ഈ മനുഷ്യര്‍, ഇവരുടെ അവകാശങ്ങള്‍

Posted on: December 7, 2017 6:27 am | Last updated: December 6, 2017 at 11:31 pm

ഓരോ മനുഷ്യനും അവകാശത്തോടെയാണ് ജനിക്കുന്നത്. എന്നാല്‍ സാമ്പത്തികമായോ സാംസ്‌കാരികമായോ രാഷ്ട്രീയമായോ പാര്‍ശ്വവത്കരിക്കപ്പെടുന്ന ജനത ഈ അവകാശങ്ങളെല്ലാം ദിവാസ്വപ്‌നം കാണേണ്ടിവരികയാണ്.
എല്ലാ മനുഷ്യര്‍ക്കും പരദ്രോഹമില്ലാതെ ജീവിക്കാന്‍ അവകാശമുണ്ടായിട്ടും എന്തു കൊണ്ട് അതിന്റെ ഫലമായ സ്വാതന്ത്ര്യം മനുഷ്യന് ലഭിക്കുന്നില്ല? എല്ലായ്‌പ്പോഴും മനുഷ്യാവകാശ സംരക്ഷണം എന്ന് പറഞ്ഞിട്ട് ഒരു വിഭാഗം എപ്പോഴും അധഃസ്ഥിതരായി തന്നെ നില നില്‍ക്കുന്നതിന്റെ ഹേതു എന്താണ്? മനുഷ്യന്‍ ജീവിക്കാന്‍ യാചിക്കേണ്ടിവരന്നത് എന്തുകൊണ്ട്? എന്നീ ചോദ്യങ്ങള്‍ മനുഷ്യാവകാശ പ്രഖ്യാപനത്തിന് 69 വര്‍ഷം തികയുമ്പോഴും അവശേഷിക്കുന്നുണ്ട്.

1948ലെ മനുഷ്യാവകാശ പ്രഖ്യാപനത്തിന് എത്രയോ മുമ്പ് തന്നെ മനുഷ്യാവകാശ പ്രഖ്യാപനങ്ങള്‍ നടന്നിട്ടുണ്ട്. 1215ലെ മാഗ്നകാര്‍ട്ടയാണ് ആദ്യത്തേത്. അതിന് ശേഷം 1776ല്‍ നടന്ന അമേരിക്കന്‍ ഡിക്ലറേഷന്‍ ഓഫ് ഇന്‍ഡിപെന്‍ഡന്‍സ്, 1789ല്‍ നടന്ന ഫ്രഞ്ച് ഡിക്ലറേഷന്‍ ഓഫ് മെന്‍നും ചരിത്രത്തിലെ മനുഷ്യാവകാശ പ്രഖ്യാപനങ്ങളായി അറിയപ്പെടുന്നു. മനുഷ്യാവകാശ ലംഘനങ്ങള്‍ കൊടുമ്പിരിക്കൊണ്ട ഘട്ടങ്ങളില്‍ അവയുടെ വിരാമമായിട്ടാണ് ഈ പ്രഖ്യാപനങ്ങളെല്ലാം നടന്നത്. 1789ലെ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്ന പ്രമേയത്തില്‍ നടന്ന ഫ്രഞ്ച് വിപ്ലവത്തിന്റെ പ്രധാന ഭാഗമാണ് ഡിക്ലറേഷന്‍ ഓഫ് മെന്‍. അതുപോലെ രണ്ടാം ലോക മഹായുദ്ധത്തിന്റെ തൊട്ടുടനെയാണ് സാര്‍വദേശീയ മനുഷ്യാവകാശ പ്രഖ്യാപനം നടന്നത്.

അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനത്തിലെ പ്രധാന ഘടകങ്ങളായി എണ്ണുന്നത് ഇവയാണ്: ജീവനും വ്യക്തി സ്വാതന്ത്ര്യത്തിനുമുള്ള അവകാശം. അടിമത്തം, അടിമ വ്യാപാരം തുടങ്ങിയവ നിരോധിക്കുക. നിയമത്തിന് മുമ്പില്‍ എല്ലാവരും തുല്യരാണ്. ഒരു വ്യക്തിയെയും അന്യായമായി അറസ്റ്റു ചെയ്യാനോ തടവിലാക്കാനോ നാടുകടത്താനോ പാടില്ല. അഭിപ്രായ പ്രകടനത്തിനുള്ള സ്വാതന്ത്ര്യം. സമാധാനപരമായി സമ്മേളിക്കുന്നതിനും സംഘടനകള്‍ രൂപവത്കരിക്കാനുമുള്ള സ്വാതന്ത്ര്യം. നേരിട്ടോ അല്ലാതെയോ രാജ്യത്തെ ഭരണ നിര്‍വഹണ പ്രക്രിയയിലും തിരഞ്ഞെടുപ്പുകളിലും പങ്കെടുക്കാനുള്ള സ്വാതന്ത്ര്യം. പൊതു ഇടങ്ങളില്‍ തുല്യത. ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യം. തുല്യ ജോലിക്ക് തുല്യ വേതനം. മതിയായ ഭക്ഷണവും വസ്ത്രവും പാര്‍പ്പിടവും ഉറപ്പുവരുത്തിക്കൊണ്ട് നല്ല ജീവിതാവസ്ഥ ഉണ്ടാക്കുക. അവരവരുടേതായ സാംസ്‌കാരിക കാര്യങ്ങള്‍ വിനിമയം ചെയ്യുന്നതിനുള്ള അവസരവും സ്വാതന്ത്ര്യവും.

ഈ പതിനൊന്ന് കാര്യങ്ങളും മനുഷ്യര്‍ക്ക് വിഭാഗീയതയുടെ വിഷം ചേര്‍ത്തല്ലാതെ വിഭാവനം ചെയ്യുന്നില്ല എന്നത് ലോക വൃത്താന്തങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയും. ജീവിക്കാനും വ്യക്തി സ്വാതന്ത്ര്യത്തിനുമുള്ള അവകാശം തീര്‍ത്തും ലിഖിതമായി മാത്രം കിടക്കുന്നു എന്ന് അമേരിക്കയിലെയും മറ്റു രാഷ്ട്രങ്ങളിലെയും നിറയൊഴിക്കുന്ന തോക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. ഇന്ത്യയിലേക്ക് നോക്കിയാല്‍ ഇശ്‌റത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍, ഗോവധത്തിന്റെ പേരിലുള്ള അഖ്‌ലാക്കിന്റെയും പെഹലൂഖാന്റെയും കൊലപാതകം. കേരളത്തില്‍ റിയാസ് മൗലവി. നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണ് എന്നതിനെ ഇന്ത്യയിലെ നിയമവ്യവസ്ഥയുമായി താരതമ്യം ചെയ്യുമ്പോള്‍ അതിന്റെ നിരര്‍ഥകത മനസ്സിലാവും. നിയമം ചിലന്തി വലയാണ്. ചെറിയ പ്രാണികള്‍ അതില്‍ കുരുങ്ങുന്നു. വലിയ പ്രാണികള്‍ രക്ഷപ്പെടുന്നു. നിയമത്തെ വലിയ രാഷ്ട്രീയ സാമ്പത്തിക ശക്തികള്‍ മുതലെടുക്കുന്ന ദൃശ്യങ്ങളാണ് ഇന്ത്യയില്‍ കാണുന്നത്. മഅ്ദനി എന്ന ഇര ഇതിന്റെ വലിയൊരു പ്രതീകമാണ്. അന്യായമായി അറസ്റ്റ് ചെയ്യപ്പെട്ട് മഅ്ദനി പരപ്പന അഗ്രഹാര ജയിലിലെ അഴികള്‍ക്കിടയില്‍ ദുഃഖത്തിന്റെ ഭാരം പേറി ഏറെ കാലം ജീവിതം തള്ളി നീക്കിയപ്പോള്‍ പ്രഗ്യാസിംഗും അസീമാനന്ദയും സകല സൗകര്യങ്ങളോടെയും ആഡംബരത്തോടെയും ജീവിക്കുന്നു. ഏത് മനുഷ്യനാണിവിടെ അവകാശങ്ങള്‍ ലഭിക്കുന്നത്? ഒരു വ്യക്തിയെയും അന്യായമായി തടവിലാക്കാനോ നാടുകടത്താനോ പാടില്ല എന്നത് മനുഷ്യാവകാശത്തിലെ കാതലായ അവകാശമായിരിക്കെ എന്തു കൊണ്ടാണ് തടവറകളില്‍ ഇന്നും നിരപരാധികള്‍ മൃഗീയതക്ക് ഇരയാകുന്നത്? റോഹിംഗ്യകളെന്ത് കൊണ്ട് സ്വന്തം നാട് വിടേണ്ടി വരുന്നു? സാര്‍വദേശീയ മനുഷ്യാവകാശ പ്രഖ്യാപനത്തിലെ ഓരോ അവകാശങ്ങളും സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ ഒരു വിഭാഗം മനുഷ്യര്‍ അവകാശങ്ങള്‍ ലംഘിക്കപ്പെട്ടവരായി മാത്രം ലോകത്ത് ഉണ്ടെന്ന് മനസ്സിലാകും. മതിയായ ഭക്ഷണവും വസ്ത്രവും പാര്‍പ്പിടവും ഉറപ്പുവരുത്തിക്കൊണ്ട് നല്ല ജീവിതാവസ്ഥ ഉണ്ടാവുക എന്നത് മനുഷ്യാവകാശമായിരിക്കെ ലോകത്ത് ലക്ഷക്കണക്കിന് ചേരികള്‍ അടുപ്പ് പുകയാതെ നേരം പുലരുന്നു.

