ചാലക്കുടി രാജീവ് വധക്കേസ്: അഡ്വ. സിപി ഉദയഭാനു അറസ്റ്റില്‍

Posted on: November 1, 2017 8:59 pm | Last updated: November 2, 2017 at 9:17 am

കൊച്ചി: റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കര്‍ ചാലക്കുടി സ്വദേശി രാജീവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി അഡ്വ.സി.പി ഉദയഭാനു അറസ്റ്റില്‍.

കീഴടങ്ങാന്‍ സന്നദ്ധത അറിയിച്ച ഉദയഭാനുവിനെ തൃപ്പൂണിത്തുറയിലെ സഹോദരന്റെ വീട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ഉടന്‍ തൃശൂരിലേക്ക് കൊണ്ടുപോകുന്ന ഉദയഭാനുവിനെ നാളെ(വ്യാഴാഴ്ച)കോടതിയില്‍ ഹാജരാക്കും.
അതേസമയം ഉദയഭാനു കീഴടങ്ങിയതാണെന്ന് ബന്ധുക്കള്‍ പറഞ്ഞു.

ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി കഴിഞ്ഞദിവസം തള്ളിയിരുന്നു. ഉദയഭാനുവിനെതിരെ തെളിവുണ്ടെന്നും ജാമ്യം നല്‍കരുതെന്നുമായിരുന്നു പ്രോസിക്യൂഷന്റെ നിലപാട്.

കേസിലെ ഗൂഢാലോചനയില്‍ ഉദയഭാനുവിന് പങ്കുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. രാജീവ് കൊല്ലപ്പെട്ട ദിവസം ഉദയഭാനു കേസിലെ മറ്റൊരു പ്രതിയായ ചക്കര ജോണിയുമായി ഫോണില്‍ ബന്ധപ്പെട്ടതിന്റെ തെളിവ് അന്വേഷണംഘം ശേഖരിച്ചിട്ടുണ്ട്.

രാജീവ് കൊല്ലപ്പെട്ട ദിവസം വൈകീട്ട് 4.30ന് ഉദയഭാനുവും മറ്റു രണ്ടു പ്രതികളും ഒരേ ടവര്‍ ലൊക്കേഷനില്‍ വന്നിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

എസ്പി യതീഷ് ചന്ദ്ര, ഡിവൈഎസ്പിസിഎസ് ഷാഹുല്‍ ഹമീദ്, സിഐ വിസ് ഷാജു, എസ്‌ഐ ജയേഷ് ബാലന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.