Connect with us

Articles

ഘാതകര്‍ ഊറിച്ചിരിക്കുന്നുണ്ടാകും

Published

|

Last Updated

നിഗൂഢമായ അനിശ്ചിതാവസ്ഥയിലേക്ക് ഈ കേസും സഞ്ചരിക്കുകയാണോ? കല്‍ബുര്‍ഗിയെയും ഗോവിന്ദ് പന്‍സാരെയെയും വധിച്ചവരെ കണ്ടെത്താന്‍ രാജ്യത്തിന്റെ അന്വേഷണ സംവിധാനത്തിന് സാധിച്ചിട്ടില്ല. ഇതാ ഗൗരി ലങ്കേഷിന്റെ ചോരക്കും ഉത്തരവാദികളില്ലാതെയാകുകയാണ്. അവര്‍ മരിച്ചു വീണു എന്ന സത്യം മാത്രം അവശേഷിക്കുന്നു. ഈ സ്ഥിതി വിശേഷം രാജ്യത്തിന്റെ വ്യവസ്ഥയില്‍ പൗരന് ഉണ്ടാക്കുന്ന വിശ്വാസ്യതാ നഷ്ടം അതിഭീകരമായിരിക്കും. കൊലപാതകം നടന്ന് ഇന്ന് രണ്ട് മാസം തികയുമ്പോഴും ഘാതകര്‍ വലയ്ക്ക് പുറത്ത് തന്നെയാണ്. കഴിഞ്ഞ സെപ്തംബര്‍ അഞ്ചിന് രാത്രി എട്ട് മണിയോടെയാണ് ഗൗരിലങ്കേഷിനെ രാജ രാജേശ്വരി നഗറിലെ വീടിന് മുന്നില്‍ വെച്ച് അജ്ഞാതര്‍ വെടിവെച്ച് കൊലപ്പെടുത്തിയത്.

ഇന്റലിജന്‍സ് ഐ ജി ബി കെ സിംഗിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കഴിഞ്ഞ രണ്ട് മാസം വിവിധ കോണുകളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടും ഘാതകരിലേക്ക് എത്താന്‍ ആവശ്യമായ തെളിവുകള്‍ ശേഖരിക്കാന്‍ കഴിഞ്ഞിട്ടില്ല. കേസന്വേഷണവുമായി ബന്ധപ്പെട്ട് ഇതിനകം 200 ഓളം പേരെയാണ് എസ് ഐ ടി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. കൊലപാതകം നടന്ന് നാല്‍പ്പതാം ദിവസം പ്രതികളെന്ന് സംശയിക്കുന്ന മൂന്ന് പേരുടെ രേഖാ ചിത്രങ്ങള്‍ തയ്യാറാക്കി എസ് ഐ ടി പുറത്തുവിട്ടെങ്കിലും ഫലമുണ്ടായില്ല.
ചുവപ്പ് നിറമുള്ള പള്‍സര്‍ ബൈക്കിലാണ് ഘാതകരെത്തിയതെന്ന് സി സി ടി വി ദൃശ്യത്തില്‍ നിന്ന് വ്യക്തമായിട്ടുണ്ടെങ്കിലും ബൈക്ക് കെണ്ടടുക്കാനുള്ള ശ്രമവും ഫലിച്ചിട്ടില്ല. ഡോ. എം എം കല്‍ബുര്‍ഗിയെ കൊലപ്പെടുത്താനുപയോഗിച്ച അതേ തോക്ക് കൊണ്ടാണ് ഗൗരി ലങ്കേഷിനെയും കൊലപ്പെടുത്തിയതെന്ന നിഗമനത്തില്‍ എസ് ഐ ടി എത്തിയിരുന്നുവെങ്കിലും തോക്ക് കണ്ടെടുക്കാനും സാധിച്ചില്ല. ഗൗരിയെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിന് ദൃക്‌സാക്ഷികള്‍ ഇല്ലാത്തതും യാതൊരു തെളിവുകളും അവശേഷിപ്പിക്കാതെ കൃത്യം നടത്തിയതുമാണ് അന്വേഷണ പുരോഗതിക്ക് തടസ്സമാകുന്നതെന്ന് പോലീസ് പറയുന്നു.
കൊലയാളി സംഘത്തിലെ ഒരാളുടെ സി സി ടി വി ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ഹെല്‍മറ്റും ബാഗും ധരിച്ച യുവാവിന്റെ ദൃശ്യമാണ് ഇത്. ബസവനഗുഡി മുതല്‍ ഇയാള്‍ ഗൗരി ലങ്കേഷിനെ പിന്തുടര്‍ന്നിരുന്നതായി കണ്ടെത്തി. രണ്ട് ബൈക്കുകളുടെ ശബ്ദം കേട്ടെന്ന് ഒരു അയല്‍വാസിയും മൊഴി നല്‍കിയിരുന്നു. അന്വേഷണം ആന്ധ്രാ പ്രദേശ്, തമിഴ്‌നാട്, മഹാരാഷ്ട്ര, കേരളം എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിച്ചെങ്കിലും പ്രതികളെക്കുറിച്ച് സൂചനയുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. കേസന്വേഷണം സി ബി ഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ഗൗരി ലങ്കേഷിന്റെ സഹോദരി കവിത ലങ്കേഷ് രംഗത്ത് വന്നിരുന്നുവെങ്കിലും സംസ്ഥാന പോലീസ് തന്നെ അന്വേഷിച്ചാല്‍ മതിയെന്ന നിലപാടിലാണ് സഹോദരന്‍ ഇന്ദ്രജിത്ത് ലങ്കേഷ്. ഘാതകരെ കണ്ടെത്താന്‍ അന്വേഷണം സി ബി ഐക്ക് വിടണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് മാധ്യമ സമൂഹവും സാമൂഹിക- സന്നദ്ധ സംഘടനകളും.

