Connect with us

Kasargod

എം പിക്കെതിരെ നവമാധ്യമങ്ങളില്‍ വിമര്‍ശം; സി പി എമ്മും റെയില്‍വെ പ്രൊട്ടക്ഷന്‍ ഗ്രൂപ്പും കൊമ്പുകോര്‍ത്തു

Published

|

Last Updated

നീലേശ്വരം: എം പിക്കെതിരെ വിമര്‍ശനമുന്നയിച്ചുകൊണ്ടുള്ള റെയില്‍വെ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റെ നവമാധ്യമങ്ങളിലെ പോസ്റ്റുകള്‍ വിവാദമാകുന്നു.

ഇതോടെ റെയില്‍വെ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് ശുചീകരണത്തിന് എത്തുന്നതിന് മുമ്പെ റെയില്‍വെ സ്റ്റേഷന്‍ പരിസരം സിപിഎം പ്രവര്‍ത്തകര്‍ കാട് വെട്ടിതളിച്ച് ശുചീകരിച്ചു. പാര്‍ട്ടി നീലേശ്വരം ഏരിയാ സമ്മേളനത്തിന്റെ അനുബന്ധ പരിപാടിയായിട്ടാണ് നൂറ് കണക്കിന് വരുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ കാട് മൂടി കിടന്ന റെയില്‍വെസ്റ്റേഷന്‍ പരിസരം വെട്ടിതളിച്ചത്.

നീലേശ്വരത്ത് ഈയിടെ രൂപീകരിച്ച നീലേശ്വരം റെയില്‍വെ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് ശനിയാഴ്ച റെയില്‍വെ സ്റ്റേഷന്‍ പരിസരത്തെ കാടുകള്‍ വെട്ടിത്തളിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് റെയില്‍വെ സ്റ്റേഷന്‍ പരിസരം സിപിഎം പ്രവര്‍ത്തകര്‍ ഇന്ന് വൃത്തിയാക്കിയത്. സംഭവം നീലേശ്വരത്ത് ചൂടുള്ള ചര്‍ച്ചയായി. റെയില്‍വെ പ്രോട്ടക്ഷന്‍ ഗ്രൂപ്പ് നവമാധ്യമങ്ങളിലൂടെ എം പിയുടെ ശ്രമങ്ങളെ ലഘൂകരിച്ച് കാണാന്‍ ശ്രമിക്കുകയാണെന്നും റെയില്‍വെ വികസനങ്ങളുടെ ഉത്തരവാദിത്വം ചിലര്‍ ഏറ്റെടുക്കുന്നത് ബോധപൂര്‍വ്വമാണെന്നും സിപിഎം പ്രവര്‍ത്തകര്‍ ആരോപിച്ചു.

ഇതേചൊല്ലി നവമാധ്യമങ്ങളില്‍ പരസ്പരം ഏറ്റുമുട്ടുന്നതിനിടയിലാണ് റെയില്‍വെ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന് ഒരു മുഴം മുമ്പേ സിപിഎം പ്രവര്‍ത്തകര്‍ റെയില്‍വെ സ്റ്റേഷന്‍ പരിസരത്തെ കാട് വെട്ടിത്തളിക്കാന്‍ രംഗത്തിറങ്ങിയത്.

രാവിലെ റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് നഗരസഭ ചെയര്‍മാന്‍ പ്രൊഫ. കെ പി ജയരാജന്റെ അധ്യക്ഷതയില്‍ പി കരുണാകരന്‍ എം പി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു. കെ ബാലകൃഷ്ണന്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ സി പ്രഭാകരന്‍, എ വിധുബാല തുടങ്ങിയവര്‍ പ്രസംഗിച്ചു. ഏരിയാസെക്രട്ടറി ടി കെ സ്വാഗതം പറഞ്ഞു.