Connect with us

Articles

ഗെയില്‍: എന്തുകൊണ്ട് ചെറുത്തുനില്‍പ്പ്

Published

|

Last Updated

അമേരിക്കന്‍ നോവലിസ്റ്റ് ഉപ്‌റ്റോണ്‍ സിംഗയ്‌റിന്റെ ദ ജംഗിള്‍സില്‍ പറയുന്നൊരു കഥയുണ്ട്. ആടുമാടുകളെ കശാപ്പ്‌ചെയ്ത് പാക്കറ്റിലാക്കി വിദേശങ്ങളിലേക്കയക്കുന്ന ഫാക്ടറിയിലെ യന്ത്ര ബെല്‍റ്റില്‍ ഒരു തൊഴിലാളി കുടുങ്ങിപ്പോകുന്നു. നിമിഷങ്ങള്‍ക്കകം അയാള്‍ പാക്ക് ചെയ്ത മാംസമായി മാറാന്‍ പോവുകയാണ്. മറ്റ് തൊഴിലാളികള്‍ ഓടി വന്ന് ഫാക്ടറി മാനേജറോട് ഫാക്ടറി നിര്‍ത്താന്‍ ആവശ്യപ്പെട്ടു. പക്ഷേ, മാനേജര്‍ ആലോചിച്ചത് മെഷീന്‍ നിര്‍ത്തുന്നതാണോ യന്ത്രത്തില്‍ കുടുങ്ങി മരിക്കുന്ന തൊഴിലാളിയുടെ കുടുംബത്തിന് നല്‍കുന്ന നഷ്ട പരിഹാരമാണോ ലാഭകരം എന്നതാണ്. തൊഴിലാളിക്ക് നല്‍കുന്ന നഷ്ടപരിഹാരത്തെക്കാള്‍ കൂടുതലാണ് ഫാക്ടറി ഏതാനും സമയം നിര്‍ത്തുന്നതിലൂടെ സംഭവിക്കുകയെന്ന കമ്പ്യൂട്ടര്‍ കണക്കിനെ മുഖവിലക്കെടുത്ത് മാനേജര്‍ ഫാക്ടറിയുടെ പ്രവര്‍ത്തനം തുടരാനും, ആ ഹതഭാഗ്യന്റെ ഭാര്യക്കും കുട്ടികള്‍ക്കും നഷ്ടപരിഹാരം നല്‍കാനും ഉത്തരവിട്ടു.

ഗെയില്‍ വാതക പൈപ്പ്‌ലൈന്‍ പദ്ധതി നടപ്പാക്കുമ്പോള്‍ ഉപ്‌റ്റോണ്‍ സിംഗയ്‌റിനെ ഓര്‍ക്കാതിരിക്കുന്നതെങ്ങനെ? ഭരണാധികാരികളുടെയും ഗെയില്‍ കമ്പനിയുടെയും പ്രസ്താവനകള്‍ കാണുമ്പോള്‍ ദ ജംഗിള്‍സില്‍ നോവല്‍ അനശ്വരമാകുന്നു. മനുഷ്യ ജീവനും ചുറ്റുപാടിനും ഒരു വിലയും കല്‍പ്പിക്കാതെ, നഷ്ടപരിഹാരത്തുക വര്‍ധിപ്പിക്കാന്‍ ശ്രമിക്കാം എന്ന ഔദാര്യം കാത്തുകഴിയേണ്ടവരാണോ ജനാധിപത്യ രാജ്യത്തെ പൗരന്മാര്‍ എന്നതാണ് കാതലായ ചോദ്യം.

ബെംഗളൂരുവിലെ വ്യാവസായിക ആവശ്യത്തിന് വേണ്ടി മാംഗ്ലൂര്‍ റിഫൈനറി പെട്രോകെമിക്കല്‍സ് ലിമിറ്റഡ് (ങ ഞ ജ ഘ), കുതിരേമുഖ് അയേണ്‍ ഓര്‍ കമ്പനി ലിമിറ്റഡ് (ഗ ക ഛ ഇ ഘ), മഹാനദി കോള്‍ ഫീല്‍ഡ് ലിമിറ്റഡ് (ങ ഇ എ ഘ) എന്നീ മൂന്ന് ഫാക്ടറികള്‍ക്ക് ഇന്ധനമായി ഉപയോഗിക്കാന്‍ പുതുവൈപ്പിലെ എല്‍ എന്‍ ജി ടെര്‍മിനലില്‍ നിന്നും പാലക്കാട് ജില്ലയിലെ കൂറ്റനാട് വഴി പ്രകൃതി വാതകം കൊണ്ടുപോകുന്ന ഗെയില്‍ വാതക പൈപ്പ് ലൈന്‍ നിര്‍മാണ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട സമരം എട്ട് വര്‍ഷം പൂര്‍ത്തിയായിരിക്കുന്നു. ബലപ്രയോഗത്തിന്റെ രീതി വന്നതോടെ ഏതാനും ദിവസങ്ങളായി സമരം പുതിയ വഴിത്തിരിവിലേക്ക് നീങ്ങുകയാണ്.

