സെഞ്ച്വറിയില്‍ കോഹ്‌ലിക്ക് ഫിഫ്റ്റി; ലങ്കക്ക് ജയിക്കാന്‍ 231

Posted on: November 20, 2017 2:27 pm | Last updated: November 20, 2017 at 3:20 pm
SHARE

 

കൊല്‍ക്കത്ത: കൊല്‍ക്കത്ത ടെസ്റ്റില്‍ ലങ്കക്ക് 231 റണ്‍സ് വിജയലക്ഷ്യം. 352/8 എന്ന നിലയില്‍ ഇന്ത്യ രണ്ടാം ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തു. വിരാട് കോഹ്‌ലിയുടെ തകര്‍പ്പന്‍ സെഞ്ച്വറിയാണ് (104) ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ കോഹ്‌ലിയുടെ അന്‍പതാം സെഞ്ച്വറിയാണ് ഈഡന്‍ ഗാര്‍ഡനില്‍ പിറന്നത്. ശിഖര്‍ ധവാന്‍ (94), കെ എല്‍ രാഹുല്‍ (79) എന്നിവരും ഇന്ത്യന്‍ നിരയില്‍ തിളങ്ങി. പുരാര 22 റണ്‍സെടുത്തു.

രഹാനെ (പൂജ്യം), ജഡേജ (ഒമ്പത്), അശ്വിന്‍ (ഏഴ്), സാഹ (അഞ്ച്), ഭുവനേശ്വര്‍ കുമാര്‍ (എട്ട്) എന്നിവര്‍ എളുപ്പത്തില്‍ പുറത്തായി. മുഹമ്മദ് ഷാമി 12 റണ്‍സുമായി പുറത്താകാതെ നിന്നു. ലങ്കക്കായി ഷാനക, ലക്മല്‍ എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി.

രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിംഗ് തുടങ്ങിയ ലങ്കക്ക് തുടക്കത്തില്‍ തന്നെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. സമരവിക്രമ (പൂജ്യം), കരുണരത്‌നെ (ഒന്ന്) എന്നിവരാണ് പുറത്തായത്. ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ ലങ്ക അഞ്ച് ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ രണ്ട് റണ്‍സ് എന്ന നിലയിലാണ്.