Connect with us

Ongoing News

വിരാട് കോഹ്‌ലി രണ്ടാം റാങ്കില്‍

Published

|

Last Updated

ദുബൈ: ശ്രീലങ്കക്കെതിരെ ടെസ്റ്റ് പരമ്പരയില്‍ മാന്‍ ഓഫ് ദ സീരീസ് ആയ വിരാട് കോഹ്‌ലി ഐ സി സി ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തേക്ക് കയറി. കോഹ് ലി 243 റണ്‍സ് കരിയര്‍ ബെസ്റ്റ് പ്രകടനം ഉള്‍പ്പടെ 610 റണ്‍സാണ് പരമ്പരയില്‍ സ്‌കോര്‍ ചെയ്തത്. പരമ്പര ആരംഭിക്കുമ്പോള്‍ ബാറ്റിംഗ് റാങ്കിംഗില്‍ വിരാട് ആറാം സ്ഥാനത്തായിരുന്നു.

എന്നാല്‍, മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പര 1-0ന് ഇന്ത്യ സ്വന്തമാക്കിയതിന് ശേഷം വന്‍ കുതിപ്പാണ് ക്യാപ്റ്റന്‍ നടത്തിയത്. ഡേവിഡ് വാര്‍ണര്‍, ചേതേശ്വര്‍ പുജാര, കാന്‍ വില്യംസന്‍, ജോ റൂട്ട് എന്നിവര്‍ വിരാട് കോഹ് ലിക്ക് പിറകിലായി.

ആസ്‌ത്രേലിയ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്താണ് ഒന്നാം സ്ഥാനത്ത്. 45 പോയിന്റ് വ്യത്യാസത്തിലാണ് സ്മിത്ത് മുന്നിട്ട് നില്‍ക്കുന്നത്.

സ്മിത്തിന് 938ഉം വിരാടിന് 893ഉം ആണ് പോയിന്റ്. ഏകദിനത്തിലും ട്വന്റി20യിലും ഒന്നാംസ്ഥാനത്ത് നില്‍ക്കുന്ന വിരാടിന് ടെസ്റ്റില്‍ കൂടി ഒന്നാം സ്ഥാനം കരസ്ഥമാക്കാനായാല്‍ റിക്കി പോണ്ടിംഗിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന താരമാകും വിരാട്. 2005-06 കാലഘട്ടത്തിലാണ് പോണ്ടിംഗ് മൂന്ന് ക്രിക്കറ്റ് ഫോര്‍മാറ്റിലും ഒന്നാം നമ്പര്‍ ബാറ്റ്‌സ്മാനായി മാറിയത്.

ആള്‍ റൗണ്ടര്‍ പട്ടികയില്‍ രവീന്ദ്ര ജഡേജ രണ്ടാം സ്ഥാനത്താണ്. രവിചന്ദ്രന്‍ അശ്വിന് ഒരു സ്ഥാനം നഷ്ടമായി. ഇപ്പോള്‍ നാലാം സ്ഥാനത്ത്.

പരമ്പരയില്‍ നിന്ന് ശ്രീലങ്കന്‍ താരങ്ങളും മെച്ചമുണ്ടാക്കിയിട്ടുണ്ട്. ക്യാപ്റ്റന്‍ ദിനേശ് ചാണ്ഡിമാല്‍ ബാറ്റിംഗ് റാങ്കിംഗില്‍ എട്ട് സ്ഥാനം കയറി ഒമ്പതാം സ്ഥാനത്ത്. പരമ്പരയില്‍ 336 റണ്‍സാണ് ചാണ്ഡിമാല്‍ സ്‌കോര്‍ ചെയ്തത്.

ഐ സി സി ടെസ്റ്റ് ടീം റാങ്കിംഗില്‍ ഇന്ത്യക്ക് ഒരു പോയിന്റ് നഷ്ടമായെങ്കിലും ഒന്നാം സ്ഥാനം നഷ്ടമായില്ല. ശ്രീലങ്ക 94 പോയിന്റോടെ ആറാം സ്ഥാനത്ത്.