Connect with us

National

ഗുജറാത്ത് ഗ്രാമങ്ങള്‍ കോണ്‍ഗ്രസിനൊപ്പം; മോദിയുടെ ജനപിന്തുണയില്‍ 18 ശതമാനം ഇടിവ്

Published

|

Last Updated

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ കനത്ത വെല്ലുവിളി നേരിടുന്ന ബി ജെ പിക്ക് കനത്ത തിരിച്ചടി പ്രവചിച്ചാണ് കഴിഞ്ഞ ദിവസം എ ബി പി ന്യൂസ് സി എസ് ഡി എസ് സര്‍വേ ഫലം പുറത്തുവന്നത്. 22 വര്‍ഷമായി ഗുജറാത്ത് ഭരിക്കുന്ന ബി ജെ പിക്ക് തിരിച്ചടിയായ സര്‍വേ ഫലം ഗുജറാത്തിന്റെ പുത്രനായി ബി ജെ പി അവതരിപ്പിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിപ്രഭാവത്തില്‍ ഇടിവ് വന്നിട്ടുണ്ടെന്നും, രാഹുല്‍ ഗാന്ധി ജന പിന്തുണ വര്‍ധിപ്പിച്ചതായും വിലയിരുത്തുന്നുണ്ട്.

ഗ്രാമങ്ങള്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമ്പോള്‍ നഗരങ്ങള്‍ ബി ജെ പിയെ കൈവിടില്ലെന്ന് സര്‍വേ പറഞ്ഞു വെക്കുന്നുണ്ട്. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും, പട്ടീദാര്‍ ആന്തോളന്‍ സമിതി നേതാവ് ഹര്‍ദിക് പട്ടേലിന്റെയും ജനപിന്തുണയില്‍ ഇടിവ് വന്നപ്പോള്‍ നാല് മാസത്തിനിടെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ജനപ്രീതി 17 ശതമാനം വര്‍ധിച്ചു. നരേന്ദ്ര മോദിയുടെ ജനപിന്തുണയില്‍ 18 ശതമാനവും, ഹര്‍ദിക് പട്ടേലിന്റെ സ്വീകാര്യതയില്‍ ആറ് ശതമാനവുമാണ് ഇടിവ് വന്നത്.

ആദ്യഘട്ട വോട്ടെടുപ്പിന് രണ്ട് ദിവസം ശേഷിക്കെയാണ് സര്‍വേ ഫലം പുറത്തു വന്നത്. നിലവില്‍ ഗുജറാത്ത് ഭരിക്കുന്ന ബി ജെ പിക്കും പ്രതിപക്ഷമായ കോണ്‍ഗ്രസിനും 43 ശതമാനം വോട്ടു വിഹിതമാണ് സര്‍വേ ഫലം പ്രവചിക്കുന്നത്. എന്നാല്‍ സീറ്റുകളുടെ എണ്ണത്തില്‍ ബി ജെ പിക്ക് സര്‍വേ ചെറിയ തോതില്‍ മുന്‍തൂക്കം നല്‍കുന്നുണ്ടെങ്കിലും അവസാന ഫലത്തെ കുറിച്ച് വിശദീകരിക്കുന്നില്ല. കഴിഞ്ഞ നാല് മാസത്തിനിടെ ബി ജെ പി ക്ക് വോട്ടു വിഹിതത്തില്‍ 16 ശതമാനത്തിന്റെ കുറവുണ്ടായെന്നാണ് സര്‍വേ ഫലം സൂചിപ്പിക്കുന്നത്. നിലവിലുള്ള ബി ജെ പിയുടെ വോട്ട് വിഹിതം ഒമ്പത് ശതമാനം കുറഞ്ഞ് 40 ലെത്തുമ്പോള്‍ കോണ്‍ഗ്രസ് 11 ശതമാനം വര്‍ധിപ്പിച്ച് 43 ലെത്തും.

ബ്യൂറോ ചീഫ്, തിരുവനന്തപുരം