Connect with us

National

ടിപ്പുജയന്തി ആഘോഷം: ബി ജെ പി ജനപ്രതിനിധികളെ ഒഴിവാക്കി

Published

|

Last Updated

ബെംഗളൂരു: കര്‍ണാടകയില്‍ ഇന്ന് സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ടിപ്പുസുല്‍ത്താന്‍ ജയന്തി ആഘോഷ പരിപാടികളില്‍ നിന്ന് ബി ജെ പിക്കാരായ ജനപ്രതിനിധികളെ ഒഴിവാക്കി. ജനപ്രതിധികളുടെ പേര് പരിപാടിയില്‍ ഉള്‍പ്പെടുത്തുന്നതില്‍ ബി ജെ പി ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണിത്.

വാക്കാലോ രേഖാമൂലമോ എതിര്‍പ്പ് അറിയിച്ചവരെ പരിപാടിയില്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്ന് മുഖ്യമന്ത്രി സിദ്ധാരാമയ്യ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി. ഇതനുസരിച്ച് ദക്ഷിണ കന്നഡ ജില്ലാതല പരിപാടിയില്‍ നിന്ന് ബി ജെ പിക്കാരായ നളിന്‍ കുമാര്‍ കട്ടീല്‍ എം പി, ഗണേശ് കാര്‍ണിക് എം എല്‍ സി എന്നിവരെ ഒഴിവാക്കുകയായിരുന്നു. ടിപ്പു ഹിന്ദു വിരുദ്ധനാണെന്നും ആഘോഷത്തില്‍ തനിക്ക് പങ്കെടുക്കാനാകില്ലെന്നും അറിയിച്ച് കേന്ദ്രമന്ത്രി അനന്ത്കുമാര്‍ ഹെഗ്‌ഡെ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ആഴ്ചകള്‍ക്ക് മുമ്പെ കത്തയച്ചിരുന്നു. ടിപ്പുജയന്തി ആഘോഷം കണക്കിലെടുത്ത് സംസ്ഥാനത്ത് ശക്തമായ പോലീസ് ബന്തവസാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഇന്ന് കുടക് ജില്ലയില്‍ ബി ജെ പി- ആര്‍ എസ് എസ് സംഘടനകള്‍ ബന്ദിനും ആഹ്വാനം ചെയ്തിട്ടുണ്ട്. ഉഡുപ്പിയില്‍ നിരോധനാജ്ഞ നാളെ വരെ തുടരും.