Connect with us

Gulf

ആഡംബര കപ്പല്‍ മെയിന്‍ ഷിഫ് 5 വീണ്ടും ദോഹയില്‍ നങ്കൂരമിട്ടു

Published

|

Last Updated

ദോഹ: ജര്‍മനിയുടെ മെയിന്‍ ഷിഫ് 5 ആഡംബര കപ്പല്‍ വീണ്ടും ദോഹ തുറമുഖത്ത് നങ്കൂരമിട്ടു. യാത്രക്കാരെ ഖത്വര്‍ ടൂറിസം അതോറിറ്റിയും ഖത്വര്‍ തുറമുഖ മാനേജ്‌മെന്റ് കമ്പനിയായ മവാനി ഖത്വറും ആഭ്യന്തര മന്ത്രാലയത്തിലെ ഇമിഗ്രേഷന്‍ വകുപ്പും ചേര്‍ന്ന് പരമ്പരാഗത രീതിയില്‍ സ്വീകരിച്ചു. 3500 യാത്രക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഈ സീസണില്‍ ദോഹ തുറമുഖത്ത് നങ്കൂരമിട്ട ആദ്യത്തെ മെഗാ ആഡംബര കപ്പലാണ് മെയിന്‍ ഷിഫ് 5. 293 മീറ്റര്‍ നീളവും 15 ഡെക്കുകളുമാണ് കപ്പലിനുള്ളത്.

ഈ സീസണില്‍ ഇതു രണ്ടാംതവണയാണ് മെയിന്‍ ഷിഫ് 5 ദോഹയിലെത്തുന്നത്. നേരത്തെ നവംബര്‍ 22നും കപ്പല്‍ ദോഹയിലെത്തിയിരുന്നു. ദോഹ 12 തവണ സന്ദര്‍ശിച്ചിട്ടുള്ള ജര്‍മന്‍ കപ്പലാണിത്. മവാനി ഖത്വര്‍ പുറത്തുവിട്ട ഷെഡ്യൂള്‍ പ്രകാരം ഈ സീസണില്‍ ആറ് തവണ കൂടി മെയ്ന്‍ ഷിഫ് 5 ദോഹയിലെത്തും. ഇറ്റാലിയന്‍ മെഗാ കപ്പലായ എം എസ ്‌സി സ്്‌പ്ലെന്‍ഡിഡയും ഈ സീസണില്‍ ആറ് തവണ ദോഹയില്‍ നങ്കൂരമിടും. 3900 യാത്രക്കാരെ ഉള്‍ക്കൊള്ളാനുള്ള സൗകര്യം ഈ കപ്പലിലുണ്ട്. ഒക്‌ടോബര്‍ 26നാണ് പുതിയ സീസണിന് തുടക്കം കുറിച്ചത്. അതിനുശേഷം ഇതുവരെ നാല് കപ്പലുകള്‍ ദോഹ തീരത്തെത്തി. 600 യാത്രക്കാരുമായി സീബോണ്‍ എന്‍കോര്‍ എന്ന ആഡംബര യാത്രാക്കപ്പലാണ് സീസണിലാദ്യം ദോഹയിലെത്തിയത്. തുടര്‍ന്ന് അസമാര ജേണി കപ്പലും ദോഹയില്‍ നങ്കൂരമിട്ടു. ആഡംബര കപ്പലായ ഫിന്‍ലന്‍ഡിന്റെ ക്രിസ്റ്റല്‍ സിംഫണി നവംബര്‍ 25ന് ദോഹ തുറമുഖത്തെത്തി. 1800ഓളം യാത്രക്കാരായിരുന്നു കപ്പലിലുണ്ടായിരുന്നത്. ഖത്വറിലേക്കുള്ള ക്രിസ്റ്റല്‍ സിംഫണിയുടെ ആദ്യയാത്രയായിരുന്നു അത്്. സമുദ്രമാര്‍ഗം കൂടുതല്‍ വിനോദസഞ്ചാരികളെ ഖത്വറിലെത്തിക്കാന്‍ ഖത്വര്‍ ടൂറിസം അതോറിറ്റി ഊര്‍ജിത ശ്രമങ്ങളാണ് നടത്തുന്നത്. 2015ല്‍ 400 യാത്രക്കാരായിരുന്നു എത്തിയത്. ഈ വര്‍ഷം 60,000 യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്. 2022ല്‍ യാത്രക്കാരുടെ എണ്ണം അഞ്ചുലക്ഷമായി വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. സമുദ്ര വിനോദസഞ്ചാര സീസണിന് കുതിപ്പേകുന്നതാണിത്.

Latest