Connect with us

Ongoing News

എമിറേറ്റ്‌സ് റോഡിലെ നവീകരിച്ച ഷാര്‍ജ - ദുബൈ എക്‌സിറ്റ് അടുത്ത വര്‍ഷം ആഗസ്റ്റോടെ

Published

|

Last Updated

ദുബൈ: എമിറേറ്റ്‌സ് റോഡിലെ നിര്‍മാണം പുരോഗമിക്കുന്ന ദുബൈ-ഷാര്‍ജ എക്സിറ്റുകള്‍ അടുത്ത വര്‍ഷം ആഗസ്റ്റോടെ പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങള്‍ക്ക് ഷാര്‍ജ, ഫുജൈറ, റാസ് അല്‍ ഖൈമ എന്നിവിടങ്ങളിലേക്ക് സുഗമമായി കടന്നുപോകുന്നതിനുള്ള സൗകര്യമാണ് പദ്ധതിയിലൂടെ ഒരുങ്ങുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഷാര്‍ജ-മലീഹ റോഡില്‍ നിന്ന് ദുബൈ ഭാഗത്തേക്കുള്ള അധിക പാതകളുടെ പണിയും ഇതോടൊപ്പം പുരോഗമിക്കുന്നുണ്ടെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. 20 കോടി ദിര്‍ഹം ചിലവില്‍ നിര്‍മാണം പുരോഗമിക്കുന്ന പദ്ധതിയില്‍ മൂന്നു വരി പാതകളാണ് എക്‌സിറ്റ് റാംപില്‍ ഉണ്ടാകുക.
അല്‍ ബാദി ഇന്റര്‍ചെയ്ഞ്ചിന്റെ നിര്‍മാണം 60 ശതമാനം പൂര്‍ത്തീകരിച്ചിട്ടുണ്ട്. അടുത്ത വര്‍ഷം ആഗസ്റ്റ് മാസത്തോടെ നിര്‍മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചു പാത ഗതാഗത യോഗ്യമാക്കും. നിലവില്‍ 9000 വാഹനങ്ങളാണ് മണിക്കൂറില്‍ കടന്ന് പോകുന്നത്. പദ്ധതി പൂര്‍ത്തീകരിക്കുന്നതോടെ പുതിയ പാതയിലൂടെ 17,700 വാഹനങ്ങള്‍ മണിക്കൂറില്‍ കടന്ന് പോകാന്‍ പാകത്തിലുള്ളതാകുമെന്ന് അടിസ്ഥാന സൗകര്യ വികസന മന്ത്രാലയത്തിലെ റോഡ് ഡിപാര്‍ട്‌മെന്റ് ഡയറക്ടര്‍ അഹ്മദ് അല്‍ ഹമ്മാദി പറഞ്ഞു.
എമിറേറ്റ്‌സ് റോഡില്‍ ഷാര്‍ജ ഭാഗത്തേക്കുള്ള പാതയില്‍ നാല് പ്രധാന എക്സിറ്റുകളാണ് ഉള്ളത്. ഇത്തിഹാദ്, മുഹമ്മദ് ബിന്‍ സായിദ് റോഡ്, എയര്‍പോര്‍ട്ട് ടണല്‍ റോഡ് എന്നിവിടങ്ങളിലെ ഇടുങ്ങിയ എക്സിറ്റുകളില്‍ ഗതാഗത സ്തംഭനം പതിവാണ്. പുതിയ പദ്ധതിയില്‍ ഒമ്പത് പാതകളാണ് എക്‌സിറ്റ് ഭാഗത്തു മാത്രമായി നിര്‍മാണത്തിലുള്ളത്. ഇവ ഗതാഗത യോഗ്യമാകുന്നതോടെ ഈ മേഖലയിലെ ഗതാഗത സ്തംഭനത്തിന് പരിഹാരമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഷാര്‍ജ ഭാഗത്തു നിന്നുള്ളതും തിരിച്ചുമുള്ള ഗതാഗതം കൂടുതല്‍ സുഗമമാക്കി എല്ലാ ഭാഗത്തേക്കും കൂടുതല്‍ പാതകള്‍ ഒരുക്കുന്നുണ്ട്. നിലവിലെ മൂന്നു വരി പാത എന്നതില്‍ നിന്ന് ഒമ്പതു വരിയായി പാതയെ ഉയര്‍ത്തുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
മലീഹ റോഡിന്റെ നവീകരണം അവസാന ഘട്ടത്തിലാണ്. രണ്ടു വരിയുള്ള പാതകളോടൊപ്പം മൂന്നാമത് വരി നവീകരിക്കുന്ന പ്രവര്‍ത്തികളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. അടുത്ത വര്‍ഷം ഫെബ്രുവരിയോടെ നവീകരണ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചു മലീഹ റോഡ് മൂന്ന് പാതകളോട് കൂടി ഗതാഗതയോഗ്യമാക്കും, അദ്ദേഹം വ്യക്തമാക്കി.