നാഷണല്‍ ടാലന്റ് സെര്‍ച്ച് സ്‌കോളര്‍ഷിപ്പ്: ഒബിസി സംവരണത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി

Posted on: October 31, 2017 6:13 pm | Last updated: November 1, 2017 at 10:45 am

ന്യൂഡല്‍ഹി: എന്‍സിഇആര്‍ടി നടത്തുന്ന നാഷണല്‍ ടാലന്റ് സെര്‍ച്ച് സ്‌കോളര്‍ഷിപ്പിന് ഒബിസി സംവരണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. കേന്ദ്ര മനുഷ്യ വിഭവ ശേഷി മന്ത്രി പ്രകാശ് ജാവദേക്കറാണ് ഇക്കാര്യം അറിയിച്ചത്. നിലവില്‍ പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമാണ് സംവരണമുള്ളളത്. ദേശീയ തലത്തില്‍ (സ്‌റ്റേജ് രണ്ട്) പരീക്ഷ എഴുതുന്ന ഒബിസി വിദ്യാര്‍ഥികള്‍ക്കാണ് സംവരണ ആനുകൂല്യം ലഭിക്കുക. 2019 മുതല്‍ സംവരണം നിലവില്‍ വരും.

എന്‍സിഇആര്‍ടി നടത്തുന്ന നാഷണല്‍ ടാലന്റ് സെര്‍ച്ച് പരിക്ഷ പാസ്സാക്കുന്നവര്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. പത്താം ക്ലാസ് വിദ്യാര്‍ഥികളായ ആയിരം പേര്‍ക്കാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുക. ഇവര്‍ക്ക് പ്ലസ് വണ്‍ , പ്ലസ് ടു ക്ലാസുകളില്‍ പഠിക്കാന്‍ പ്രതിമാസം 1250 രൂപയും ഡിഗ്രി, പിജി കോഴ്‌സുകള്‍ക്ക് 2000 രൂപയുമാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുക.

സ്റ്റേജ് 1, സ്റ്റേജ് 2 എന്നിങ്ങനെ രണ്ട് ഘട്ടമായാണ് പരീക്ഷ നടത്തുന്നത്. സ്റ്റേജ് 1 ന്റെ് നടത്തിപ്പ് ചുമതല അതത് സംസ്ഥാനത്തിനും സ്റ്റേജ് 2 ന്റെ നടത്തിപ്പ് NCERT ക്കുമാണ്. സംസ്ഥാനത്ത് പത്താം ക്ലാസില്‍ പഠിക്കുന്ന ആര്ക്കും സ്റ്റേജ് 1ന് അപേക്ഷിക്കാന്‍ അര്ഹതയുണ്ട്. സ്റ്റേജ് 1 വിജയിച്ചവര്ക്കാണ് സ്റ്റേജ് 2 വിന് അപേക്ഷിക്കുവാന്‍ കഴിയുക.

നിലവിലെ ഘടന അനുസരിച്ച് 15 ശതമാനം സ്‌കോളര്‍ഷിപ്പുകള്‍ എസ് ഇ വിഭാഗത്തിനാണ് സംവരണം ചെയ്തിരിക്കുന്നത്. 7.5 ശതമാനം സ്‌കോളര്‍ഷിപ്പുകള്‍ എസ് ടി വിഭാഗത്തിനും മൂന്ന് ശതമാനം സ്‌കോളര്‍ഷിപ്പുകള്‍ ഭിന്നശേഷിക്കാര്‍ക്കും സംവരണം ചെയ്തിരിക്കുന്നു. ഒബിസി വിഭാഗത്തിന് എത്ര ശതമാനം സംവരണമാണ് ഏര്‍പ്പെടുത്തിയത് എന്നത് വ്യക്തമല്ല.