ഗെയില്‍ പൈപ്പ് ലൈന്‍: ചര്‍ച്ച ഇന്ന്

Posted on: November 6, 2017 8:52 am | Last updated: November 6, 2017 at 10:18 am
SHARE

കോഴിക്കോട്: ഗെയില്‍ സമരം ഒത്തുതീര്‍പ്പാക്കുന്നതിനായി സര്‍ക്കാര്‍ നേതൃത്വത്തില്‍ ഇന്ന് ചര്‍ച്ച നടക്കും. സമര സമിതി പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുക്കും. വ്യവസായ മന്ത്രി എ സി മൊയ്തീന്റെ അധ്യക്ഷതയില്‍ വൈകുന്നേരം നാലിന് കോഴിക്കോട് കലക്ടറേറ്റിലാണ് ചര്‍ച്ച. ഗെയില്‍ പദ്ധതി കടന്നുപോകുന്ന പ്രദേശങ്ങളിലെ എം പിമാര്‍, എം എല്‍ എമാര്‍, നഗരസഭാ ചെയര്‍മാന്‍മാര്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, നിയമസഭയില്‍ പ്രാതിനിധ്യമുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ ജില്ലാ നേതാക്കള്‍ എന്നിവരാണ് പങ്കെടുക്കുക. സമര സമിതിയുടെ രണ്ട് പ്രതിനിധികള്‍ക്കാണ് ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ക്ഷണം.

ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് ഗെയില്‍ സമര സമിതിയുടെ ലീഗല്‍ സെല്‍ ചെയര്‍മാന്‍ അഡ്വ. പ്രദീപ്കുമാര്‍ പറഞ്ഞു. മന്ത്രി എ സി മൊയ്തീന്റെ നിര്‍ദേശ പ്രകാരം കോഴിക്കോട് ജില്ലാ കലക്ടര്‍ യു വി ജോസാണ് ചര്‍ച്ചക്ക് സമര സമിതി പ്രതിനിധികളെ ക്ഷണിച്ചത്. പൈപ്പ് ലൈന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചാല്‍ മാത്രമേ ചര്‍ച്ചയില്‍ പങ്കെടുക്കൂവെന്നായിരുന്നു സമര സമിതി നേരത്തെ നിലപാട് സ്വീകരിച്ചത്. പിന്നീട് ചര്‍ച്ചക്ക് ക്ഷണം ലഭിച്ചാല്‍ പങ്കെടുക്കുമെന്ന് അറിയിച്ചു. ഔദ്യോഗിക ക്ഷണം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് രണ്ട് പ്രതിനിധികളെ അയക്കാന്‍ സമര സമിതി തീരുമാനിച്ചത്.
ഗെയിലിനെ പ്രതിനിധാനം ചെയ്ത് ജനറല്‍ മാനേജര്‍ ടോണി മാത്യു ആണ് പങ്കെടുക്കുക. കോഴിക്കോട് റീജ്യനല്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ വി വിജുവും പങ്കെടുക്കുമെന്ന് ടോണി മാത്യു സിറാജിനോട് പറഞ്ഞു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാനാകില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. 2018 ജൂണില്‍ പദ്ധതി പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഈ നിലയില്‍ പ്രവൃത്തികള്‍ നടത്തിയാല്‍ തന്നെ ജൂണില്‍ പൂര്‍ത്തിയാക്കാനാകില്ല. രാത്രിയും മറ്റും ജോലി എടുക്കേണ്ടി വരും. അലൈന്‍മെന്റ് മാറ്റം സംബന്ധിച്ച് നേരത്തെ നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണെന്നും ചര്‍ച്ചക്ക് ശേഷം നിലപാട് പറയാമെന്നും ടോണി മാത്യു പറഞ്ഞു. നിലവിലുള്ള അലൈന്‍മെന്റില്‍ പണി നടത്തുകയെന്നതാണ് ഇപ്പോഴത്തെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.
സമര സമിതിയെ പ്രതിനിധാനം ചെയ്ത് ജി അബ്ദുല്‍ ഖാദര്‍, അബ്ദുല്‍ കരീം എന്നിവര്‍ പങ്കെടുത്തേക്കും. ചര്‍ച്ച ഫലപ്രദമാകാത്ത പക്ഷം നാളെ മുതല്‍ എരഞ്ഞിമാവില്‍ കുടില്‍ കെട്ടി സമരം തുടരാനാണ് സമിതി തീരുമാനം. വിഷയം അവതരിപ്പിക്കാനുള്ള അവസരം നഷ്ടപ്പെടുത്തേണ്ട എന്നതിനാലാണ് ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ സമര സമിതി തയ്യാറായത്. പോലീസ് നടത്തിയ നരനായാട്ട് സര്‍വകക്ഷി യോഗത്തില്‍ പ്രധാനമായി ഉന്നയിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.

സര്‍ക്കാറും ഗെയില്‍ അധികൃതരും പിന്നോട്ടില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കുന്ന സാഹചര്യത്തില്‍ ഇന്നത്തെ ചര്‍ച്ചയില്‍ കാര്യമായ പുരോഗതിയുണ്ടാകില്ലെന്നാണ് സമരത്തിന് നേതൃത്വം നല്‍കുന്ന പലരുടെയും അഭിപ്രായം. വികസന വിരോധികളുടെ സമരം കാരണം പദ്ധതികള്‍ ഉപേക്ഷിക്കുന്ന കാലം കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി ഇന്നലെയും പ്രതികരിച്ചു. അതേസമയം, ഗെയില്‍ വിരുദ്ധ സമരത്തിന് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് യു ഡി എഫ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നയങ്ങളില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം ഇന്ന് ജില്ലയില്‍ പ്രവേശിക്കുകയാണ്. മുക്കത്തെത്തുന്ന ജാഥാ നേതാക്കള്‍ പ്രദേശം സന്ദര്‍ശിക്കും. നേരത്തെ സ്ഥലം സന്ദര്‍ശിച്ച കെ പി സി സി മുന്‍ പ്രസിഡന്റ് വി എം സുധീരനും ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും സമരം യു ഡി എഫ് ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇത് സംബന്ധിച്ച പ്രഖ്യാപനവും പ്രചാരണവും പടയൊരുക്കത്തിന്റെ ജില്ലയിലെ മൂന്ന് ദിവസത്തെ പര്യടനത്തില്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്.