ഗൗരി ലങ്കേഷ് പത്രിക എന്ന സ്വന്തം വാരികയുടെ ഓഫീസില്‍ നിന്നും രാജരാജേശ്വരി നഗറിലെ വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോഴാണ് ഗൗരിക്കെതിരെ അക്രമികള്‍ വെടിയുതിര്‍ത്തത്. വെടിയേറ്റ ഗൗരി ലങ്കേഷ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെടുകയായിരുന്നു. ഗൗരി ലങ്കേഷ് വധക്കേസിന്റെ അന്വേഷണം ഉപേക്ഷിച്ച എസ് ഐ ടി അവരുടെ പതിവ് ജോലികളില്‍ വ്യാപൃതരായിക്കഴിഞ്ഞു. പ്രതികളെ പിടികൂടുന്ന കാര്യത്തില്‍ ഇനി പ്രതീക്ഷയില്ലെന്നും കേസന്വേഷണം നിര്‍ത്തിവെക്കുകയാണെന്നുമാണ് ആഭ്യന്തര വകുപ്പ് അറിയിച്ചത്. ഗൗരി വധക്കേസിലെ പ്രതികളെക്കുറിച്ച് ചില സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും കേസന്വേഷണം സി ബി ഐക്ക് വിടേണ്ട സാഹചര്യമില്ലെന്നുമാണ് ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡി വ്യക്തമാക്കിയിരുന്നത്.

ഗൗരിയുടെ കൊലപാതകത്തിന് 2015ല്‍ നടന്ന എം എം കല്‍ബുര്‍ഗിയുടെ മരണവുമായി ഏറെ സമാനതകള്‍ ഉണ്ടെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിരുന്നു. 77 വയസുകാരനായ കല്‍ബുര്‍ഗിയെ വീട്ടില്‍ നിന്നും വിളിച്ചിറക്കി പോയന്റ് ബ്ലാങ്കില്‍ വെടിവച്ചാണ് കൊലപ്പെടുത്തിയത്. 2015ല്‍ ഇടതു ചിന്താഗതിക്കാരന്‍ ഗോവിന്ദ് പന്‍സാരെയും 2013ല്‍ നരേന്ദ്ര ധബോല്‍ക്കറും മഹാരാഷ്ട്രയില്‍ കൊല്ലപ്പെട്ടത് സമാന രീതിയിലാണ്.
ഗൗരിയുടെ ചോര വീണ നഗരത്തില്‍ നിന്ന് ഇങ്ങനെ ചില വാക്കുകള്‍ മാത്രം വാര്‍ത്തയായി വരുമ്പോള്‍ കൊന്നവര്‍ ഊറിച്ചിരിക്കുന്നുണ്ടാകും. ആശയങ്ങള്‍ മരിക്കുന്നില്ലെന്നത് മാത്രമാണ് ആശ്വാസം.