മുക്കത്ത് ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി നിര്‍മാണം പുനരാരംഭിച്ചു

Posted on: November 2, 2017 2:45 pm | Last updated: November 2, 2017 at 5:14 pm
പ്രതീകാത്മക ചിത്രം

കോഴിക്കോട്: സംഘര്‍ഷം നിലനില്‍ക്കുന്ന മുക്കത്ത് ഗെയില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കാനുള്ള പ്രവൃത്തി പുനരാരംഭിച്ചു. ഉത്തരമേഖലാ ഡിജിപി രാജേഷ് ദിവാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്റെ സാന്നിധ്യത്തിലാണ്‌ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വീണ്ടും ആരംഭിച്ചത്.

പൈപ്പുകള്‍ സ്ഥാപിക്കാനുള്ള കുഴികള്‍ ജെസിബിയുടെ സഹായത്തോടെ എടുത്തുവരികയാണ്. ഉച്ചക്ക് 1.30ഓടെ കനത്ത സുരക്ഷയൊരുക്കിയാണ് നിര്‍മാണ ഉപകരണങ്ങള്‍ എത്തിച്ചത്. ഹര്‍ത്താലിനിടെ സമരാനുകൂലികള്‍ റോഡില്‍ തടസ്സങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇതെല്ലാം പോലീസ് നീക്കി.

സമരം ശക്തമാകുമ്പോഴും, പദ്ധതി നടപ്പാക്കുമെന്ന് ഗെയില്‍ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. പദ്ധതിക്കെതിരെ കുപ്രചാരണമാണ് നടക്കുന്നതെന്നും മുക്കത്ത് പ്രശ്‌നം സങ്കീര്‍ണമാക്കാനാണ് ചിലര്‍ ശ്രമിച്ചതെന്നും സര്‍ക്കാറിന്റെ പിന്തുണ ഗെയിലിനുണ്ടെന്നും ഡിജിഎം. എം വിജു പറഞ്ഞു. ഇന്നലെയും ഇന്നും മുക്കത്തെ എരഞ്ഞിമാവില്‍ പോലീസും സമരക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിരുന്നു.