Connect with us

Kasargod

എടിഎം-ഒടിപി തട്ടിപ്പില്‍ കുടുങ്ങരുതെന്ന് പോലീസ്; ഒടിപി തട്ടിപ്പ് വ്യാപകമാകുന്നു

Published

|

Last Updated

കാസര്‍കോട്: മൊബൈല്‍ ഫോണിലൂടെയുള്ള എടിഎം-ഒടിപി തട്ടിപ്പ് വ്യാപകമാകുന്നു.
ബാങ്കില്‍ നിന്നും എടിഎം കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് വെരിഫിക്കേഷന്‍, ആധാര്‍ ലിങ്കിംഗ് സംബന്ധമായി ഒടിപി ആവശ്യപ്പെട്ട് യാതൊരുവിധ ഫോണ്‍വിളികളോ മെസേജുകളോ വരില്ലെന്നിരിക്കെ അക്കൗണ്ട് ഉടമകളെ ഇത്തരത്തില്‍ ഫോണ്‍ വിളിച്ച് ബാങ്കില്‍ നിന്നാണെന്ന് പരിചയപ്പെടുത്തി ഒടിപി നമ്പര്‍ കൈവശപ്പെടുത്തി അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കുന്ന തട്ടിപ്പ് കൂടുന്നു. ഇതിനെതിരെ മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയ വഴിയും പോലീസും ബന്ധപ്പെട്ട അധികാരികളും നിരന്തരം ബോധവത്കരണം നടത്തുന്നുണ്ട്. എന്നിട്ടും ജില്ലയില്‍ ഇത്തരത്തിലുള്ള കബളിപ്പിക്കല്‍ റിപോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.

ഇത്തരത്തില്‍ കഴിഞ്ഞ ദിവസം കാസര്‍കോടുള്ള ചന്ദ്രന്‍ എന്നാളുടെ ഫോണിലേക്ക് എസ്ബിഐ ചെന്നൈ ഹെഡ് ഓഫീസില്‍ നിന്നാണെന്ന് പരിചയപ്പെടുത്തി ഫോണ്‍ വരികയും ക്രെഡിറ്റ് കാര്‍ഡ് വെരിഫിക്കേഷന് വേണ്ടി ഒടിപി നമ്പര്‍ ആവശ്യപ്പെടുകയും ചെയ്തു. ഒടിപി നമ്പര്‍ കൊടുത്ത ഉടന്‍തന്നെ 40,000 രൂപ അക്കൗണ്ടില്‍ നിന്നും പിന്‍വലിച്ചതായി സന്ദേശം ലഭിച്ചു. ചതി മനസ്സിലാക്കിയ ചന്ദ്രന്‍ ഉടന്‍ ജില്ലാ പോലീസ് മേധാവിക്ക് നല്‍കി. എസ്പിയുടെ നിര്‍ദേശപ്രകാരം സൈബര്‍ സെല്‍ സമയബന്ധിതമായി ഇടപെട്ട് ഇടപാട് റദ്ദാക്കി നഷ്ടപ്പെട്ട മുഴുവന്‍ തുകയും തിരിച്ചു പിടിച്ചു.

ഇത്തരം കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കുന്നതിനാല്‍ ഫോണില്‍കൂടി ബാങ്ക് അക്കൗണ്ട് സംബന്ധമായ യാതൊരു വിവരങ്ങളും കൈമാറാതിരിക്കണമെന്നും കബളിപ്പിക്കപ്പെട്ടാല്‍ ഉടന്‍തന്നെ പോലീസിനെ അറിയിക്കണമെന്നും ജില്ലാ പോലീസ് മേധാവി കെ ജി സൈമണ്‍ അറിയിച്ചു.