മധ്യപൗരസ്ത്യ ദേശത്തെ ഏറ്റവും വലിയ ഡേ സര്‍ജറി സെന്റര്‍ തുറന്നു

Posted on: December 8, 2017 9:49 pm | Last updated: December 8, 2017 at 9:49 pm

അബുദാബി: വി പി എസ് ഹെല്‍ത് കെയര്‍ മധ്യപൗരസ്ത്യ ദേശത്തെ ഏറ്റവും വലിയ ഡേ കെയര്‍ സര്‍ജറി കേന്ദ്രം തുറന്നു. ബുര്‍ജീല്‍ ഡേ കെയര്‍ സര്‍ജറി സെന്റര്‍ എന്ന പേരില്‍ 135,000 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ അബുദാബി റീം ഐലന്‍ഡിലെ ആര്‍ക് ടവറിലാണ് കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചത്.

ആരോഗ്യ വകുപ്പ് ചെയര്‍മാന്‍ ശൈഖ് അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍ ഹമദ്, അല്‍ദാര്‍ പ്രോപര്‍ട്ടീസ് സി ഇ ഒ തലാല്‍ അല്‍ ദിയേബി, ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം എ യൂസുഫലി, വി പി എസ് ഹെല്‍ത്‌കെയര്‍ ചെയര്‍മാന്‍ ഡോ. ഷംഷീര്‍ വയലില്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

36 വിദഗ്ധ ഡോക്ടര്‍മാര്‍, 60 നഴ്‌സുമാര്‍, 100ലധികം മറ്റു ജീവനക്കാര്‍ എന്നിവരുള്‍കൊള്ളുന്ന ബുര്‍ജീല്‍ ഡേ കെയര്‍ സെന്റര്‍ റീം ഐലന്‍ഡിലെ ഏക ചികിത്സാ കേന്ദ്രവും ഏകദിന ശസ്ത്രക്രിയകള്‍ ഉള്‍പെടെയുള്ള ചികിത്സകള്‍ ലഭ്യമാക്കുന്ന സമ്പൂര്‍ണ കുടുംബ ചികിത്സാലയവുമാണ്. 64 കണ്‍സള്‍ട്ടിംഗ് സ്യൂട്ടുകള്‍, മൂന്ന് ശസ്ത്രക്രിയാ തിയറ്ററുകള്‍, മൂന്ന് എന്‍ഡോസ്‌കോപി സ്യൂട്ടുകള്‍, 24 ഡേ കെയര്‍ ബെഡുകള്‍, റോബോട്ടിക് ഫാര്‍മസി തുടങ്ങിയവയും ഈ കേന്ദ്രത്തിലുണ്ട്. ആയുര്‍വേദം, ചിറോപ്രാക്ടിക് ചികിത്സകളും കേന്ദ്രത്തില്‍ ലഭിക്കും.

റീം ഐലന്‍ഡിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങള്‍ക്ക് സവിശേഷമായ ചികിത്സാ സേവനങ്ങള്‍ ലഭ്യമാക്കാന്‍ സാധിക്കുന്നതില്‍ ഏറെ അഭിമാനമുണ്ടെന്ന് വി പി എസ് ഹെല്‍ത് കെയര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷംഷീര്‍ വയലില്‍ പറഞ്ഞു. ശസ്ത്രക്രിയകള്‍ ഉള്‍പെടെ വിപുലമായ ചികിത്സകള്‍ കുടുംബങ്ങള്‍ക്ക് കേന്ദ്രം നല്‍കും. യു എ ഇയിലെ ജനങ്ങള്‍ക്ക് ആഗോള നിലവാരത്തിലുള്ള ആരോഗ്യപരിചരണം ലഭ്യമാക്കണമെന്ന യു എ ഇ സര്‍ക്കാരിന്റെ കാഴ്ചപ്പാടിന് അനുസൃതമായ പ്രവര്‍ത്തനമാണ് വി പി എസ് ഹെല്‍ത് കെയര്‍ കാഴ്ചവെക്കുന്നത്. യു എ ഇയിലെ സവിശേഷ ചികിത്സാ സൗകര്യങ്ങള്‍ക്ക് പുതിയ മാനം സൃഷ്ടിക്കാന്‍ ബുര്‍ജീല്‍ ഡേ കെയര്‍ സെന്ററിനാകുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

2015 അവസാനത്തിലാണ് ബുര്‍ജീല്‍ ഡേ കെയര്‍ സെന്റര്‍ സ്ഥാപിക്കുന്ന ആശയത്തില്‍ അല്‍ദാറും വി പി എസും തമ്മില്‍ ചര്‍ച്ച നടത്തിയതെന്ന് അല്‍ദാര്‍ പ്രോപര്‍ട്ടീസ് സി ഇ ഒ തലാല്‍ അല്‍ ദിയേബി പറഞ്ഞു. പൊതുജനങ്ങള്‍ക്കായി കേന്ദ്രം തുറക്കാനായതിലും ഈ വിശിഷ്ടമായ സംവിധാനത്തില്‍ വി പി എസുമായും ഡോ. ഷംഷീറുമായും സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.