുന്നതിനുള്ള ഒരു ധാരണയില്‍ ഒപ്പുവെച്ചതായി സെപ്തംബറില്‍ ഖത്വര്‍ പ്രതിരോധ മന്ത്രിയെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

 

 

Latest