Connect with us

Kerala

സംസ്ഥാന സ്‌കൂള്‍ കലോത്സവം: പന്തലിന് ഇന്ന് കാല്‍നാട്ടും

Published

|

Last Updated

തൃശൂര്‍: ജനുവരി ആറ് മുതല്‍ പത്ത് വരെ നടക്കുന്ന 58 ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനുള്ള പന്തല്‍കാല്‍നാട്ട് ഇന്ന് നടക്കും. രാവിലെ 10.30ന് തേക്കിന്‍കാട് എക്‌സിബിഷന്‍ മൈതാനിയില്‍ പ്രധാന വേദിയുടെ പന്തലിന്റെ കാല്‍നാട്ടല്‍ കര്‍മം മന്ത്രി വി എസ് സുനില്‍കുമാര്‍ നിര്‍വഹിക്കും. മേയര്‍ അജിതാ ജയരാജന്‍ അധ്യക്ഷത വഹിക്കും. എം പിമാര്‍, എം എല്‍ എമാര്‍, മറ്റു ജനപ്രതിനിധികള്‍, രാഷ്ട്രീയ, സാംസ്‌കാരിക പ്രമുഖര്‍ പങ്കെടുക്കും.

തുടര്‍ന്ന് പ്രധാനവേദിക്കരികില്‍ ഒരുക്കുന്ന മീഡിയ സെന്റര്‍, മറ്റു പവലിയനുകള്‍ തുടങ്ങിയവക്കുള്ള സൗകര്യങ്ങള്‍ മന്ത്രിയും ജനപ്രതിനിധികളും സന്ദര്‍ശിച്ച് വിലയിരുത്തും. അമ്പത് സ്റ്റാളുകളാണ് ദൃശ്യപത്ര മാധ്യമസ്ഥാപനങ്ങള്‍ക്കായി മാത്രം നിര്‍മിക്കുന്നത്. കൂടാതെ, അനുബന്ധ സ്റ്റാളുകള്‍ വേറെയും ഒരുക്കുന്നുണ്ട്. സ്വരാജ് റൗണ്ടിന് ചുറ്റുമായി 25 വേദികളിലായാണ് സ്‌കൂള്‍ കലോത്സവം സംഘടിപ്പിക്കുന്നത്.

തേക്കിന്‍കാട് മൈതാനത്ത് പൂരം പ്രദര്‍ശന നഗരിയെ കൂടാതെ, സി എം എസ് സ്‌കൂളിന് മുന്നിലും തെക്കേനടയില്‍ ജോസ് തിയേറ്ററിന് മുന്നിലും വേദികള്‍ സജ്ജമാക്കും. രാമവര്‍മ്മപുരം പോലീസ് അക്കാദമിയില്‍ ബാന്‍ഡ്‌മേള മത്സരങ്ങള്‍ നടക്കും. സെന്റ് തോമസ് കോളജ് ഹൈസ്‌കൂളില്‍ സാഹിത്യ മത്സരങ്ങളും ചിത്രരചനാ മത്സരങ്ങള്‍ ഫൈനാര്‍ട്‌സ് കോളജിലും അരങ്ങേറും. സി എം എസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അറബിക് കലോത്സവവും, വിവേകോദയത്തില്‍ സംസ്‌കൃതോത്സവവും നടക്കും. സംഗീത നാടക അക്കാദമി റീജ്യനല്‍ തിയേറ്ററിലാണ് നാടകവേദി ഒരുക്കിയിട്ടുള്ളത്.

മുണ്ടശ്ശേരി ഹാള്‍, ബാലഭവന്‍, ഹോളി ഫാമിലി, സെന്റ് ക്ലയേഴ്‌സ്, യാക്കോബൈറ്റ് ചര്‍ച്ച് ഹാള്‍, ടൗണ്‍ഹാള്‍, സാഹിത്യ അക്കാദമി, മോഡല്‍ ബോയ്‌സ് എന്നിവിടങ്ങളിലാണ് മറ്റു വേദികള്‍ ഒരുക്കിയിട്ടുള്ളത്.

Latest