Connect with us

Malappuram

ചരിത്ര മണ്ടത്തരത്തിന് ഒരാണ്ട്; വിവിധ മേഖലകളിലുള്ളവരുടെ പ്രതികരണങ്ങള്‍

Published

|

Last Updated

ഇല്യാസ് അഹമ്മദ് പരി (സിക്‌സ് സ്റ്റാര്‍ ബേക്കറി, മലപ്പുറം)

നേട്ടമുണ്ടായത് ആര്‍ക്ക്?
നോട്ട് നിരോധനവും ജി എസ് ടിയുമെല്ലാം ആര്‍ക്കാണ് നേട്ടമുണ്ടാക്കിയത് എന്ന് സര്‍ക്കാര്‍ പറയണം. ജനങ്ങള്‍ക്ക് ഇതുകൊണ്ട് യാതൊരു ഗുണവുമുണ്ടായിട്ടില്ല.
സര്‍ക്കാറിന് വരുമാനം കൂട്ടാനുള്ള വഴികള്‍ ആലോചിക്കുമ്പോള്‍ ജനങ്ങളെ കൂടി പരിഗണിക്കേണ്ടതുണ്ട്. ബേക്കറി വസ്തുക്കളില്‍ ഉപയോഗിക്കുന്ന ഓരോ പദാര്‍ഥങ്ങള്‍ക്കും വില കുത്തനെ ഉയരുന്നു. എല്ലായിടത്തെയും പോലെ ഈ മേഖലയിലും കച്ചവടം താഴേക്ക് പോയി. പതിവില്‍ വാങ്ങിയിരുന്ന സാധനങ്ങളുടെ അളവ് കുറച്ച് സാമ്പത്തിക സൂക്ഷ്മത പാലിക്കാന്‍ ജനങ്ങള്‍ പഠിച്ചു എന്നത് നോട്ട് നിരോധനം വഴി ലഭിച്ച നേട്ടമാണ്. ഇത് മാത്രമാണ് ജനങ്ങള്‍ക്ക് കിട്ടിയ ഗുണം എന്ന് പറയേണ്ടി വരും.

 

 

കെ എം മുസ്തഫ (സെന്‍ട്രല്‍ ജ്വല്ലറി, വേങ്ങര)

സ്വര്‍ണ വിപണിയിലും മാന്ദ്യം
നോട്ട് നിരോധനം മറ്റു മേഖലകളെ പോലെ തന്നെ സ്വര്‍ണ്ണം വെള്ളി വ്യാപാര മേഖലയെയും ബാധിച്ചിട്ടുണ്ട്. നേരത്തെ സ്വര്‍ണം വാങ്ങി വെച്ചുണ്ടായിരുന്ന ഇന്‍ വെസ്റ്റ് മെന്റ് നോട്ട് നിരോധന ശേഷം കുറഞ്ഞിട്ടുണ്ട്. വിവാഹ ആവശ്യങ്ങള്‍ക്കും മറ്റും അപ്പപ്പോള്‍ വാങ്ങുന്ന രീതിയിലേക്ക് മാറിയിട്ടുണ്ട്. ഇത് സ്വാഭാവികമായും സ്വര്‍ണ കച്ചവട ഇടപാടുകളെ ബാധിച്ചു. ഈ നില തന്നെയാണ് ഇപ്പോഴും തുടരുന്നത്.

 

മുഹമ്മദലി കൂട്ടിലങ്ങാടി (പഴം, പച്ചക്കറി വ്യാപാരി)

സാമ്പത്തിക ബാധ്യത കൂടി
കര്‍ഷകരെ ഏറെ ദ്രോഹിക്കുന്ന തീരുമാനമായിരുന്നു നോട്ട് നിരോധനം. അവരുടെ ഉത്പന്നങ്ങള്‍ മാര്‍ക്കറ്റിലെത്തുമ്പോള്‍ പണം നല്‍കാന്‍ കഴിഞ്ഞില്ല.
പച്ചക്കറി, പഴ വര്‍ഗങ്ങള്‍ ചീഞ്ഞ് പോകുന്നതിനാല്‍ ഇത് കൃഷി ചെയ്തവര്‍ക്ക് സൂക്ഷിച്ച് വെക്കാനും സാധിച്ചില്ല. ബേങ്ക് അക്കൗണ്ടുകളൊന്നുമില്ലാത്ത പാവപ്പെട്ട കര്‍ഷകര്‍ക്ക് ചെക്ക് നല്‍കാന്‍ വ്യാപാരികള്‍ക്ക് കഴിഞ്ഞില്ല. ഇക്കാലത്ത് ഇവരുടെ ജീവിതം ദുരിതപൂര്‍ണമായിരുന്നു. ജനങ്ങളുടെ കൈയില്‍ ഇപ്പോഴും പണമില്ല. പഴം, പച്ചക്കറി എന്നിവക്ക് വില കൂടുമ്പോഴും പരിധി വിടാതെ നില്‍ക്കുന്നത് പണമില്ല എന്ന കാരണം കൊണ്ടാണ്. വില്‍പന കുറയുകയും സാമ്പത്തിക ബാധ്യതകള്‍ കൂടിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.

