Connect with us

Gulf

കേരളത്തില്‍ ബി ജെ പി വളരുന്നുവെന്നത് മിത്ത് മാത്രമെന്ന് സി ആര്‍ നീലകണ്ഠന്‍

Published

|

Last Updated

കേരളത്തില്‍ ബി ജെ പിക്ക് വളര്‍ച്ച നേടാന്‍ സാധിക്കുന്നുവെന്നത് സാങ്കല്പികമായ പ്രചാരം മാത്രമാണെന്ന് ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ സി ആര്‍ നീലകണ്ഠന്‍. ഇക്കഴിഞ്ഞ മലപ്പുറം, വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് വോട്ടുകളുടെ എണ്ണം കുറയുകയാണ് ചെയ്തത്. അടുത്ത പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ ഒരു മണ്ഡലത്തിലും ബി ജെ പി രണ്ടാം സ്ഥാനത്തു പോലും വരില്ല. നിയമസഭാ തിരഞ്ഞെടുപ്പില്‍ രാജഗോപാല്‍ ആയതു കൊണ്ടാണ് ഒരു സീറ്റില്‍ ജയിച്ചത്. വണ്‍ ഇന്ത്യ അസോസിയേഷന്‍ വാര്‍ഷികത്തില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.

ജാതി, മത ശക്തികളെയെല്ലാം കവച്ചുവെക്കുന്ന മതേതരബോധം പ്രകടിപ്പിക്കുന്ന സമൂഹമാണ് കേരളയീര്‍. 90 ശതമാനം മലയാളികളും മതേതരത്വത്തില്‍ പ്രതീക്ഷ പുലര്‍ത്തുന്നവരാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ അതു പ്രകടമാണ്. ബി ജെ പിയെ പ്രതിരോധിക്കാന്‍ ശക്തമായ നിലപാടാണ് പല മണ്ഡലങ്ങളിലും ജനം പുലര്‍ത്തിയത്. അതു കൊണ്ടാണ് മുഖ്യധാരാ പാര്‍ട്ടികള്‍ക്ക് ചില മണ്ഡലങ്ങളില്‍ മൂന്നാംസ്ഥാനത്തേക്കു പോകേണ്ടി വന്നത്. ബി ജെ പിക്കെതിരെ ജയിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് വോട്ടു ചെയ്യുക എന്ന വ്യക്തമായ രാഷ്ട്രീയ നിലപാടാണ് ഗുജ്‌റാത്ത് തിരഞ്ഞെടുപ്പില്‍ എ എ പി സ്വീകരിച്ചിരിക്കുന്നത്. പാര്‍ട്ടികള്‍ തമ്മില്‍ മത്സരിക്കുക എന്നതിനു പകരം ബി ജെ പിക്കെതിരെ മത്സരിക്കുക എന്ന നയമാണ് പാര്‍ട്ടിയുടെത്.