ജീവിക്കാനുള്ള അവകാശം എന്നത് സ്വന്തം ഭൂമിയില്‍ നിന്ന് കുടിയൊഴിപ്പിക്കാതിരിക്കാനുള്ള ഭരണഘടനാ അവകാശമാണ്. ഇതിന് എതിരായി ഏതെങ്കിലും ജനാധിപത്യ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചാല്‍ അത് സത്യപ്രതിജ്ഞാ ലംഘനവുമാണ്. പൗരന്റെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കുക എന്നത് എല്ലാ സര്‍ക്കാറുകളുടെയും പ്രഥമ ബാധ്യതയാണ്. അത് കഴിഞ്ഞ് മാത്രമേ പദ്ധതിയുമായി മുന്നോട്ടു പോകുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടതുള്ളൂ. ആദ്യം ചെയ്യേണ്ട ഭരണഘടനാ ദൗത്യം അവസാനം ചെയ്യുമ്പോഴുള്ള ദുരന്തം ഏറ്റുവാങ്ങുന്നത് ഏറ്റവും അടിത്തട്ടിലുള്ള വിഭാഗമാണ്.

സ്വന്തം ഭൂമിയില്‍ ജീവിക്കാന്‍ വേണ്ടി സമരം ചെയ്യേണ്ടി വരുന്ന പതിനായിരക്കണക്കിന് സാധാരണക്കാരുടെ മാനസികാവസ്ഥ ഊഹിക്കാവുന്നതേയുള്ളൂ. ഇവരെ സമരത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ പലതരത്തിലുള്ള ഭീഷണിയും പ്രലോഭനങ്ങളുമാണ് പയറ്റുന്നത്. റോഡുകള്‍ ഉള്‍പ്പെടെയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സ്ഥലം പണം ഈടാക്കാതെ വിട്ടുനല്‍കുന്ന മലയാളി എന്തുകൊണ്ടാണ് ഗെയില്‍ പൈപ്പ് ലൈന്‍ എതിര്‍ക്കുന്നത്? ഗെയില്‍ ഒരു വികസനമാണെങ്കില്‍ പദ്ധതി നടപ്പാക്കുമ്പോള്‍ സുതാര്യത ഉറപ്പുവരുത്തണം.

എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലൂടെയാണ് പൈപ്പ് ലൈന്‍ കടന്നുപോകുന്നത്. 18 ടണ്‍ പാചക വാതകം നിറച്ച ടാങ്കര്‍ ലോറി കണ്ണൂരിലെ ചാലയില്‍ പൊട്ടിത്തെറിച്ച് 20 പേരാണ് വെന്തു മരിച്ചത്. ഏകദേശം 600 മീറ്റര്‍ ദൂരം ഇതിന്റെ തീ കത്തി പടര്‍ന്നു. എന്നാല്‍ കേരളത്തില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുമ്പോള്‍ 24 കിലോമീറ്റര്‍ അകലത്തിലാണ് സേഫ്റ്റി വാള്‍വുകള്‍ നിര്‍മ്മിക്കുന്നത്. ഏകദേശം 1,64,000 ടാങ്കര്‍ ലോറിയില്‍ നിറക്കാവുന്ന വാതകമാണ് രണ്ടു വാള്‍വുകള്‍ക്കിടയില്‍ നിറഞ്ഞു കിടക്കുക. അവിടെ ഒരു സ്‌ഫോടനം ഉണ്ടായാല്‍ അതിന്റെ നാശനഷ്ടങ്ങള്‍ അതി ഭീകരമായിരിക്കും.

