Connect with us

International

വാനാക്രൈ സൈബര്‍ ആക്രമണവുമായി ബന്ധമില്ലെന്ന് ഉത്തര കൊറിയ

Published

|

Last Updated

പ്യോംഗ്‌യാംഗ്: ആഗോളതലത്തില്‍ നടന്ന വാനാക്രൈ സൈബര്‍ ആക്രമണത്തിന് പിന്നില്‍ ഉത്തര കൊറിയയാണെന്ന ബ്രിട്ടന്റെ ആരോപണത്തിനെതിരെ ശക്തമായ വിമര്‍ശവുമായി ഉത്തര കൊറിയ രംഗത്ത്. രാജ്യത്തിന് മേല്‍ കൂടുതല്‍ അന്താരാഷ്ട്ര ഉപരോധം ഏര്‍പ്പെടുത്താനുള്ള ബ്രിട്ടന്റെ ഹീനമായ ശ്രമമാണ് ആരോപണത്തിന് പിന്നിലെന്ന് ഉത്തര കൊറിയ വ്യക്തമാക്കി. വാനാക്രൈ ബ്രിട്ടന്റെ ദേശീയ ആരോഗ്യ സേവനമേഖലയെ സാരമായി ബാധിച്ചിരുന്നു. മെയ് മാസത്തിലെ സൈബര്‍ ആക്രമണം ബ്രിട്ടനിലെ മൂന്നിലൊന്ന് സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനത്തെയാണ് ബാധിച്ചത്. 150 രാജ്യങ്ങളിലായി മൂന്ന് ലക്ഷത്തോളം കമ്പ്യൂട്ടറുകളെ വാണക്രൈ വൈറസ് ആക്രമിച്ചു.

ഉപയോക്താക്കള്‍ക്ക് കമ്പ്യൂട്ടറിന്റെ നിയന്ത്രണം തിരികെ ലഭിക്കാന്‍ ബിറ്റ് കോയിന്‍ രൂപത്തില്‍ പണം ലഭിക്കണമെന്നാണ് ഹാക്കര്‍മാര്‍ ആവശ്യപ്പെട്ടിരുന്നത്. വാനാക്രൈക്ക് പിന്നില്‍ ഉത്തര കൊറിയയുടെ കൈകളുണ്ടെന്ന് കുറച്ച് ഗവേഷകര്‍ ചൂണ്ടിക്കാട്ടിയിരുന്നു. കഴിഞ്ഞ കാലങ്ങളില്‍ ഉത്തര കൊറിയന്‍ ഹാക്കര്‍മാര്‍ ഉപയോഗിച്ച കോഡ് തന്നെയാണ് വാനാക്രൈയിലും ഉപയോഗിച്ചതെന്ന് കണ്ടെത്തിയെന്നായിരുന്നു ആരോപണം.
എന്നാല്‍ ആരോപണം നിഷേധിച്ച ഉത്തര കൊറിയ-യൂറോപ്പ് അസോസിയേഷന്‍ വക്താവ് ബ്രിട്ടന്റേത് അടിസ്ഥാന രഹിതമായ ഊഹാപോഹമാണെന്ന് മുന്നറിയിപ്പ് നല്‍കി. ബ്രിട്ടന്റെ ആരോപണം തങ്ങളുടെ ക്ഷമയുടെ എല്ലാ അതിരുകളും ലംഘിക്കുന്നതാണെന്നും ആരോപണത്തിന് പിന്നിലെ യഥാര്‍ഥ ഉദ്ദേശ്യം തങ്ങള്‍ക്ക് മുന്നില്‍ ചോദ്യങ്ങളുയര്‍ത്തുന്നുണ്ടെന്നും വാര്‍ത്താ ഏജന്‍സി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നുണ്ട്.

 

Latest