Connect with us

International

ബാലി അഗ്നിപര്‍വതം: വിമാനത്താവളം തുറക്കാനായില്ല

Published

|

Last Updated

ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ ദ്വീപായ ബാലിയില്‍ സജീവമായ അഗ്നിപര്‍വതത്തില്‍നിന്നും പുകയും ചാരവും ആകാശത്തേക്ക് പുറംതള്ളുന്നത് തുടരുന്നതിനെത്തുടര്‍ന്ന് രണ്ടാം ദിവസമായ ഇന്നലേയും ഇവിടത്തെ വിമാനത്താവളം അടച്ചിട്ടു. ഇതേത്തുടര്‍ന്ന് ആയിരക്കണക്കിന് യാത്രക്കാരുടെ യാത്ര മുടങ്ങി. അതേ സമയം അഗ്നിപര്‍വ്വതത്തിന് സമീപത്ത് താമസിക്കുന്ന ഗ്രാമീണരോട് ഒഴിഞ്ഞുപോകാന്‍ അധിക്യതര്‍ വീണ്ടും ആവശ്യപ്പെട്ടു.

അഗംങ് അഗ്നിപര്‍വ്വതത്തില്‍ നിന്നുള്ള പുകയും ചാരവും ആകാശത്ത് 3,000 മീറ്ററോളം ഉയരത്തില്‍ എത്തിയിട്ടുണ്ട്. അഗ്നിപര്‍വതത്തില്‍ നിന്നുണ്ടാകുന്ന സ്‌ഫോടന ശബ്ദം 12 കി.മി അകലെവരെ കേള്‍ക്കാനാകുന്നുണ്ട്. സുരക്ഷാ കാരണങ്ങളാലാണ് അടുത്ത 24 മണിക്കൂറ് നേരത്തേക്ക്കൂടി വിമാനത്താവളം അടച്ചുപൂട്ടിയതെന്ന് വിമാനത്താവള അധിക്യതര്‍ പറഞ്ഞു. അഗ്നിപര്‍വതത്തില്‍ നിന്നുള്ള ചാരം വിമാനങ്ങള്‍ക്ക് ഭീഷണിയാണ്. മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ ബാലിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. ദേശീയ ദുരന്തനിവാരണ സേന അഗ്നിപര്‍വതത്തില്‍നിന്നുള്ള അപകടമുന്നറിയിപ്പ് ഏറ്റവും ഉയര്‍ന്ന തോതിലാണെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.