‘കേരളത്തിലെ ദുരന്ത നിവാരണത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ പരാജയപ്പെട്ടു’

Posted on: December 4, 2017 9:50 pm | Last updated: December 4, 2017 at 9:50 pm

ദുബൈ: കേരളത്തിന്റെ തീരദേശങ്ങളില്‍ ഓഖി ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങള്‍ പരാജയപ്പെട്ടെന്ന നിരാശ വ്യാപകമായുണ്ടെന്നു മുസ്ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം പി ദുബൈയില്‍ വാര്‍ത്താലേഖകരോട് പറഞ്ഞു. പ്രവാസലോകത്തെ പലരും ഇക്കാര്യം ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. ഇവിടെയുള്ള ഉറ്റവരില്‍ പലരും ചുഴലിക്കാറ്റ് ദുരന്തത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അവരുടെ ആശങ്ക അകറ്റാന്‍ എല്ലാരും ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കേണ്ടതുണ്ട്. സംസ്ഥാന ഭരണകൂടത്തിന്റെ ദുരന്ത നിവാരണ സംവിധാനം പരാജയപ്പെട്ടത് കാണാതിരുന്നു കൂടാ. സംസ്ഥാന സര്‍ക്കാരിന് ഓഖി ചുഴലിക്കാറ്റ് സംബന്ധിച്ച മുന്നറിയിപ്പ് യഥാസമയം കേന്ദ്രം നല്കിയിട്ടില്ലെങ്കില്‍ അക്കാര്യം ലോക്‌സഭയില്‍ ഉന്നയിക്കും. ഇപ്പോള്‍ ദുരിതാശ്വാസത്തിനാണ് മുന്‍ഗണന നല്‍കേണ്ടത്.

തിരുവനന്തപുരത്തു ജനുവരിയില്‍ നടക്കുന്ന ലോക കേരള സഭയുമായി സഹകരിക്കും. ഇത് സംബന്ധിച്ച അറിയിപ്പ് കേരള സര്‍ക്കാര്‍ തന്നിട്ടുണ്ട്. പ്രവാസി പ്രശ്‌നങ്ങള്‍ ഉന്നയിക്കാനുള്ള വേദിയായി സഭയെ കാണും. പ്രവാസി പ്രശ്‌നത്തില്‍ രാഷ്ട്രീയമില്ല. പ്രവാസി പ്രതിനിധികള്‍കൂടി പങ്കെടുക്കുന്ന വേദിയാണത്. നിരവധി പ്രമുഖരും ജനപ്രതിനിധികളും ഒത്തുകൂടുന്ന വേദി എന്ന നിലയില്‍ ഗൗരവത്തോടെയാണ് കാണുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അബ്ബാസലി ശിഹാബ് തങ്ങള്‍, എം ഗ്രൂപ്പ് ചെയര്‍മാന്‍ മുനീര്‍ കാവുങ്കല്‍പറമ്പ്, ഇബ്‌റാഹീം എളേറ്റില്‍, അന്‍വര്‍ നഹ, നിസാര്‍ തളങ്കര എന്നിവരും സന്നിഹിതരായി.