ഗുജറാത്തിലെ ഹസിറയില്‍ 2009ലും ഗോവയിലെ വാസ്‌ക്കോയില്‍ 2011ലും വാതക പൈപ്പ് അപകടങ്ങള്‍ ഉണ്ടായിരുന്നു. ആന്ധ്രപ്രദേശിലെ കിഴക്കന്‍ ഗോദാവരി ജില്ലയിലെ നഗരം എന്ന സ്ഥലത്ത് 2014 ജൂലൈ മാസത്തില്‍ ഉണ്ടായ പൈപ്പ് ലൈന്‍ അപകടത്തില്‍ ജനവാസമില്ലാത്ത കൃഷിയിടമായിരുന്നിട്ടുപോലും 19 പേരുടെ ജീവനാണ് അപഹരിക്കപ്പെട്ടത്. കേരളം ജനവാസ മേഖലയായതിനാല്‍ അപകടം ഉണ്ടായാല്‍ മരണസംഖ്യ പതിന്മടങ്ങ് വര്‍ധിക്കും. ഗോദാവരിയില്‍ 18 ഇഞ്ച് വ്യാസമുള്ള പൈപ്പുകളാണ് ഉപയോഗിക്കുന്നത്. അവിടെ ഒന്നര കിലോമീറ്റര്‍ ദൂരത്തില്‍ സേഫ്റ്റി വാള്‍വ് സ്ഥാപിച്ചിരുന്നു. കേരളത്തില്‍ ഇത് 24 കിലോമീറ്റര്‍ ഇടവിട്ടാണ് സ്ഥാപിക്കുന്നത്.

കേന്ദ്ര സര്‍ക്കാറിന്റെ നവരത്‌ന കമ്പനിയായ ഗെയ്‌ലിന്റെ 43 ശതമാനം ഓഹരികള്‍ ഇപ്പോള്‍ റിലയന്‍സിന്റെയും ടാറ്റയുടെയും കൈവശമാണ്. ബാക്കിയുള്ള ഓഹരികള്‍ താമസിയാതെ അവരുടെ കൈകളില്‍ എത്തും. അദാനി ഗ്രൂപ്പിനാണ് പാചകവാതക പൈപ്പ് ലൈന്‍ പദ്ധതിയിലെ പങ്കാളിത്തം. പൈപ്പ് ലൈന്‍ നിര്‍മാണം പൂര്‍ത്തിയായാല്‍ ഒരുവര്‍ഷം ചുരുങ്ങിയത് 8000 കോടി രൂപയാണ് ഗെയില്‍ ലാഭം പ്രതീക്ഷിക്കുന്നത്. കേരളത്തിലെ ജനവാസ മേഖലയിലൂടെ പദ്ധതി കടന്ന് പോവുമ്പോള്‍ 700 ഹെക്ടര്‍ കാര്‍ഷിക ഭൂമിയും എണ്ണമറ്റ അമ്പലങ്ങള്‍, കാവുകള്‍, പള്ളികള്‍, മദ്‌റസകള്‍, ആയിരക്കണക്കിന് വീടുകള്‍, കുളം, തണ്ണീര്‍ തടങ്ങള്‍ തുടങ്ങി ജല സ്രോതസ്സുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവ ഇല്ലാതാക്കുന്നത് വരുത്തുന്ന നഷ്ടങ്ങള്‍ കണക്കാക്കാന്‍ പറ്റാത്തതാണ്. കുത്തകകള്‍ക്കായി ഗെയില്‍ പദ്ധതി നടപ്പാക്കുമ്പോള്‍ അല്‍പ്പം ചെലവ് കൂടിയാലും അത് കടല്‍ മാര്‍ഗമാക്കാം. കായലുകളും നദീതീരങ്ങളും ഇതിനായി ഉപയോഗിക്കാം, വീതി കൂടിയ നാഷനല്‍ ഹൈവേ നമുക്കുള്ളതും പരിഗണിക്കാം, ഇന്ത്യന്‍ റയില്‍വേയുടെ ട്രാക്കിനു ഇരുവശത്തുമായി ഒഴിഞ്ഞുകിടക്കുന്ന ധാരാളം ഭൂമിയുള്ളതും പ്രയോജനപ്പെടുത്താം.

