ഗതാഗത പിഴകള്‍ക്ക് സ്മാര്‍ട് പേ സംവിധാനവുമായി ദുബൈ പോലീസ്

Posted on: December 5, 2017 8:25 pm | Last updated: December 5, 2017 at 8:25 pm

ദുബൈ: ദുബൈ പോലീസ് സ്മാര്‍ട് പോലീസ് സ്റ്റേഷനുകളില്‍ ഗതാഗത പിഴകള്‍ ആപ്പിള്‍ പേ സംവിധാനം വഴി അടക്കാനുള്ള സൗകര്യമൊരുക്കി ദുബൈ പൊലീസിന് കീഴിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഡിപാര്‍ട്‌മെന്റ്.

സ്മാര്‍ട് പോലീസ് സ്റ്റേഷനുകളിലും എല്ലാ ഉപഭോക്തൃ സേവന കേന്ദ്രങ്ങളിലും ആപ്പിള്‍ സ്മാര്‍ട് ഫോണുകള്‍ വഴി പിഴകള്‍ അടക്കാനുള്ള സംവിധാനം ഏര്‍പെടുത്തിക്കഴിഞ്ഞു. ഇതിലൂടെ ഐഫോണുകള്‍ ഉപയോഗിച്ച് സ്മാര്‍ട് സേവന കേന്ദ്രങ്ങളില്‍ ഒരുക്കിയിട്ടുള്ള സംവിധാനങ്ങളില്‍ ടാപ്പ് ചെയ്ത് പിഴകള്‍ ഒടുക്കാനുള്ള സൗകര്യമുണ്ട്. മശ്‌രിഖ് ബേങ്ക്, എമിറേറ്റ്‌സ് എന്‍ ബി ഡി, എമിറേറ്റ്‌സ് ഇസ്ലാമിക്, റാക് ബേങ്ക്, എച്ച് എസ് ബി സി, സ്റ്റാന്‍ഡേര്‍ഡ് ചാറ്റര്‍ഡ് എന്നീ ബേങ്കുകളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉള്ള ഉപഭോക്താക്കള്‍ക്ക് ആപ്പിള്‍ പേ സംവിധാനം വഴി പിഴയൊടുക്കാമെന്ന് ദുബൈ പൊലീസിന് കീഴിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സ് ഡിപാര്‍ട്‌മെന്റ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ഖാലിദ് നാസ്സര്‍ അല്‍ റസൂഖി പറഞ്ഞു.
സിറ്റി വാക്കില്‍ പുതിയ സ്മാര്‍ട് പോലീസ് സ്റ്റേഷന്‍ ആരംഭിച്ചിട്ടുണ്ട്. സമീപ ഭാവിയില്‍ മീഡിയ സിറ്റി, ദുബൈ ഡിസൈന്‍ വില്ലേജ്, ദുബൈ ഇന്റര്‍നാഷണല്‍ അക്കാദമിക് സിറ്റി എന്നിവിടങ്ങളില്‍ പുതുതായി സ്റ്റേഷനുകള്‍ ആരംഭിക്കുന്നുണ്ട്.

ദുബൈ നഗരത്തിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും ആപ്പിള്‍ പേ സംവിധാനം പ്രവര്‍ത്തിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.