പ്രസിഡന്റ് പദവി ഉടന്‍ ഒഴിയില്ലെന്ന് മുഗാബെ

Posted on: November 20, 2017 9:54 am | Last updated: November 20, 2017 at 11:29 am
SHARE

ഹരാരെ: പ്രസിഡന്റ് പദവി ഒഴിയില്ലെന്ന് സൂചന നല്‍കി സിംബാബ്‌വെ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെ. ഏതാനം ആഴ്ചകള്‍ കൂടി പദവിയില്‍ തുടരുമെന്നും ഡിസംബറില്‍ നടക്കാനിരിക്കുന്ന സാനി പിഎഫ് പാര്‍ട്ടിയുടെ സമ്മേളനത്തില്‍ അധ്യക്ഷനായിരിക്കുമെന്നും മുഗാബെ പറഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മുഗാബെ.

സൈന്യം വീട്ടുതടങ്കലിലാക്കിയ മുഗാബെയെ പാര്‍ട്ടി പുറത്താക്കിയിരുന്നു. സൈനിക നടപടിക്ക് പിന്നാലെ സിംബാബ്‌വെ രാഷ്ട്രീയം കലുഷിതമായികൊണ്ടിരിക്കെയാണ് ഭരണപക്ഷ പാര്‍ട്ടിയായ സാനു പി എഫ് മുഗൈബെയെ പുറത്താക്കിയത്. ഭാര്യ ഗ്രേസിനെ തന്റെ പിന്‍ഗാമിയാക്കാന്‍ വേണ്ടി മുഗാബെ പുറത്താക്കിയ വൈസ് പ്രസിഡന്റും സിംബാബ്‌വെ സ്വാതന്ത്ര്യ സമര സേനാനിയുമായ എമേഴ്‌സണ്‍ നാന്‍ഗാഗ്വയെ പാര്‍ട്ടിയുടെ നേതൃത്വസ്ഥാനത്തേക്ക് തിരഞ്ഞെടുത്താണ് മുഗാബെയെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കിയത്. മുഗാബെക്കൊപ്പം ഭാര്യ ഗ്രേസിനെയും പുറത്താക്കിയിട്ടുണ്ട്.

മുഗാബെക്കെതിരെ കൂറ്റന്‍ പ്രക്ഷോഭം ആരംഭിച്ചതിന് പിന്നാലെയാണ് സാനു പി എഫിന്റെ നിര്‍ണായക തീരുമാനം വരുന്നത്. 93കാരനായ മുഗാബെക്കെതിരെ രാജ്യത്ത് ശക്തമായിക്കൊണ്ടിരിക്കുന്ന പ്രക്ഷോഭത്തില്‍ സാനു പി എഫിന്റെ പാര്‍ട്ടി പ്രവര്‍ത്തകരും അണിനിരന്നിരുന്നു. 37 വര്‍ഷക്കാലമായി രാജ്യം ഭരിക്കുന്ന മുഗാബെക്കെതിരെ രൂക്ഷമായ വിമര്‍ശവും ക്രൂരമായ പരിഹാസവുമാണ് പാര്‍ട്ടി യോഗത്തില്‍ ഉയര്‍ന്നത്.