Gulf
ചര്‍മം വെളുപ്പിക്കുന്ന ചില ക്രീമുകള്‍ക്ക് നിരോധം

ദുബൈ: ചര്‍മം വെളുപ്പിക്കാന്‍ ഉപയോഗിക്കുന്ന ഫൈസ, യൂണിറ്റോണ്‍ ക്രീമുകള്‍ യു എ ഇ യില്‍ നിരോധിച്ചു. അര്‍ബുദ കാരിണിയായ ഘടകങ്ങള്‍ ഇതില്‍ ഉള്‍പെട്ടിട്ടുണ്ടെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് നിരോധം. മലയാളികള്‍ അടക്കം വിദേശികളും ധാരാളം ഉപയോഗിച്ചിരുന്ന ക്രീമാണ് ഫൈസ. താരതമ്യേന വില കുറവായതിനാല്‍ ധാരാളം പേര്‍ നാട്ടിലേക്ക് കൊടുത്തു വിടാറുണ്ടായിരുന്നു. ഔഷധ ശാലകളില്‍ നിന്നും സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്നും ഇവ പിന്‍വലിക്കാന്‍ ആരോഗ്യ മന്ത്രാലയം നിര്‍ദേശം നല്‍കി. ഹൈഡ്രോകിനോന്‍ എന്ന ഘടകം അര്‍ബുദത്തിന് കാരണമാകുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടുവത്രെ.
ചര്‍മത്തിന്റെ നിറം വെളുപ്പിക്കുമെന്ന അവകാശവാദം കമ്പനികള്‍ ഉന്നയിച്ചിരുന്നില്ലെങ്കിലും ആളുകള്‍ വിശ്വസിച്ചിരുന്നു. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമല്ലാതെ ഹൈഡ്രോകിനോന്‍ ഉപയോഗിച്ചാല്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകും. നിറം വെളുപ്പാകണമെന്നു ആഗ്രഹിക്കുന്നവര്‍ പക്ഷേ ഈ വസ്തുത വിസ്മരിക്കുകയാണ് പതിവ്. മുഖക്കുരു പരിഹരിക്കാനും ഇത്തരം ക്രീമുകള്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഫൈസ സപ്ലിമെന്റില്‍ മെര്‍ക്കുറിയുടെ അളവും കണ്ടെത്തിയിട്ടുണ്ട്. ഇത് കരള്‍ രോഗത്തിന് വരെ കാരണമാകും തൊണ്ടവേദന, മനംപിരട്ടല്‍ എന്നിവയും അനുഭവപ്പെടാം. ഫൈസയെ പൂര്‍ണമായും നിരോധിച്ചുവെന്നു ആരോഗ്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. ആമീന്‍ അല്‍ അമീരി പറഞ്ഞു. ഫൈസയുടെ എല്ലാ ഉത്പന്നങ്ങള്‍ക്കും നിരോധം ബാധകമാണ്. ഓണ്‍ലൈന്‍ വഴി വാങ്ങുന്നതും നിരീക്ഷിക്കുമെന്നു ഡോ. ആമീന്‍ അറിയിച്ചു