കുറ്റിയാടി നാളികേര പാര്‍ക്ക് ഉടന്‍: മന്ത്രി

Posted on: December 10, 2017 11:23 am | Last updated: December 10, 2017 at 11:23 am

കുറ്റിയാടി: വേളം പഞ്ചായത്തിലെ മണിമലയില്‍ മുന്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ തുടക്കം കുറിച്ച കുറ്റിയാടി നാളികേര പാര്‍ക്ക് ഉടന്‍ പൂര്‍ത്തികരിച്ച് പ്രവര്‍ത്തനമാരംഭിക്കുമെന്ന് വ്യവസായ മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു. നാളികേര പാര്‍ക്കിന് വേണ്ടി ഏറ്റെടുത്ത 116 ഏക്കര്‍ ഭുമി സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

42 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച പദ്ധതിയുടെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പൂര്‍ത്തികരിക്കും. 2008ല്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ ഏറ്റെടുത്ത 116 ഏക്കര്‍ ഭൂമി നാളികേര പാര്‍ക്കിനായി കെ എസ് ഐ ഡി സിക്ക് കൈമാറിയിരുന്നു. ഏറ്റെടുത്ത സ്ഥലത്തിന് ചുറ്റു മതില്‍ കെട്ടി സംരക്ഷിക്കാനും വൈദ്യുതി ജല വിതരണ സംവിധാനം ഏര്‍പ്പെടുത്താനും നിര്‍ദേശിച്ചു.

കമ്പനി ഭാരവാഹികളും ജനപ്രതിനിധികളും വ്യവസായ വകുപ്പ് ഉദ്യോഗസ്ഥരുമായി മന്ത്രി ചര്‍ച്ച നടത്തി. പദ്ധതിയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് തിരുവനന്തപുരത്ത് വെച്ച് കമ്പനി പ്രതിനിധികള്‍, വ്യവസായ വകുപ്പ് ഉദ്ധ്യോഗസ്ഥര്‍ എന്നിവരുമായി വിശദമായ ചര്‍ച്ച നടത്തുമെന്നും മന്ത്രി അറിയിച്ചു. കുറ്റിയാടി നാളികേര പാര്‍ക്ക് യാഥാര്‍ഥ്യമാകുന്നതോടെ മലയോര നാളികേര കര്‍ഷകരുടെ വര്‍ഷങ്ങളായുള്ള കാത്തിരിപ്പിനാണ് വിരാമമാകുന്നത്. സ്ഥലമുടമകള്‍ കൂടുതല്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസിന് പോയതോടെയാണ് പദ്ധതി നീണ്ടുപോയതെന്ന് എം എല്‍ എ അറിയിച്ചിരുന്നു.

പാറക്കല്‍ അബ്ദുല്ല എം എല്‍ എ, കെ കെ ലതിക, പഞ്ചായത്ത് പ്രസിഡന്റ് വി കെ അബ്ദുല്ല, കെ പി കുഞ്ഞമ്മത്കുട്ടി, കെ കെ ദിനേശന്‍, കെ കെ സുരേഷ്, നെല്ലിക്കുന്നുമ്മല്‍ അമ്മത് ഹാജി, മറ്റ് ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ വകുപ്പുതല ഉദ്യോഗസ്ഥര്‍ എന്നിവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.