ഗതാഗത ലംഘനങ്ങള്‍ പരാതിപ്പെടാന്‍ പോലീസ് സ്മാര്‍ട് സംവിധാനം

Posted on: December 7, 2017 8:29 pm | Last updated: December 7, 2017 at 8:29 pm

ദുബൈ: ഗതാഗത തടസ്സങ്ങള്‍ക്ക് കാരണമാകുന്ന വാഹനങ്ങളെ കുറിച്ച് പരാതിപ്പെടാന്‍ പ്രത്യേക സ്മാര്‍ട് സംവിധാനവുമായി ദുബൈ പോലീസ്. പൊതുജനങ്ങള്‍ക്ക് തങ്ങളുടെ സ്മാര്‍ട് ഫോണുകളില്‍ പ്രത്യേക ആപ് ഡൗണ്‍ലോഡ് ചെയ്ത് ഗതാഗത നിയമലംഘനങ്ങള്‍ നടത്തുന്ന വാഹനങ്ങളുടെ ചിത്രങ്ങള്‍ സഹിതം പോലീസ് ആസ്ഥാനത്തേക്ക് പരാതിപ്പെടുന്നതിനുള്ള സൗകര്യമാണ് സ്മാര്‍ട് സംവിധാനത്തിലൂടെ ഒരുക്കിയിട്ടുള്ളതെന്ന് ദുബൈ പൊലീസിന് കീഴിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഖാലിദ് നാസര്‍ അല്‍ റസൂഖി പറഞ്ഞു.

പ്രത്യേക സേവനങ്ങള്‍ ഒരുക്കുന്ന ആപ് ആപ്പിള്‍ സ്റ്റോറില്‍ ലഭ്യമാണ്. ആന്‍ഡ്രോയിഡില്‍ ലഭ്യമാകുന്ന ആപില്‍ സേവനങ്ങള്‍ അടുത്ത് തന്നെ പരിഷ്‌കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിയമലംഘനം നടത്തുന്ന വാഹനങ്ങളെ കുറിച്ച് ചിത്ര സഹിതം പോലീസ് ആസ്ഥാനത്തേക്ക് അറിയിക്കുന്നതോടെ അധികൃതര്‍ക്ക് നടപടി സ്വീകരിക്കുന്നത് എളുപ്പമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പരാതിയനുസരിച്ച് കണ്‍ ട്രോള്‍ റൂമില്‍നിന്ന് ലഭിക്കുന്ന നിര്‍ദേശാനുസരണം പരിസരത്തുള്ള പട്രോള്‍ സംഘം എത്തുകയും ഗതാഗത തടസമുണ്ടാകുന്ന വാഹനം എടുത്തുമാറ്റാന്‍ ആവശ്യപ്പെടുകയും ചെയ്യും. ഗതാഗതം സുഗമമാക്കാത്ത വാഹനങ്ങള്‍ക്ക് പിഴയടക്കമുള്ള ശിക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ക്ക് പുതിയ സംവിധാനത്തിന്റെ സഹായത്തോടെ കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ആപ് ഡൗണ്‍ലോഡ് ചെയ്തിട്ടുള്ള ഉപഭോക്താക്കള്‍ക്ക് ഗതാഗത പിഴകള്‍ ഒടുക്കുന്നതിന് പ്രത്യേക സൗകര്യം പ്രധാന പേജില്‍ ഒരുക്കിയിട്ടുണ്ട്. ആപില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വ്യക്തിയുടെ വാഹനത്തിന്റെ മേല്‍ ഏര്‍പെടുത്തിയിട്ടുള്ള ഗതാഗത പിഴകളുടെ വിവരങ്ങള്‍ പ്രത്യേക സന്ദേശമായും ആപിലൂടെ ലഭ്യമാക്കുന്നതിനും സംവിധാനം ഒരുക്കിയിട്ടുണ്ട്. 26 ലക്ഷം ജനങ്ങളാണ് ഐ ഒ എസ്, ആന്‍ഡ്രോയിഡ് എന്നീ സംവിധാങ്ങള്‍ വഴി ദുബൈ പോലീസിന്റെ ആപ് ഡൗണ്‍ലോഡ് ചെയ്തിട്ടുള്ളത്. ഈ വര്‍ഷം 151,361 വ്യവഹാരങ്ങളാണ് ആപ് വഴി നടന്നത്.

സ്മാര്‍ട് ഗവണ്മെന്റ് പദ്ധതികളെ കരുത്താര്‍ജിപ്പിക്കുന്നതിന്റെ ഭാഗമായാണ് സ്മാര്‍ട് സംവിധാനങ്ങളിലൂടെ കൂടുതല്‍ സേവനങ്ങള്‍ ഒരുക്കുന്നത്. കൂടുതല്‍ ജനങ്ങള്‍ പോലീസ് ആപ് ഡൗ ണ്‍ലോഡ് ചെയ്യുകയും സേവനങ്ങള്‍ സ്മാര്‍ട് സംവിധാനങ്ങളിലൂടെ ക്രമീകരിച്ചാല്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സമയലാഭവും സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാകുകയും ചെയ്യുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.