2007ല്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ അധീനതയിലുള്ള ഗെയിലുമായി വ്യവസായ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ കെ എസ് ഐ ഡി സി യുമായി ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് ഗെയില്‍ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. 2009ല്‍ കൊച്ചിയില്‍ നിന്നും വ്യാവസായിക ആവശ്യത്തിന് പ്രകൃതി വാതകം മംഗലാപുരത്തേക്ക് കൊണ്ടുപോകുന്ന പദ്ധതിക്ക് ഗെയില്‍ തയ്യാറെടുത്തു. 2011ല്‍ ഇതുമായി ബന്ധപ്പെട്ട പേപ്പര്‍ വര്‍ക്കുകള്‍ നടത്തിയെങ്കിലും 2012 ഡിസംബറില്‍ ആണ് സര്‍വേ പ്രവര്‍ത്തനം തുടക്കം കുറിച്ചത്. എന്നാല്‍, ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് സര്‍വേ നടപടികള്‍ പോലും പൂര്‍ത്തിയാക്കാന്‍ കഴിയാതെ ഗെയില്‍ പിന്‍വാങ്ങുന്ന അവസ്ഥവരെയുണ്ടായി.

2012 ഡിസംബറില്‍ സര്‍വേ നടപടികളുമായി ഗെയില്‍ അധികൃതര്‍ വീണ്ടും രംഗത്തെത്തിയപ്പോള്‍ ഇരകള്‍ സര്‍വേക്ക് വന്ന അധികൃതരെ ചെറുത്തു. ശക്തമായ എതിര്‍പ്പ് വന്നപ്പോള്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ ഗെയില്‍ അധികൃതര്‍ അങ്ങിങ്ങായി ഇറക്കി വെച്ച പൈപ്പുകള്‍ തിരിച്ചെടുത്ത് പദ്ധതി ഉപേക്ഷിക്കാന്‍ ശ്രമിച്ചു. എന്നാല്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ വന്നപ്പോള്‍ ഗെയില്‍ പദ്ധതിയുമായി ബലം പ്രയോഗിച്ചും മുന്നോട്ടുപോകുമെന്ന നിലപാടാണ് കാണുന്നത്. 3700 കോടി രൂപ മുടക്കി ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതിക്ക് തുടക്കം കുറിച്ചപ്പോള്‍ കേരളത്തില്‍ 505 കിലോമീറ്റര്‍ ആണ് പദ്ധതിപ്രകാരം പൈപ്പ് ലൈന്‍ സ്ഥാപിക്കേണ്ടത്.
കഴിഞ്ഞ യു ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് തിരുവനന്തപുരം തൈക്കാട് ഗസ്റ്റ്ഹൗസില്‍ ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി കടന്നുപോവുന്ന പ്രദേശത്തെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, എം എല്‍ എമാര്‍, എം പിമാര്‍, ജില്ലാ കലക്ടര്‍, ഗെയില്‍ ഉദ്യോഗസ്ഥര്‍, മന്ത്രിമാര്‍ എന്നിവരുടെ യോഗം മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത് പരാതി കേള്‍ക്കുകയും അഭിപ്രായം ആരായുകയും ചെയ്തിരുന്നു. അത്തരത്തിലുള്ള ഒരു ചെറു മര്യാദയെങ്കിലും കേരള ഗവണ്‍മെന്റ് കാണിക്കണം. എറണാകുളത്ത് കളമശേരി വല്ലാര്‍പാടം നാഷനല്‍ ഹൈവേയുടെ ഓരത്തും ചതുപ്പുനിലത്തുമാണ് ഗെയിലിന് വേണ്ടിയുള്ള 24 കിലോമീറ്റര്‍ പൈപ്പ്‌ലൈന്‍ സ്ഥാപിച്ചത്. അതോടൊപ്പം എറണാകുളം മുതല്‍ കായംകുളം വരെ കടലും കായലുമാണ് തിരഞ്ഞെടുത്തത്. ഇതു മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ എത്തുമ്പോള്‍ ജനങ്ങള്‍ തിങ്ങിത്താമസിക്കുന്ന പ്രദേശമായി മാറുന്നു.
കഴിഞ്ഞ എട്ടു വര്‍ഷമായി ഗെയില്‍ വിരുദ്ധ സമരം നടക്കുന്നുണ്ടെങ്കിലും കലക്ടറേറ്റ് പോലുള്ള അധികാരകേന്ദ്രങ്ങളിലേക്കുള്ള പ്രതിഷേധ മാര്‍ച്ചിലും ഹൈവേ ഉപരോധത്തിലും ഒതുക്കുകയായിരുന്നു. എന്നാല്‍ എരഞ്ഞിമാവ് ഇന്ന് കേരളത്തിലെ ഗെയില്‍വിരുദ്ധ സമരങ്ങളുടെ “ഹബ്ബ്” ആയി മാറിയിരിക്കുന്നു. ഒരു മാസത്തോളമായി സമരത്തെ ലൈവ് ആക്കി നിര്‍ത്താന്‍ സാധിച്ചത് രാഷ്ട്രീയ മത സാമൂഹിക സാംസ്‌കാരിക സംഘടനകളുടെ പൂര്‍ണ പിന്തുണയും ഇരകളുടെ നിശ്ചയദാര്‍ഢ്യവുമാണ്.

