Connect with us

National

അല്‍പേഷ് ഠാക്കൂര്‍ മത്സരിക്കുന്ന രാധന്‍പുരയില്‍ പോരാട്ടം തീ പാറും

Published

|

Last Updated

അഹമ്മദാബാദ്: കോണ്‍ഗ്രസില്‍ ചേര്‍ന്ന ഒ ബി സി നേതാവ് അല്‍പേഷ് ഠാക്കൂര്‍ മത്സരിക്കുന്ന രാധന്‍പുരയില്‍ പോരാട്ടം കനക്കും. മണ്ഡലത്തില്‍ മൂന്നില്‍ രണ്ട് വോട്ടര്‍മാരും ഒ ബി സി സമുദായത്തില്‍ നിന്നുള്ളവരാണ്. ഇത് തന്നെയാണ് അല്‍പേഷിന്റെ ആത്മവിശ്വാസം. കഴിഞ്ഞ തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ സാമുദായിക നേതാവ് മാത്രമായിരുന്ന അല്‍പേഷ് ബി ജെ പിയോടും കോണ്‍ഗ്രസിനോടും സമദൂര സമീപനമാണ് പുലര്‍ത്തിയിരുന്നത്. ബി ജെ പിയോട് അല്‍പ്പം ചാഞ്ഞു നിന്നുവെന്ന് തന്നെ പറയാം. എന്നിട്ടും രാധന്‍പൂരിലടക്കമുള്ള ഒ ബി സി ശക്തി കേന്ദ്രങ്ങളില്‍ കഷ്ടിച്ചാണ് ബി ജെ പി രക്ഷപ്പെട്ടത്. ഇപ്പോഴത്തെ പ്രത്യേക രാഷ്ട്രീയ സാഹചര്യവും അല്‍പേഷിന്റെ കോണ്‍ഗ്രസ് പ്രവേശവും മണ്ഡലം ബി ജെ പിക്ക് ബാലികേറാമലയാക്കിയിരിക്കുന്നുവെന്നാണ് വിലയിരുത്തല്‍.

2.59 ലക്ഷം വോട്ടര്‍മാരുള്ള രാധന്‍പുര പഠാന്‍ ജില്ലയിലെ നാല് സീറ്റുകളിലൊന്നാണ്. നാലിലും ഒ ബി സി സമുദായങ്ങള്‍ക്കാണ് മേല്‍ക്കൈ. രാധന്‍പൂരയിലാണ് ഏറ്റവും ഉയര്‍ന്ന ശതമാനം (67ശതമാനം). 2012ലെ തിരഞ്ഞെടുപ്പില്‍ ബി ജെ പി വിജയിച്ചത് നേരിയ ഭൂരിപക്ഷത്തിനാണ്. പഠാന്‍ മണ്ഡലത്തില്‍ 65 ശതമാനമാണ് ഒ ബി സി വിഭാഗമായ ഠാക്കൂറുകള്‍. ഈ മണ്ഡലവും 60 ശതമാനം ഒ ബി സിക്കാരുള്ള ചനാസ്മയും ബി ജെ പിയുടെ കൈവശമാണ്. 54 ശതമാനം പിന്നാക്കക്കാരുള്ള സിദ്ധ്പുരയില്‍ മാത്രമാണ് കോണ്‍ഗ്രസ് എം എല്‍ എ ഉള്ളത്. ഈ നാല് മണ്ഡലങ്ങളിലും ഠാക്കൂര്‍മാര്‍ക്കാണ് മുന്‍തൂക്കം. ഒ ബി സിയില്‍ പെട്ട കോലി, റാബ്‌രി, ചൗധരി വിഭാഗങ്ങളുമുണ്ട്. മദ്യനിരോധനം നിലനില്‍ക്കുന്ന ഗുജറാത്തിലെ മദ്യവ്യാപനം സജീവ ചര്‍ച്ചയാക്കിയാണ് അല്‍പേഷ് വാര്‍ത്തയില്‍ നിറഞ്ഞ് നിന്നത്. ഒ ബി സി, എസ് സി, എസ് ടി കോ-ഓര്‍ഡിനേഷന്‍ ഉണ്ടാക്കുകയും ചെയ്തു. മദ്യാസക്തിക്കെതിരെഅദ്ദേഹത്തിന്റെ സംഘടന നടത്തിയ ക്യാമ്പയിന്‍ ജനങ്ങളെ നന്നായി ആകര്‍ഷിച്ചിരുന്നു. ഈ ജനപ്രീതിയുടെ ബലത്തിലാണ് അദ്ദേഹം ബി ജെ പിക്കെതിരെ പട നയിച്ചതും ഇപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായതും.
ലാവിംഗ്ജി ഠാക്കൂര്‍ ആണ് ഇവിടെ ബി ജെ പി സ്ഥാനാര്‍ഥി. അല്‍പേഷും ലാവിംഗ്ജിയും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു കഴിഞ്ഞു. അടിസ്ഥാനപരമായി കോണ്‍ഗ്രസുകാരനാണ് ലാവിംഗ്ജി. ശങ്കര്‍ സിംഗ് വഗേല ക്യാമ്പിലായിരുന്നു. ഒടുവില്‍ ബി ജെ പിയില്‍ എത്തി.

 

 

Latest