ഈ ലംഘനങ്ങളെല്ലാം നടക്കുന്നത് അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഗവണ്‍മെന്റിന്റെ കീഴില്‍ തന്നെ സംവിധാനങ്ങള്‍ ഉണ്ടായിരിക്കെയാണെന്നത് ഏറെ വിചിത്രമാണ്. അന്താരാഷ്ട്ര തലത്തില്‍ ആംനസ്റ്റി ഇന്റര്‍ നാഷനല്‍, ഹ്യൂമന്‍ റൈറ്റ്‌സ്, പീപ്പിള്‍സ് യൂനിയന്‍ ഫോര്‍ ലിബര്‍ട്ടീസ്, യു എന്‍ ഹ്യൂമന്‍ റൈറ്റ്‌സ് കൗണ്‍സില്‍, എന്നിവ പ്രവര്‍ത്തിക്കുന്നു. ഒരുപാട് സര്‍ക്കാര്‍ സംഘടനകള്‍ ഉണ്ടായിരിക്കെ മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കും ശാരീരിക ബുദ്ധിമുട്ടുള്ളവര്‍ക്കും അവകാശങ്ങള്‍ നേടിയെടുക്കാന്‍ പലപ്പോഴും പ്രതിജ്ഞാബദ്ധരാകുന്നത് ഇവിടുത്തെ സ്വകാര്യ സ്ഥാപനങ്ങളാണ്. ഗവണ്‍മെന്റിന് കീഴിലുള്ള മനുഷ്യാവകാശ കമ്മീഷനും ബാലാവകാശ കമ്മീഷനും വനിതാ കമ്മീഷനുമെല്ലാം കേവലം നോക്കുകുത്തികളായി മാറുന്നു. ഹാദിയയുടെ വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷന്റെ ‘അവധാനത’ വ്യക്തമാണ്. വയനാട്ടിലെയും ഇടുക്കിയിലെയും ആദിവാസി സ്ത്രീകള്‍ വിവിധ പീഡനങ്ങള്‍ക്കിരയാവുന്നത് തുടര്‍ക്കഥയാകുന്നു. തന്റെ അവകാശങ്ങളെന്തെല്ലാമെന്ന് തിരിച്ചറിയാന്‍ ഓരോ പൗരനും കഴിയുകയും അവ നേടിയെടുക്കാന്‍ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്നതിലൂടെ ഒരു പരിധിവരെ മനുഷ്യാവകാശ ലംഘനങ്ങളെ ലഘൂകരിക്കാനാകും.