അബ്ദുല്‍ അസീസ് (പലചരക്ക് വ്യാപാരി മലപ്പുറം)

ചെറുകിട കച്ചവടക്കാരെ വെട്ടിലാക്കി
കൂലി കൊടുക്കാന്‍ കഴിയാത്തതിനാല്‍ തൊഴിലാളികളുടെ എണ്ണം കുറക്കേണ്ടി വന്നു. കച്ചവടം കുത്തനെ കുറഞ്ഞതിനാല്‍ ഇപ്പോഴും ഇത് തുടരുകയാണ്. നാല്‍പത് ശതമാനത്തോളം കച്ചവടം ഇടിഞ്ഞിട്ടുണ്ട്.
കടം വാങ്ങേണ്ട അവസ്ഥയായി ജനങ്ങള്‍ക്ക്. പുതിയ നോട്ട് ഇല്ലാത്തതിനാല്‍ നിരോധിച്ച നോട്ട് കൊണ്ടുവന്ന് സാധനം കിട്ടുമോ എന്ന് അന്വേഷിക്കുന്നത് പതിവായിരുന്നു. തികച്ചും ഒരു പരീക്ഷണമായിരുന്നു അത്. ചരക്ക് എടുക്കുന്നവര്‍ക്ക് തിരികെ പണം നല്‍കാന്‍ കഴിയാത്തതിനാല്‍ ഇറക്കുമതി കുറച്ചു. എല്ലാം ഒന്ന് നേരെയായി വരുമ്പോഴാണ് ഇടിത്തീ പോലെ ജി എസ് ടി വന്നത്. ഇത് വലിയ തിരിച്ചടിയായി. വില്‍പന കുറഞ്ഞുകൊണ്ടിരിക്കുകയാണ്.

മുഹമ്മദ് ഇസ്മാഈല്‍ എം കെ (മലബാര്‍ ചിക്കന്‍ സ്റ്റാള്‍, കുന്നുമ്മല്‍)

നഷ്ടക്കണക്കുകള്‍ മാത്രം
നോട്ട് നിരോധനം കൊണ്ടുണ്ടായ ബുദ്ധിമുട്ട് ഇനിയും തീര്‍ന്നിട്ടില്ല. കോഴി ഇറച്ചി വാങ്ങാനെത്തുന്നവര്‍ക്ക് ബാക്കി കൊടുക്കാനില്ലാതെ മാസങ്ങളോളം ബുദ്ധിമുട്ടി. ഹോട്ടലുകളിലേക്കുള്ള വില്‍പന കുറഞ്ഞു. വിവാഹ പാര്‍ട്ടികള്‍ ഇറച്ചി വാങ്ങാനാകാതെ ബുദ്ധിമുട്ടുകയായിരുന്നു. അവധി പറഞ്ഞ് സാധനങ്ങള്‍ വാങ്ങിയ പലരും ഇനിയും പണം തന്നിട്ടില്ല. വലിയ നഷ്ടമാണ് ഇങ്ങിനെയുണ്ടായത്. കോഴി ഇറക്കുന്നവര്‍ക്കും തൊഴിലാളികള്‍ക്കും കൃത്യമായി പണം കൊടുക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. 25 വര്‍ഷമായി കോഴി കച്ചവടം ചെയ്യാന്‍ തുടങ്ങിയിട്ട്. ഇത്രത്തോളം പ്രശ്‌നം ഇതുവരെയുണ്ടായില്ല. കച്ചവടം പകുതിയായി കുറഞ്ഞു. ഇത് കുടുംബജീവിതത്തെയും സാരമായി ബാധിച്ചു.

കുഞ്ഞിമുഹമ്മദ് (യു എ ഇ)

പ്രവാസികളെ
ദുരിതക്കയത്തിലേക്ക് തള്ളിവിട്ടു
ഭായിയോ, ഭഹനോ എന്നെല്ലാം അലമുറയിട്ടപ്പോള്‍ രാജ്യത്തിന്റെ നന്‍മക്കായിരിക്കുമെന്നാണ് പ്രവാസികളായ ഞങ്ങളും കരുതിയത്. എന്നാല്‍, ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ട ഒരു ഭരണാധികാരി അവരെ ദുരിതക്കയത്തിലേക്ക് തള്ളി വിടുകയായിരുന്നു എന്ന് മനസിലായത് നാട്ടിലെത്തിയപ്പോഴാണ്. നാട്ടിലേക്ക് അയച്ച പണത്തിന് കടലാസിന്റെ പോലും വിലയില്ലാത്ത അവസ്ഥ ഏറെ സങ്കടകരമായിരുന്നു. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ കൈകുഞ്ഞുങ്ങളുമായി പുലര്‍ച്ചെ മുതല്‍ ബേങ്കുകള്‍ക്ക് മുന്നില്‍ വരി നില്‍ക്കുന്ന കാഴ്ച ദയനീയമായിരുന്നു. സ്വന്തം പണത്തിന് വേണ്ടിയായിരുന്നു ഈ നെട്ടോട്ടം. പണമുണ്ടായിട്ടും ദരിദ്രനായി ജീവിക്കേണ്ടി വന്നു പലര്‍ക്കും. ജനങ്ങളോട് യാതൊരു പ്രതിബദ്ധതയുമില്ലാതെ ലോക സഞ്ചാരം നടത്തുന്ന പ്രധാനമന്ത്രി രാജ്യത്തിന് കളങ്കമാണ്. ജനങ്ങളുടെ ചോദ്യങ്ങളെ നേരിടാതെ ഓരോ തവണയും അദ്ദേഹം ടെലിവിഷനിലൂടെ രാജ്യത്തെ അഭിമുഖീകരിക്കുന്നു എന്ന് കേള്‍ക്കുന്നത് തന്നെ ഭയമാണ്.

