വര്‍ണങ്ങളിലെ പ്രതീക്ഷ: ഹാബിറ്റാറ്റില്‍ ചിത്രപ്രദര്‍ശനം

Posted on: December 9, 2017 8:12 pm | Last updated: December 9, 2017 at 8:12 pm

അജ്മാന്‍: ദാനവര്‍ഷത്തിന് പിന്തുണ പ്രഖ്യാപിച്ച് ഹാബിറ്റാറ്റ് ഗ്രൂപ്പിന്റെ സ്ഥാപക സ്‌കൂളായ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ആര്‍ട് ഓഫ് ഗിവിംഗ് എന്ന പേരില്‍ അജ്മാന്‍ ചാരിറ്റി ചിത്രപ്രദര്‍ശനം സംഘടിപ്പിച്ചു. ഹാബിറ്റാറ്റ് ഗ്രൂപ്പിലെ നാലു സ്‌കൂളുകളായ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍, ഹാബിറ്റാറ്റ് സ്‌കൂള്‍ അല്‍ ജര്‍ഫ്, ഹാബിറ്റാറ്റ് സ്‌കൂള്‍ ഉമ്മുല്‍ ഖുവൈന്‍, ഹാബിറ്റാറ്റ് സ്‌കൂള്‍ അല്‍ തല്ല എന്നീ സ്‌കൂളുകളിലെ കുട്ടികളും അധ്യാപകരും വരച്ച 469 ചിത്രങ്ങളുടെ ക്യൂറേറ്റ് ചെയ്ത പ്രദര്‍ശനത്തില്‍ നിന്ന് രക്ഷിതാക്കളും പൊതുജനങ്ങളുമടങ്ങിയവര്‍ ചിത്രങ്ങള്‍ വാങ്ങിയതിലൂടെ കിട്ടിയ തുക എമിറേറ്റ്‌സ് റെഡ്ക്രസന്റിന് സംഭാവന ചെയ്തു. ഡോ. തുംബൈ മൊയ്തീന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

എണ്ണച്ഛായ, വാട്ടര്‍ കളര്‍, അക്രിലിക് എന്നീ മാധ്യമങ്ങളില്‍ വരച്ചിരുന്ന പെയിന്റിംഗുകളെ വിഷയവുംസ്വഭാവമനുസരിച്ച് സജ്ജീകരിച്ചായിരുന്നു പ്രദര്‍ശനം.കൂടാതെ ഹാബിറ്റാറ്റ് ഗ്രൂപ്പിന്റെ സഹായ പദ്ധതിയായ ഹാബിറ്റാറ്റ് ഫോര്‍ ഹോപ്പിന്റെതായി 30,000 ദിര്‍ഹത്തിന്റെ ചെക്ക് അധ്യാപകരും അനധ്യാപകജീവനക്കാരും കുട്ടികളും മാനേജ്‌മെന്റുമടങ്ങിയ ടീം ചെയര്‍മാന്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ സഖര്‍ അല്‍ നുഐമിയുടെ നേതൃത്വത്തില്‍ എമിറേറ്റ്‌സ് റെഡ്ക്രസന്റിന് കൈമാറി.

‘ദാനധര്‍മങ്ങള്‍ ദൈവികമാണ്. ഉള്ളത് നമ്മിലെ പാവപ്പെട്ടവരുമായി പങ്കിടുന്നതില്‍ ഹാബിറ്റാറ്റ് ഗ്രൂപ്പ്എന്നും ശ്രദ്ധ കാണിച്ചിട്ടുണ്ട്. പാവപ്പെട്ടവരെ സഹായിക്കാന്‍ നൂതനവും കലാപരവുമായ ഈ രീതി കുട്ടികളും അധ്യാപകരും സ്വീകരിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് ചെയര്‍മാന്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ സഖര്‍ അല്‍ നുഐമി പറഞ്ഞു.സഹായ മനഃസ്ഥിതി വിദ്യാഭ്യാസത്തിന് ഒഴിച്ചുകൂടാനാവാത്തതാണ് എന്ന തിരിച്ചറിയലില്‍ നിന്നാണ് 2015ല്‍തന്നെ ഹാബിറ്റാറ്റ് ഫോര്‍ ഹോപ്പ് തുടങ്ങിയത്. ആദ്യ രണ്ട് വര്‍ഷവും കേരളത്തിലെ പാവപ്പെട്ട ഭിന്നശേഷിക്കാരെയും വൃദ്ധരെയും സഹായിക്കുന്നതിനാണ് ശ്രദ്ധിച്ചത്, സഖര്‍ അല്‍ നുഐമി വ്യക്തമാക്കി. മാനേജിംഗ് ഡയറക്ടര്‍ ഷംസു സമാന്‍ സി ടി, സി ഇ ഒ. സി ടി ആദില്‍, ഡീന്‍ വസീം യൂസഫ് ഭട്ട് സംബന്ധിച്ചു.