Connect with us

Kerala

ദേശീയ ഐക്യം സാധ്യമാകുന്നത് വൈവിധ്യങ്ങളെ അംഗീകരിക്കുമ്പോള്‍ മാത്രം: കാന്തപുരം

Published

|

Last Updated

മൗണ്ട് റാസി (നടവയല്‍): വ്യത്യസ്തതകളെ അംഗീകരിക്കുകയും പരസ്പരം ബഹുമാനിക്കുകയും ചെയ്യുന്ന സാമൂഹിക സാഹചര്യത്തിലേ ദേശീയ ഐക്യത്തിന് അര്‍ഥവും നിലനില്‍പ്പും ഉണ്ടാകൂ എന്ന്് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍.

എസ് എസ് എഫ് സംസ്ഥാന ക്യാംപസ് അസംബ്ലി നടവയല്‍ സി എം കോളജ്് മൗണ്ട് റാസിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏതെങ്കിലും മത-സാമൂഹിക വിഭാഗങ്ങളുടെ ആശയങ്ങളും ആചാരങ്ങളും മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങളെ ഐക്യം എന്നു വിളിക്കുന്നത് വിരോധാഭാസമാണ്. ഐക്യം എന്നാല്‍ എന്തിനെയെങ്കിലും ഉന്മൂലനം ചെയ്യുക എന്നല്ല അര്‍ഥം. അങ്ങിനെ ചിലര്‍ തെറ്റിദ്ധരിച്ചിട്ടുണ്ട്. മറ്റെന്തെങ്കിലും പേരിട്ടു വിളിച്ചതു കൊണ്ട് വര്‍ഗീയത അതല്ലാതാവുകയോ അതിലെ ന്യൂനതകള്‍ പരിഹരിക്കപ്പെടുകയോ ചെയ്യില്ല. വിട്ടുവീഴ്ചകളിലൂടെ മാത്രമേ സ്ഥിരമായ സമാധാനം ഉറപ്പുവരുത്താനാകൂ. വിവിധ മത-സാമൂഹിക വിഭാഗങ്ങളുമായി പ്രവാചകര്‍ മുഹമ്മദ് നബി നടത്തിയ അനുരഞ്ജന ചര്‍ച്ചകളും സമാധാന ഉടമ്പടികളുമാണ് മുസ്ലിം സമുദായത്തിന് കൂടുതല്‍ സ്വീകാര്യത നേടിക്കൊടുത്തത്. സഹിഷ്ണുതാപരമായ ഇത്തരം ചരിത്രങ്ങളെ മറച്ചു പിടിക്കാനാണ് വര്‍ഗീയവാദികളും തീവ്രവാദികളും ശ്രമിക്കുന്നത്. പൗരാണികതയില്‍ നിന്നും ഊര്‍ജം കൈവരിച്ചു വേണം നാം ഭാവിയെ ക്രിയാത്മകമായി പുതുക്കിപ്പണിയാന്‍. സാമൂഹിക അരക്ഷിതാവസ്ഥയായിരിക്കും അല്ലെങ്കില്‍ ഉണ്ടാവുക. ചരിത്രത്തോട് പുറം തിരിഞ്ഞു നില്‍ക്കുന്നവരാണ് ഏതു മത സമൂഹത്തിലും കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നത്. അദ്ദേഹം പറഞ്ഞു.

പി ഹസന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. എം അബ്ദുര്‍റഹ്മാന്‍ മുസ് ലിയാര്‍, ടി കെ അബ്ദുര്‍റഹ്മാന്‍ ബാഖവി, ജി അബൂബക്കര്‍, പി എ മുഹമ്മദ് ഫാറൂഖ് നഈമി, ഡോ. അബ്ദുല്‍ ഹകീം അസ്ഹരി, ഒ കെ അഹ്മദ് കുട്ടി സഖാഫി, കെ എസ് മുഹമ്മദ് സഖാഫി, നീലക്കണ്ടി പക്കര്‍ ഹാജി, കെ അബ്ദുറശീദ് സംബന്ധിച്ചു.