 

അമ്മിണി ജോണ്‍ (മലപ്പുറം)

ജീവിതത്തില്‍ നേരിട്ട
ഏറ്റവും വലിയ ദുരിതം
അറുപത്തി നാല് വയസിനിടെ അനുഭവിച്ച ഏറ്റവും വലിയ ദുരിതമായിരുന്നു നോട്ട് നിരോധനം. തീര്‍ത്തും നരക ജീവിതമായിരുന്നു അന്ന്.
സ്വന്തം കൈയിലെ പണത്തിനായി ബേങ്കുകളുടെയും എ ടി എം കൗണ്ടറുകളുടെയും മുന്നില്‍ ദിവസം മുഴുവന്‍ കാത്ത് നില്‍ക്കേണ്ടി വന്നത് മറക്കാന്‍ കഴിയില്ല. നോട്ട് നിരോധനത്തോടെ എല്ലാം തീര്‍ന്നുവെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ഒന്നിന് പിറകെ ഓരോന്നായി ജനങ്ങളെ ദുരിതത്തിലേക്ക് തള്ളിവിടുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. ജി എസ് ടിയും ആധാറും മൊബൈലും ലിങ്ക് ചെയ്യലുമെല്ലാമായി ജനങ്ങളുടെ ജീവിതവും സ്വാതന്ത്ര്യവും ഇല്ലാതാക്കി. കുടുംബത്തില്‍ അഞ്ച് പേരും അധ്വാനിച്ചിട്ടും അഞ്ച് പൈസ് ബാക്കി വെക്കാനില്ലാതെ സാമ്പത്തിക രംഗത്തെ ആകെ നശിപ്പിക്കുകയാണ് ചെയ്തത്.

മുസ്തഫ വെങ്കിട്ട (ഓട്ടോഡ്രൈവര്‍, മുണ്ടുപറമ്പ്)

ഓടിത്തളര്‍ന്ന്
ഓട്ടോഡ്രൈവര്‍മാര്‍
കേന്ദ്ര സര്‍ക്കാറിന്റെ പുത്തന്‍ സാമ്പത്തിക നയങ്ങള്‍ സാധാരണക്കാരായ ഞങ്ങളുടെ ജീവതവും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഓട്ടോറിക്ഷ ഓടിച്ച് വേണം കുടുംബം പുലരാന്‍. മറ്റു മാര്‍ഗങ്ങളൊന്നുമില്ല. നോട്ടുനിരോധന കാലത്ത് ഓട്ടോറിക്ഷയില്‍ ആളുകള്‍ കയറിയാല്‍ ബാക്കി കൊടുക്കാനില്ലാത്തതിനെ തുടര്‍ന്ന് യാത്രക്കാരുമായി പ്രശ്‌നങ്ങള്‍ പതിവായിരുന്നു. നേരത്തെ ലഭിച്ചിരുന്ന വരുമാനത്തില്‍ വലിയ ഇടിവുണ്ടായി. അഞ്ഞൂറ് രൂപ ലഭിച്ചിരുന്നിടത്ത് ഇപ്പോള്‍ മൂന്നൂറ് രൂപയാണ് കിട്ടുന്നത്.
കൂടുതല്‍ സമയം ജോലി ചെയ്യേണ്ടി വരികയാണിപ്പോള്‍. ഇന്ധന വില ദിവസവും കൂടിക്കൊണ്ടിരിക്കുന്നു. വാഹന സ്‌പെയര്‍പാര്‍ട്‌സുകളുടെ വിലയും തകരാര്‍ പരിഹരിക്കലുമൊക്കെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാരുടെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാക്കിയിട്ടുണ്ട്. സര്‍ക്കാറിന്റെ തലതിരിഞ്ഞ നയങ്ങളെല്ലാം ഏറ്റവും അടിത്തട്ടിലുള്ള സാധാരണക്കാരെയാണ് ഏറെ ബാധിക്കുന്നത്.