ടുജി കേസില്‍ വിധി ഈ മാസം 21ന്

Posted on: December 5, 2017 1:25 pm | Last updated: December 5, 2017 at 7:53 pm

ന്യൂഡല്‍ഹി: ടുജി സ്‌പെക്ട്രം അഴിമതി കേസില്‍ ഈമാസം 21ന് ഡല്‍ഹി സിബിഐ കോടതി വിധി പറയും. ഇന്ന് കേസ് പരിഗണിച്ചപ്പോഴാണ് വിധി ഈ മാസം 21ന് പറയുമെന്ന് കോടതി അറിയിച്ചത്. മുന്‍കേന്ദ്രമന്ത്രി എ രാജ, ഡിഎംകെ രാജ്യസഭാംഗം കനിമൊഴി തുടങ്ങി പതിനാല് വ്യക്തികളും മൂന്ന് ടെലികോം കമ്പനികളുമാണ് പ്രതിപ്പട്ടികയിലുള്ളത്. സിബിഐയുടെ രണ്ട് കേസുകളിലും എന്‍ഫോഴ്‌സ്‌മെന്റിന്റെ ഒരു കേസിലുമാണ് പ്രത്യേക കോടതി ജഡ്ജി ഒ പി സൈയ്‌നി വിധി പ്രസ്താവിക്കുക.

കേസില്‍ കഴിഞ്ഞ ഏപ്രില്‍ 26ന് വിചാരണ പൂര്‍ത്തിയായിരുന്നു. പ്രതികളെല്ലാം ജാമ്യം നേടി പുറത്താണ്. തങ്ങള്‍ക്കെതിരായ കുറ്റങ്ങളെല്ലാം വിചാരണ വേളയില്‍ പ്രതികള്‍ നിഷേധിച്ചിരുന്നു. യുപിഎ സര്‍ക്കാറിന്റെ കാലത്ത് നടന്ന ടുജി ലേലത്തില്‍ 122 ലൈസന്‍സുകള്‍ അനുവദിച്ചതില്‍ വ്യാപക അഴിമതി നടന്നെന്നായിരുന്നു കേസ്. മൊബൈല്‍ ഫോണ്‍ കമ്പനികള്‍ക്ക് സ്‌പെക്ട്രം അനുവദിച്ചതില്‍ ഒരുലക്ഷത്തിലധികം കോടിയുടെ അഴിമതി നടന്നുവെന്ന് സിഎജി വിനോദ് റായ് കണ്ടെത്തിയിരുന്നു. ആറുവര്‍ഷം നീണ്ടുനിന്ന വിചാരണയ്‌ക്കൊടുവിലാണ് വിധി. വിധി പ്രസ്താവിക്കുന്ന ദിവസം, പ്രതികളെല്ലാം കോടതിയില്‍ ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു