മൊബൈല്‍ ആധാറില്‍ കൂട്ടിക്കെട്ടുമ്പോള്‍

മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള സമ്മതം പേയ്‌മെന്റ് ബേങ്കില്‍ അക്കൗണ്ട് തുടങ്ങാനുള്ള സമ്മതപത്രമായി ഉപയോഗിക്കപ്പെടുകയാണ്. ആധാറിന്റെ സാങ്കേതിക ഘടനപ്രകാരം അവസാനമായി ഏത് ബേങ്ക് അക്കൗണ്ടാണോ ആധാറുമായി ബന്ധിപ്പിക്കുന്നത് അതിലേക്കായിരിക്കും സബ്‌സിഡികള്‍ പോകുന്നത്. അടുത്ത ഫെബ്രുവരി ആറിനകം മൊബൈല്‍ നമ്പറുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന നിര്‍ദേശം പ്രാവര്‍ത്തികമാകുമ്പോള്‍ ഇതുപോലെ നിരവധി പേരുടെ സബ്‌സിഡികള്‍ പേയ്‌മെന്റ് ബേങ്കുകളിലേക്ക് പോകും. ഡിസംബറില്‍ ജിയോയുടെ പേയ്‌മെന്റ് ബേങ്ക് നിലവില്‍ വരുന്നതോടുകൂടി ഈ പ്രവണതക്ക് ആക്കംകൂടുകയും ചെയ്യും. വിവിധ ആവശ്യങ്ങള്‍ക്കായി അക്കൗണ്ടുകള്‍ തുടങ്ങിയവരുടെ സബ്‌സിഡികള്‍ പുതിയതായി തുടങ്ങിയ അക്കൗണ്ടുകളിലേക്ക് പോകുന്നത് ആശയക്കുഴപ്പത്തിനിടയാക്കുകയാണ്. ഇനി മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കല്‍ നിര്‍ബന്ധമായി മാറുമ്പോള്‍ സബ്‌സിഡി വഴിതിരിഞ്ഞ് മറ്റൊരു അക്കൗണ്ടിലേക്ക് പോകുന്നത് അവസാനിപ്പിക്കേ ണ്ടതുണ്ട്.  
Posted on: December 5, 2017 7:52 am | Last updated: December 4, 2017 at 11:23 pm

ബേങ്ക് അക്കൗണ്ട്, മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കുക വഴി രാജ്യത്തിന് 65,000 കോടി ലാഭമുണ്ടായതായാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി സൈബര്‍ സ്‌പേസിന്റെ ആഗോളസമ്മേളനത്തില്‍ പറഞ്ഞത്. എങ്ങനെ, എവിടെ നിന്നൊക്കെ കോടികള്‍ ലഭിച്ചുവെന്ന് വ്യക്തമല്ല. ഗവണ്‍മെന്റ് സബ്‌സിഡികളില്‍നിന്ന് അനര്‍ഹര്‍ ഒഴിവായത് വഴിയാണോ, അതോ ഈ പ്രക്രിയകളിലെ സാങ്കേതികത്വം അറിയാതെ സബ്‌സിഡി ലഭിക്കുന്ന വിഭാഗങ്ങളില്‍നിന്ന് ജനങ്ങള്‍ ഒഴിവായിപ്പോയതാണോ കോടികള്‍ ലാഭിക്കാന്‍ ഇടയായത്. ഏതായാലും 65,000 കോടിയുടെ കണക്കുകള്‍ വരാനിരിക്കുന്നതേയുള്ളൂ. കള്ളപ്പണം കണ്ടെത്താനുള്ള നോട്ട് നിരോധനം പോലെയുള്ള ഒരു സര്‍ജിക്കല്‍ സ്‌ട്രൈക്കല്ല എന്ന് കരുതി സമാധാനിക്കാം. എന്നാല്‍, മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കല്‍വഴി ലോട്ടറിയടിച്ച കൂട്ടരാണ് എയര്‍ടെല്‍ പേയ്‌മെന്റ് ബേങ്ക്. ആധാറുമായി മൊബൈല്‍ നമ്പര്‍ ബന്ധിപ്പിച്ച എയര്‍ടെല്‍ വരിക്കാരുടെ ഗ്യാസ് സബ്‌സിഡിയാണ് എയര്‍ടെല്‍ പേയ്‌മെന്റ് ബേങ്ക് അക്കൗണ്ടുകളിലേക്ക് പോയതായി കണ്ടെത്തിയത്. ഏതാണ്ട് 47 കോടിയോളം രൂപ എയര്‍ടെല്‍ പേയ്‌മെന്റ് ബേങ്കിലെത്തിയിട്ടുണ്ട്. ജിയോ മണിയിലേക്കും സബ്‌സിഡികള്‍ പോയിട്ടുണ്ടെന്ന് പരാതികള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും ജിയോക്ക് ഇതുവരെ പേയ്‌മെന്റ് ബേങ്ക് സംവിധാനമായിട്ടില്ലാത്തതിനാല്‍ അങ്ങനെ സംഭവിക്കില്ലെന്നാണ് ബന്ധപ്പെട്ടവരുടെ പ്രതികരണം.

ഇവിടെ കാതലായ രണ്ട് പ്രശ്‌നങ്ങളാണ് ശ്രദ്ധിക്കേണ്ടത്. ഒന്നാമതായി മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള സമ്മതം പേയ്‌മെന്റ് ബേങ്കില്‍ അക്കൗണ്ട് തുടങ്ങാനുള്ള സമ്മതപത്രമായി ഉപയോഗിക്കപ്പെടുകയാണ്. ഇതൊരിക്കലും വരിക്കാരന്‍ അറിഞ്ഞുകൊണ്ട് ചെയ്യുന്നതല്ല. രണ്ടാമതായി ആധാറിന്റെ സാങ്കേതിക ഘടനപ്രകാരം അവസാനമായി ഏത് ബേങ്ക് അക്കൗണ്ടാണോ ആധാറുമായി ബന്ധിപ്പിക്കുന്നത് അതിലേക്കായിരിക്കും സബ്‌സിഡികള്‍ പോകുന്നത്. അതായത് അടുത്ത വര്‍ഷം ഫെബ്രുവരി ആറിനകം മൊബൈല്‍ നമ്പറുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന നിര്‍ദേശം പ്രാവര്‍ത്തികമാകുമ്പോള്‍ ഇതുപോലെ നിരവധി പേരുടെ സബ്‌സിഡികള്‍ പേയ്‌മെന്റ് ബേങ്കുകളിലേക്ക് പോകും. ഡിസംബറില്‍ ജിയോയുടെ പേയ്‌മെന്റ് ബേങ്ക് നിലവില്‍ വരുന്നതോടുകൂടി ഈ പ്രവണതക്ക് ആക്കംകൂടുകയും ചെയ്യും. വിവിധ ആവശ്യങ്ങള്‍ക്കായി അക്കൗണ്ടുകള്‍ തുടങ്ങിയവരുടെ സബ്‌സിഡികള്‍ പുതിയതായി തുടങ്ങിയ അക്കൗണ്ടുകളിലേക്ക് പോകുന്നത് ആശയക്കുഴപ്പത്തിനിടയാക്കുകയാണ്. സബ്‌സിഡി ലഭിക്കാന്‍ വേണ്ടി മാത്രം ബേങ്ക് അക്കൗണ്ടുകള്‍ തുടങ്ങിയ നിരവധി പേരാണ് രാജ്യത്തുള്ളത്. ഇനി മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കല്‍ ഒരു നിര്‍ബന്ധമായി മാറുമ്പോള്‍ സബ്‌സിഡി വഴിതിരിഞ്ഞ് മറ്റൊരു അക്കൗണ്ടിലേക്ക് പോകുന്നത് അവസാനിപ്പിക്കേണ്ടതുണ്ട്. അതുപോലെ തന്നെ ആധാറുമായി ബന്ധിപ്പിക്കുന്നതിന്റെ മറവില്‍ തങ്ങളുടെ പേയ്‌മെന്റ് ബേങ്കുകളില്‍ വരിക്കാരന്റെ പേരില്‍ അക്കൗണ്ടുകള്‍ തുടങ്ങുന്ന മൊബൈല്‍ സേവനദാതാക്കളുടെ കള്ളത്തരവും അവസാനിപ്പിക്കണം.

ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിപ്പിക്കാനായി കൈക്കൊള്ളുന്ന നടപടികളും മൊബൈല്‍ സേവനരംഗത്തേക്കുള്ള ജിയോയുടെ വരവും അനാരോഗ്യകരമായ ചില പ്രവണതകളിലേക്കാണ് രാജ്യത്തെ നയിക്കുന്നത്. ഡിജിറ്റലൈസേഷന്റെ ഭാഗമായി സബ്‌സിഡികള്‍ വഴിമാറിപ്പോകുന്നതിന് പുറമേ ജിയോയുടെ ഓഫര്‍ തള്ളിച്ചയില്‍ പിടിച്ചുനില്‍ക്കാനാതെ മറ്റു മൊബൈല്‍ സേവനദാതാക്കള്‍ മുന്നറിയിപ്പില്ലാതെ സേവനം നിര്‍ത്തുന്നതും ജനങ്ങളെ വിഷമവൃത്തത്തിലാക്കുന്നുണ്ട്. നിലവില്‍ വരിക്കാരുടെ കാര്യത്തില്‍ നാലാം സ്ഥാനത്തായിരുന്ന റിലയന്‍സിന്റെ ആര്‍കോം മൊബൈല്‍ സേവനരംഗത്ത് തങ്ങളുടെ റോള്‍ അവസാനിപ്പിച്ച് പിന്‍വാങ്ങുകയാണ്. ജിയോയെ പോലെ തന്നെ സേവനരംഗത്തേക്ക് വന്നപ്പോള്‍ റിലയന്‍സും നിരവധി ഓഫറുകളുമായാണ് വിപണി പിടിക്കാന്‍ ശ്രമിച്ചത്. എന്നാലിപ്പോള്‍ സേവനം നിര്‍ത്തുമ്പോള്‍ പതിനായിരക്കണക്കിന് കോടികളാണ് ബേങ്കുകളില്‍നിന്ന് വായ്പായിനത്തില്‍ പറ്റിയിരിക്കുന്നത്. ഈ കോടികള്‍ ആര് തിരിച്ചടക്കും? നമ്പര്‍ പോര്‍ട്ട് ചെയ്യാന്‍പോലും കഴിയാതെ വിഷമിച്ച വരിക്കാരുടെ രക്ഷക്ക് അവസാനം ട്രായ് (ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ) തന്നെ നിലപാടെടുക്കേണ്ടിവന്നു.

മദ്യമുതലാളി വിജയ് മല്യയുടെ അനുഭവം നമ്മുടെ മുമ്പില്‍ ഒരു പാഠമായി അവശേഷിക്കുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും ഇത് ചിന്തനീയമാണ്. വിപണി പിടിച്ചെടുക്കുന്നതിന് വേണ്ടി വമ്പന്‍ ഓഫറുകളുമായി രംഗത്തെത്തുന്ന കമ്പനികള്‍ സേവനരംഗത്തേക്ക് പുതിയ കമ്പനികള്‍ വരുമ്പോള്‍ അവര്‍ക്കൊപ്പം നില്‍ക്കാന്‍ കഴിയാതെ മുന്നറിയിപ്പില്ലാതെ പൂട്ടിപ്പോകുന്നത് തടയാന്‍ ആര്‍ക്ക് കഴിയും? ഇവരൊക്കെ വന്‍ബാധ്യതകള്‍ ബാക്കിവെച്ചാണ് കളമൊഴിയുന്നത്.

മറ്റൊരു സേവനദാതാവായ ടാറ്റാ ഡോകോമോയും സേവനരംഗത്ത് നിന്ന് പിന്മാറുകയാണെന്ന് വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ടാറ്റ അത്തരം വാര്‍ത്തകള്‍ നിഷേധിച്ച് വരിക്കാര്‍ക്ക് മെസ്സേജുകള്‍ അയക്കുന്നുണ്ടെങ്കിലും താമസിയാതെ പിന്മാറ്റം നടക്കുമെന്ന് തന്നെയാണ് പിന്നാമ്പുറ സംസാരം. കമ്പനിയുടെ പങ്കാളികളായ എന്‍ ടി ടി ഡോകോമോ ഓഹരി പങ്കാളിത്തം ഒഴിഞ്ഞതും ടാറ്റയുടെ നേതൃസ്ഥാനത്തുള്ള പ്രശ്‌നങ്ങളും ഇത്തരമൊരു തീരുമാനത്തിലേക്ക് കമ്പനിയെ എത്തിക്കുമെന്ന് തന്നെയാണ് ബന്ധപ്പെട്ടവരുടെ വിലയിരുത്തല്‍. ഡോകോമോ സേവനരംഗത്തേക്ക് വന്നപ്പോഴും ജിയോയുടെ പാതയില്‍തന്നെയായിരുന്നു. മികച്ച ഓഫറുകള്‍ നല്‍കി വിപണി പിടിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ പക്ഷേ വിജയത്തിലെത്തിയില്ലെന്ന് വേണം കരുതാന്‍.

റിലയന്‍സ് ജിയോ മൊബൈല്‍ സേവനരംഗത്തേക്ക് വന്നതോടുകൂടി ശരാശരി ഉപഭോക്താവിന്റെ ഇന്റര്‍നെറ്റ് ഉപയോഗം ദിവസം ഒരു ജിബി എന്ന നിലയിലേക്ക് ഉയര്‍ന്നിട്ടുണ്ട്. മാസത്തില്‍ ഒന്നോ രണ്ടോ ജിബി ഉപയോഗിച്ചിരുന്നവര്‍ ദിവസം ഒരു ജിബി എന്ന നിലയില്‍നിന്ന് താഴേക്കിറങ്ങാന്‍ വളരെ പ്രയാസപ്പെടും. മൊബൈല്‍ സേവനദാതാക്കള്‍ ഇന്റര്‍നെറ്റ് പ്ലാനുകള്‍ക്ക് ചാര്‍ജ് ഉയര്‍ത്തിയാലും ഇതുതന്നെയായിരിക്കും ഗതി. കുറഞ്ഞ പണത്തിന് കൂടുതല്‍ സേവനം നല്ലതല്ലേ എന്നു ചിന്തിക്കുന്നിടത്തുനിന്നാണ് കാര്യങ്ങള്‍ തലതിരിയുന്നത്. ഇവര്‍ വിപണി പിടിക്കാന്‍ വേണ്ടി ചെയ്യുന്ന ഇത്തരം സാഹസങ്ങള്‍ വന്‍കിട ബേങ്കുകളില്‍ നിന്ന് ലോണുകള്‍ തരപ്പെടുത്തിയിട്ടാണ്. ഈ കടങ്ങള്‍ തിരിച്ചടക്കാതെ കമ്പനി പൂട്ടിപ്പോകുന്നിടത്താണ് പ്രശ്‌നങ്ങള്‍. ഇത്തരത്തില്‍ വന്‍കിട കുത്തക മുതലാളിമാര്‍ വരുത്തുന്ന കടങ്ങള്‍ നികത്താന്‍ ബേങ്കുകള്‍ക്ക് ഒരു വഴിയേയുള്ളൂ. ചെറിയ ചെറിയ ബേങ്കിംഗ് ഇടപാടുകള്‍ക്കുമേല്‍ സര്‍വീസ് ചാര്‍ജുകള്‍ ഈടാക്കുക. അതാണല്ലോ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. അതായത് ചെറിയ പണത്തിന് നാം ചില സൗകര്യങ്ങള്‍ ആസ്വദിച്ചിട്ടുണ്ടെങ്കില്‍ ഭാവിയില്‍ അതിന് പകരം നാം വലിയ വിലകള്‍ നല്‍കേണ്ടിവരുമെന്നര്‍ഥം.