ഇവിടെ ജില്ലാ കലക്ടര്‍മാരെ നിയമിക്കുന്നതില്‍ വരെ ഗെയില്‍ അധികൃതരുടെ സ്വാധീനം പ്രകടമാണ്. മലപ്പുറം ജില്ലയില്‍ ആശാവര്‍ക്കര്‍മാരുടെ യോഗം വിളിച്ചു ഗെയില്‍ വിനാശമല്ല, നാടിന് ഗുണകരമാണ് എന്ന പ്രചാരവാഹകരായി ആശാവര്‍ക്കര്‍മാര്‍ മാറണം എന്നു ജില്ലാ കലക്ടറെ പറയാന്‍ പ്രേരിപ്പിച്ചതിനു പിന്നിലുള്ള താത്പര്യം ഊഹിക്കാവുന്നതേയുള്ളൂ. ഒരു സംസ്ഥാന സര്‍ക്കാറിന് ചെയ്യാന്‍ കഴിയുന്ന പലകാര്യങ്ങളുമുണ്ട്. തമിഴ്‌നാട്ടില്‍ കൃഷി ഭൂമിയിലൂടെ കൊണ്ട് പോവുന്നത് ഒഴിവാക്കാന്‍ വേണ്ടി ഗെയ്‌ലിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പരാതി സമര്‍പ്പിച്ചിരുന്നു. ഉടനെ തന്നെ കോടതി ഗെയ്‌ലിന്റെ പ്രവര്‍ത്തനങ്ങള്‍ സ്‌റ്റേ ചെയ്തു. പിന്നീട്, സ്‌റ്റേ റദ്ദ് ചെയ്യുന്നതിന് വേണ്ടി ഗെയിലിന് സുപ്രീം കോടതിയെ സമീപിക്കേണ്ടി വന്നു.

ഇരകളെ ബലത്തിലൂടെയും അക്രമത്തിലൂടെയും അടക്കിയിരുത്തുകയല്ല, അവരെ അനുഭാവപൂര്‍വം പരിഗണിക്കുകയാണ് വികസനത്തിലേക്കുള്ള യഥാര്‍ഥ വഴിയെന്ന തിരിച്ചറിവ് ഭരണകൂടത്തിന് ഉണ്ടായാല്‍ അവരും ജനങ്ങളും രക്ഷപ്പെടും. കഴിഞ്ഞ ജൂലൈ 13 ന് കൊക്കക്കോള കമ്പനിക്ക് പ്ലാച്ചിമട വിട്ടു പോവേണ്ടി വന്നത് ജനകീയ പ്രക്ഷോഭങ്ങളുടെയും നിയമപോരാട്ടത്തിന്റെയും കൂട്ടായ ശക്തിക്ക് മുമ്പില്‍ പിടിച്ചു നില്‍ക്കാനാവില്ല എന്ന തിരിച്ചറിവ് കൊണ്ടാണ്. എരഞ്ഞിമാവ് ഗെയില്‍ വിരുദ്ധ ജനകീയസമരത്തെ കാക്കിപ്പടകൊണ്ട് നേരിടാനാണ് ജനാധിപത്യ ഭരണകൂടങ്ങള്‍ ശ്രമിക്കുന്നതെങ്കില്‍ തീര്‍ച്ചയായും അത് തിരുത്താന്‍ പറ്റാത്ത അബദ്ധമായിമാറും.
(എരഞ്ഞിമാവ് ഗെയില്‍ വിരുദ്ധ സമര സമിതി ചെയര്‍മാനാണ് ലേഖകന്‍)

---- facebook comment plugin here -----

Latest