ജിഎസ്ടിയില്‍ മാറ്റം കൊണ്ടുവരാന്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ധനകാര്യമന്ത്രിമാരോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു

Posted on: October 31, 2017 11:55 am | Last updated: October 31, 2017 at 12:25 pm

ന്യൂഡല്‍ഹി:ചരക്കു സേവന നികുതി(ജിഎസ്ടി)യില്‍ മാറ്റം വരുത്തുന്നതിന് സമ്മര്‍ദ്ദം ചെലുത്താന്‍ സംസ്ഥാന ധനകാര്യ മന്ത്രിമാരോട് കോണ്‍ഗ്രസ് നേതൃയോഗം ആവശ്യപ്പെട്ടു. കോണ്‍ഗ്‌സ് ഭരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ ധനകാര്യ മന്ത്രിമാരോടാണ് ഇത് സംബന്ധിച്ച് കേന്ദ്ര നേതൃത്വം നിര്‍ദ്ദേശം നല്‍കിയത്. നവംബര്‍ പത്തിന് ഗുവാഹത്തിയില്‍ നടക്കുന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗത്തിലാണ് മന്ത്രിമാരോട് തങ്ങളുടെ ഔദ്യോഗിക നിലപാട് വ്യക്തമാക്കാന്‍ കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടത്.

തിങ്കളാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് നേതൃയോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്.
ജി.എസ്.ടി കൗണ്‍സിലില്‍ കോണ്‍ഗ്രസ്സിന് ആറു ധനകാര്യമന്ത്രിമാരാണുള്ളത്. പഞ്ചാബ്, കര്‍ണാടക, ഹിമാചല്‍ പ്രദേശ്, മിസോറാം, മേഘാലയ, പുതുച്ചേരി എന്നിവിടങ്ങളില്‍ നിന്നുള്ളവരാണിവര്‍. മറ്റ് പ്രതിപക്ഷ പാര്‍ടികളുടെ സംസ്ഥാന ധനകാര്യമന്ത്രിമാരോടൊപ്പം കോണ്‍ഗ്രസ് എന്തെങ്കിലും ധാരണയിലെത്തിയതിനെക്കുറിച്ച് അറിവില്ല.

നോട്ട് നിരോധനത്തിന്റെ ഒന്നാം വാര്‍ഷികമായ നവംബര്‍ 8ന് കോണ്‍ഗ്രസ് അടക്കുമുള്ള എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും രാജ്യവ്യാപകമായി കരിദിനമാചരിക്കാന്‍ ഒരുങ്ങുകയാണ്.എന്നാല്‍ അന്നേ ദിവസം ബി.ജെ.പി കള്ളപ്പണ വിരുദ്ധ ദിനമായാണ് ആചരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.