കോണ്‍ഗ്രസ് അഴിമതി പാര്‍ട്ടിയാണ്. പക്ഷേ ബി ജെ പി വന്‍ അഴിമതി പാര്‍ട്ടിയും കോര്‍പറേറ്റുകളെ സഹായിക്കുന്ന പാര്‍ട്ടിയുമാണെന്നു തെളിയിച്ചു കഴിഞ്ഞു. അതുകൊണ്ടാണ് ബി ജെ പിയെ മുഖ്യശത്രുവായി തിരഞ്ഞെടുപ്പു നയം സ്വീകരിക്കുന്നത്. ഗുജ്‌റാത്ത് തിരഞ്ഞെടുപ്പ് 2019ല്‍ നടക്കുന്ന പൊതു തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലയാരിക്കും. ചരിത്രത്തില്‍ ഇന്ത്യയുടെ രാഷ്ട്രീയഗതിയെക്കുറിച്ച് സൂചന നല്‍കിയ അനുഭവങ്ങള്‍ ഗുജ്‌റാത്തിനുണ്ട്. മതേതരത്വത്തെയും ജനാധിപത്യത്തെയും അട്ടിമറിച്ചു കൊണ്ടാണ് ബി ജെ പി ഭരിക്കുന്നത്. ഇന്ത്യയെ ജാതി, മത, പ്രാദേശിക വിഭാഗങ്ങളാക്കി വിഭജിക്കാനാണ് ശ്രമം. ജനാധിപത്യത്തെ ബി ജെ പി അട്ടിമറിക്കുന്നു. ബി ജെ പിക്കെതിരെ മതേതര രാഷ്ട്രീയം മേല്‍ക്കോയ്മ നേടുന്നുവെന്നാണ് ദേശീയ കാംപസുകളിലെ തിരഞ്ഞെടുപ്പു ഫലം അറിയിക്കുന്നത്. ജനാധിപത്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉപകരണമായ വോട്ടിംഗ് മെഷീനില്‍ കൃത്രിമം നടത്തുന്നുവെന്ന പരാതികള്‍ ആഴത്തില്‍ പരിശോധിക്കാനോ നടപടി സ്വീകരിക്കാനോ തിരഞ്ഞെടുപ്പു കമ്മീഷന്‍ സന്നദ്ധമാകുന്നില്ല. സ്വന്തം വോട്ടുകളില്‍ ഗണ്യമായ ചോര്‍ച്ച സംഭവിക്കാത്തതു കൊണ്ടാകും മുഖ്യധാരാ പാര്‍ട്ടികള്‍ ഈ പ്രശ്‌നം ദേശീയ തലത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരാത്തത്. സ്വന്തം വോട്ടു നഷ്ടപ്പെട്ടപ്പോഴാണ് ബി എസ് പി രംഗത്തു വന്നത്. എ എ പി തുടക്കം മുതല്‍ ഈ പ്രശ്‌നം ഉന്നയിക്കുന്നുണ്ട്. സമഗ്രമായ പരിശോധനക്ക് കമ്മീഷന്‍ സന്നദ്ധമാകാത്തതിനെത്തുടര്‍ന്നാണ് തിരഞ്ഞെടുപ്പ കമ്മീഷന്‍ മെഷീന്‍ പരിശോധിക്കാന്‍ ക്ഷണിച്ചപ്പോള്‍ എ എ പി പോകാതിരുന്നത്. ആസ്‌ട്രേലിയ, അമേരിക്ക തുടങ്ങിയ രാജ്യങ്ങള്‍ പോലും ഉപേക്ഷിക്കാന്‍ തയാറായ ഇലക്‌ട്രോണിക് വോട്ടിംഗ് രീതി ഒഴിവാക്കേണ്ടതാണ്.

രൂപീകൃതമായി അഞ്ചു വര്‍ഷത്തിനിടെ ഒരു സംസ്ഥാനത്ത് രണ്ടു തവണ അധികാരത്തില്‍ വരികയും പഞ്ചാബില്‍ പ്രതിപക്ഷസ്ഥാനത്തും ഗോവയില്‍ മികച്ച മുന്നേറ്റവും ഉണ്ടാക്കാനായ പാര്‍ട്ടിയാണ് എ എ പി. 1957ല്‍ പാര്‍ലിമെന്റില്‍ പ്രധാന പ്രതിപക്ഷമായിരുന്ന ഇടതുപാര്‍ട്ടികള്‍ ദേശീയ പാര്‍ട്ടി അംഗീകാരത്തിനു വേണ്ടി പാടുപെടുമ്പോഴാണ് ഇത്. സമാന്തരരാഷ്ട്രീയത്തിന്റെ വഴിയാണ് എ എ പി തേടുന്നത്. കേരളത്തിലെ ജനങ്ങളുടെ സമരത്തിനൊപ്പം നില്‍ക്കുന്നത് അതുകൊണ്ടാണ്. ഇത്തരം സമരങ്ങളെ തീവ്രവാദ മുദ്രകുത്തി അടിച്ചൊതുക്കാനാണ് ഭരണകൂടം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എ എ പി നാഷനല്‍ കമ്മിറ്റി അംഗവും കേരള നിരീക്ഷകനുമായ ഗിരീഷ് ചൗധരി, വണ്‍ ഇന്ത്യ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

 

---- facebook comment plugin here -----

Latest