നീലക്കുറിഞ്ഞി ഉദ്യാനം: മന്ത്രി സംഘം മൂന്നാറില്‍

Posted on: December 11, 2017 10:01 am | Last updated: December 11, 2017 at 12:14 pm

തൊടുപുഴ: നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കുന്നതിന്റെ ഭാഗമായി മന്ത്രി സംഘം ഇന്ന് മൂന്നാറില്‍. റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍, വനംമന്ത്രി കെ രാജു, ഇടുക്കിയില്‍നിന്നുള്ള മന്ത്രി കൂടിയായ എം എം മണി എന്നിവരാണ് പ്രദേശം സന്ദര്‍ശിക്കുന്നത്. നാളെ ജനപ്രതിനിധികളുമായി ഇവര്‍ ചര്‍ച്ച നടത്തും.

ആദ്യ ദിവസം വട്ടവടയിലെ 62ാം ബ്ലോക്ക്, കൊട്ടക്കാമ്പൂരിലെ 58ാം നമ്പര്‍ ബ്ലോക്ക് എന്നിവിടങ്ങളില്‍ സന്ദര്‍ശിക്കും. ദേവികുളം സബ് കലക്ടര്‍, മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ തുടങ്ങി റവന്യൂ, വനം വകുപ്പ് ഉദ്യോഗസ്ഥരും മന്ത്രിമാര്‍ക്കൊപ്പമുണ്ടാകും. ഇടുക്കി എം.പി. ജോയ്‌സ് ജോര്‍ജ്, ജില്ലയിലെ എംഎല്‍എമാര്‍, റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി തുടങ്ങിയവര്‍ പങ്കെടുക്കും.

കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി അളന്നുതിട്ടപ്പെടുത്താനാണ് റവന്യൂവകുപ്പിന്റെ തീരുമാനം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇത് സംബന്ധിച്ച തീരുമാനം എടുത്തിരുന്നെങ്കിലും നടപ്പാക്കാനായിരുന്നില്ല.