ഇത്തരമൊരു സാഹചര്യത്തില്‍ വേണം മൊബൈല്‍ സേവനദാതാക്കളുടെ പേയ്‌മെന്റ് ബേങ്കിലേക്കുള്ള സബ്‌സിഡിയുടെ പോക്കിനെ കാണാന്‍. രാജ്യത്തെ മുന്‍നിര ബേങ്കുകളില്‍ നിന്ന് വന്‍തോതില്‍ വായ്പകള്‍ സംഘടിപ്പിച്ചുള്ള ഇത്തരം വിപണനതന്ത്രങ്ങള്‍ കടക്കെണിയിലെത്തിക്കുകയും സാമ്പത്തികബാധ്യത താങ്ങാനാകാതെ സേവനരംഗത്ത് നിന്ന് പിന്‍വാങ്ങുകയും ചെയ്യുന്നത് അവസാനിപ്പിക്കേണ്ടതുണ്ട്. മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ രണ്ടര മാസം മാത്രമാണ് അവശേഷിക്കുന്നത്. ഇത് മാര്‍ച്ച് അവസാനം വരെ നീട്ടാന്‍ തയ്യാറല്ലെന്ന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. ഏതായാലും ഈ സമയം അവസാനിക്കുമ്പോള്‍ സ്വാഭാവികമായും മൊബൈല്‍-ആധാര്‍ ബന്ധിപ്പിക്കല്‍ വര്‍ധിക്കും. അതേസമയം സ്റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യയുടെ ഓഹരി പങ്കാളിത്തത്തോടെ ഡിസംബറില്‍ റിലയന്‍സ് ജിയോ കൂടി പേയ്‌മെന്റ് ബേങ്ക് രംഗത്തേക്ക് വരുകയും ചെയ്യുന്നത് ഈ രീതിയില്‍ സബ്‌സിഡികള്‍ വന്‍തോതില്‍ ഇത്തരം അക്കൗണ്ടുകളിലേക്ക് പോകാന്‍ ഇടയാക്കും. രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബേങ്കായ എസ് ബി ഐയുടെ ഓഹരി പങ്കാളിത്തത്തില്‍ ജിയോ ബേങ്കിംഗ് രംഗത്തേക്ക് വരുന്നത് വഴിവിട്ട ഇത്തരം ചില ഇടപാടുകള്‍ക്ക് വേണ്ടിയാണെന്ന് പറഞ്ഞാല്‍ അവരെ കുറ്റം പറയാന്‍ കഴിയുമോ? ഇന്ന് ബേങ്കിംഗ് രംഗത്ത് ഏറ്റവും കൂടുതല്‍ സര്‍വീസ് ചാര്‍ജുകള്‍ ഈടാക്കുന്നത് എസ് ബി ഐയാണ്. പിച്ചച്ചട്ടിയില്‍ കൈയിട്ട് വാരുന്നതിന് സമമാണ് സബ്‌സിഡിയിനത്തില്‍ സാധാരണ ജനത്തിന് ലഭിക്കേണ്ടുന്ന ചെറിയ തുകകള്‍ വകമാറി കുത്തകകളുടെ സാമ്പത്തികവലയത്തിലേക്ക് പോകുന്നത്. മറ്റ് മൊബൈല്‍ സേവനദാതാക്കളുടെ പേയ്‌മെന്റ് ബേങ്കുകള്‍ നിലവില്‍വരുന്നതിനു മുമ്പ് തന്നെ ആധാറുമായി ബന്ധപ്പെട്ട ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ടതുണ്ട്.